2018 നവംബർ 6, ചൊവ്വാഴ്ച

പരീക്ഷണം 100 ഗോട്ടിയും ബലൂണും

ഗോട്ടിയും ബലൂണും

ആവശ്യമുള്ള സാധനങ്ങൾ
ബലൂൺ, ഗോട്ടി

ചെയ്യുന്ന വിധം

ബലൂണിന്റെ വായ് ഭാഗം വിടർത്തി ഒരു ഗോട്ടി ഉള്ളിലേക്കിടുക,.ഇനി ബലൂൺ വീർപ്പിക്കുക. വായ് ഭാഗം അടിയിൽ വരത്തക്കവിധം അമർത്തിപ്പിടിച്ച് ബലൂൺ
ഉയർത്തുക. അപ്പാൾ ഗോട്ടി ബലൂണിന്റെ വായ് ഭാഗത്ത് വന്ന് നിൽക്കുന്നു. ബലൂണിന്റെ കാറ്റ് ഒഴിയുന്നുണ്ടോ? ഇല്ലല്ലോ? ഈ ബലൂണിനെ കൈവെള്ളയിൽ വച്ചു നോക്കൂ.അതവിടെ കുത്തനെ നിൽക്കുന്നില്ലേ??

ശാസ്ത്ര തത്വം
ഇവിടെ ഗോട്ടിയുടെ പുറത്ത് ബലൂണിലെ വായു മർദ്ദം പ്രയോഗിക്കുന്നു. ഗോട്ടി ഇവിടെ ഒരു വാൽവ് പോലെ പ്രവർത്തിച്ച് വായു പുറത്തു പോകുന്നത് തടയുന്നു.

2018 നവംബർ 3, ശനിയാഴ്‌ച

ഉപകരണങ്ങൾ ഉപയോഗങ്ങൾ

🍍പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍‌

🍍അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍

🍍അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍

🍍ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍

🍍ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍

🍍ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍

🍍കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍

🍍കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍

🍍ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍

🍍റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍

🍍ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍

🍍ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍

🍍തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍

🍍സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍

🍍എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🍍ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍

🍍എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി
🍍ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍

🍍ഗാല്‍‌വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍

🍍തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമാ‍യ കോണുകള്‍ അളക്കുവാന്‍

🍍തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍

🍍പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍

🍍പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍

🍍മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍

🍍റെയിന്‍‌ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍

🍍ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🍍ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍‌

🍍ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍

🍍സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍

🍍മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍

🍍സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍

🍍ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍

🍍ഗൈറോസ്കോപ്പ് : വിമാനങ്ങളിലും കപ്പലുകളിലും ദിശ നിര്‍ണയിക്കുവാന്‍

🍍ഹൈഡ്രോഫോണ്‍ : ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാന്‍

🍍സ്റ്റീരിയോസ്കോപ്പ് : രണ്ടു കോണുകളില്‍ വെച്ചു രണ്ടു ക്യാമറകള്‍ എടുക്കുന്ന ചിത്രം കാണുവാന്‍

🍍സക്കാരോമീറ്റര്‍ : ഒരു ലായനിയിലെ പഞ്ചസാരയുടെ അളവറിയുവാന്‍‌

🍍സ്റ്റെതസ്കോപ്പ് : ഹൃദയം, ശ്വാസകോശം എന്നിവയുടെ ചലനങ്ങള്‍ മനസ്സിലാക്കുവാന്‍

🍍റക്കോമീറ്റര്‍ : വിമാനത്തിന്റെ വേഗത അളക്കുവാന്‍

🍍ഫാത്തോമീറ്റര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍

🍍ലാക്ടോമീറ്റര്‍ : പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുവാന്‍

🍍ക്രോണോമീറ്റര്‍ : സമയം കൃത്യമായി അറിയാന്‍ കപ്പലുകളില്‍ ഉപയോഗിക്കുന്നു

ഊർജ്ജ ക്വിസ്


1. നമ്മുടെ ഏറ്റവും വലിയ ഊർജ്ജ സ്രോതസ്സ്. സൂര്യൻ
2. ഇന്ത്യയിൽ താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം.  കൽക്കരി
3. സാധാരണ വൈദ്യുത ബൾബ്(ഇൻകാൻഡസന്റ്) പ്രകാശിക്കുമ്പോൾ സംഭവിക്കുന്ന ഊർജ്ജമാറ്റം. വൈദ്യുതോര്ജ്ജം പ്രകാശോർജ്ജമായും താപോർജ്ജമായും മാറുന്നു.
4. മാലിന്യത്തിൽ നിന്നും ഊർജ്ജം ഉദ്പാദിപ്പിക്കുന്ന സംവിധാനം. ബയോഗ്യാസ് പ്ലാന്റ്
5. താഴെ പറയുന്നവയിൽ ഏതാണ് പാരമ്പര്യേതര ഊർജസ്രോതസ്സ്
ഡീസൽ, കൽക്കരി,
 തിരമാല, വിറക്. (തിരമാല)
6. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം
ഏവിയേഷൻ പെട്രോൾ
7. ഒരു യൂണിറ്റ് വൈദ്യുതി വീടുകളിൽ ഉപയോഗിക്കുമ്പോൾ   kseb ക്ക് ലഭിക്കുന്ന ശരാശരി വില
3.75 രൂപ
8. പാരമ്പര്യേതര ഊർജ്ജ പ്രോത്സാഹനത്തിനു ഇന്ത്യയിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസി . അനെർട്ട് (ANERT )
9. വീടുകളുടെ ഊർജാവശ്യങ്ങൾ നിറവേറ്റാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ബദൽ രീതി.
സോളാർ പവർ പ്ലാന്റ് ( സൗരവൈദ്യുത സംവിധാനം)
10. കേരളത്തിൽ രാമക്കൽമേട്ടിലും (ഇടുക്കി) തമിഴ്നാട് നിരവധി പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ഉത്പാദന സംവിധാനം . വിൻഡ് മിൽ (കാറ്റിൽ നിന്നു വൈദ്യുതി ).
11. ഭൗമോപരിതലത്തിനടിയിൽ നിന്നുള്ള ഊർജ്ജത്തെ വിളിക്കുന്ന പേര്. ഭൗമ താപോർജം.
12. അടുക്കളയിലെ വിറകുപയോഗം കുറയ്ക്കുന്നതിനുള്ള സംവിധാനം . പുകയില്ലാത്ത അടുപ്പ് ,ചൂടാറാപ്പെട്ടി.( ഒരു പെട്ടി പരിചയപ്പെടുത്തു)
13. ഏറ്റവും കുറച്ചു വൈദ്യുതി ഉപയോഗിക്കുന്ന ബൾബുകൾ . LED ബൾബുകൾ
14. തമിഴ്നാട്ടിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അണു വൈദ്യുത നിലയം (atomic energy plant) സ്ഥാപിക്കപ്പെട്ട സ്ഥലം
കൂടംകുളം
15. ഒരു ലിറ്റർ  പെട്രോളിന്റെ ഇപ്പോഴത്തെ വില .  84.73
(84/85 ശരി നൽകാം)
16. ഭൂമിയിലെ നിലവിലുള്ള ഫോസിൽ ഇന്ധനങ്ങളുടെ കലവറ അവസാനിക്കുവാൻ ഇന്നത്തെ ഉപയോഗക്രമം അനുസരിച്ച് എത്ര വർഷം വേണം? 28.
17. ആഗോള താപനത്തിന്റെ പ്രധാന കാരണം. കാർബൺ ഡൈ ഓക്സൈഡ് എന്നോ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമെന്നോ എഴുതാം
18.ലോക ഊർജ്ജസംരക്ഷണ ദിനം. ഡിസംബർ 14.
19. ആറ്റങ്ങളിലെ ഊർജ്ജത്തിന്റെ അപാര സ്രോതസ്സ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ . ആൽബർട്ട് ഐസ്റ്റീൻ
20. പൂർണ്ണ രൂപമെന്ത്- CFL.
Compact fluorescent light.

2018 ജൂൺ 7, വ്യാഴാഴ്‌ച

പരിസ്ഥിതി ദിന ക്വിസ്



1. ഇന്ത്യയിൽ ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച വർഷം ?
1966

2. കേരളത്തിൻറെ സംസ്ഥാന പക്ഷി?
മലമുഴക്കി വേഴാമ്പൽ

3. കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ?
ആലപ്പുഴ

4. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
നെയ്യാർ

5. കേരളത്തിൻറെ സംസ്ഥാന വൃക്ഷം?
തെങ്ങ്

6. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ കാണുന്ന ജില്ല ?
കാസർകോഡ്

7. ചിന്നാർ സംരക്ഷണ മേഖല ഏത് ജില്ലയിലാണ്?
ഇടുക്കി

8.കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം?
ഇരവികുളം

9. കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
ഇന്ദുചൂഡൻ

10. സമാധാനത്തിൻറെ പ്രതീകമായി കാണുന്ന പക്ഷി?
പ്രാവ്

11. വേമ്പനാട് കായലിന് നടുവിലുള്ള പ്രസിദ്ധമായ ദ്വീപ്?
പാതിരാമണൽ

12. കൊല്ലം ജില്ലയിലെ ഏക വന്യജീവി റവന്യു സങ്കേതം?
ശെന്തുരുണി

13. കേരളത്തിലെ ആദ്യ പരിസ്ഥിതി മാസിക?
മൈന

14. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം?
കേരളത്തിലെ സസ്യങ്ങൾ

15. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ?
ഇട്ടി അച്യുതൻ

16. കേരളസർക്കാരിൻറെ വനമിത്ര പുരസ്‌കാരം നിലവിൽ വന്ന വർഷം ?
2005

17. കേരളത്തിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്?
ഇന്ദുചൂഡൻ

18. കാസർകോഡിൻറെ ശാപം എന്ന് വിശേഷിപ്പിക്കുന്ന കീടനാശിനി?
എൻഡോസൾഫാൻ

19. കാടെവിടെ മക്കളേ... മേടെവിടെ മക്കളേ.... ആരുടേതാണ് ഈ വരികൾ?
അയ്യപ്പപണിക്കർ

20. കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്?
ചിങ്ങം 1

2018 ഏപ്രിൽ 2, തിങ്കളാഴ്‌ച

മഞ്ഞ ബസ്സ്‌



     സ്കൂള്‍ വിട്ടു വന്നതേ ഉള്ളൂ ..ബാഗ് മേശപ്പുറത്തെക്കിട്ട് തിടുക്കത്തില്‍ അടുക്കളയിലേക്കു ഓടി വന്നതാണ് അവന്‍ .

അമ്മെ എന്താ ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...? ബാക്കി ബസ്സുകള്‍ക്കെ വേറെ നിറം ആണല്ലോ ?

അതെന്താ നിനക്കിപ്പോള്‍ ഇങ്ങിനെ ഒരു സംശയം ..
സ്കൂള്‍ ബസ്സ് ഇന്നാദ്യായിട്ടാണോ കാണുന്നത് ?


അതേയ് ഇന്ന്


സയന്‍സ് ക്ലബ് ഉണ്ടായിരുന്നു ..അതില്‍ അരുണ്‍ മാഷ്‌ ചോദിച്ച ചോദ്യാണ് ..നാളെ ക്ക് ഉത്തരം പറഞ്ഞാല്‍ സമ്മാനം ഉണ്ടെത്രെ ..

അതൊക്കെ അച്ഛന്‍ വന്നിട്ട് ചോദിക്ക് ...നീ  ഈ ചായ കുടിച്ചെ ...

അതൊന്നും പറഞ്ഞു അമ്മ ഒഴിയണ്ട ..എനിക്കിപ്പോ അറിയണം ..സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം?

അവന്‍ കലിപ്പിലാണ്..എന്തിനാ ഈ സ്കൂള്‍ ബസ്സിനു മഞ്ഞ നിറം .സംശയവുമായി ..പ്രതിവിധി ഒന്നേ ഉള്ളൂ ..

നീയല്ലേ പറയാറുള്ളത് ..നിന്റെ മാമന്‍ എന്തും പറയും മാമനാണെന്ന്...മാമനെ വിളിച്ചു ചോദിക്ക് ..

അവന്‍ അപ്പോളെ ഫോണിനു അടുത്തേക്ക് ഓടി ..മാമനോട്
അര മണിക്കൂറിനകം ഹാജരാകാന്‍ ചട്ടം കെട്ടി . ചായ കുടിച്ചപ്പോലെക്കും മാമന്‍ വന്നു കീഴടങ്ങി .

മാമാ എന്താ ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...? ബാക്കി ബസ്സുകള്‍ക്കെ വേറെ നിറം ആണല്ലോ ?

ചോദ്യം പിന്നെയും വന്നു ഹോണ്‍ മുഴക്കി .

ഓ ഇത്രേ ഉള്ളൂ കാര്യം ..നീ പെട്ടെന്ന് വരണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ ഗുരുതര പ്രശ്നം ആണെന്ന് കരുതി ..

അതെ മാമാ  കൊച്ചാക്കണ്ട ഗുരുതര പ്രശ്നം തന്നെയാ ..മാമന്‍
പറയുന്നുണ്ടോ ഇല്ലയോ

പറയാം ഒരു നീണ്ട കഥയാണ് ശ്രദ്ധിച്ചു കേള്‍ക്കണം .
സംഗതിയുടെ തുടക്കം അമേരിക്കയില്‍ നിന്നാണ് .നമ്മുടെ നാട്ടിലെ പോലല്ല അവിടെ .രാവിലെ നേരെത്തേതന്നെ സ്കൂള്‍ തുടങ്ങും .
മൂടൽമഞ്ഞു കൊണ്ടും ചാറ്റൽ മഴ കാരണവുമൊക്കെ ദൂരക്കാഴ്ച്ചക്ക് നല്ല ബുദ്ധിമുട്ടാകും. ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചതോടെയാണ് സ്കൂള്‍ ബസ്സുകള്‍ മഞ്ഞയടിക്കാന്‍ തുടങ്ങിയത് ..

ഇതാണോ നീണ്ട കഥ ..?

അല്ല ബാക്കി കൂടികേള്‍ക്കു

1939ലാണ്  ഇതെല്ലാം നടക്കുന്നത്.   കൊളംബിയ  യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി  ഒരു സമ്മേളനം വിളിച്ച്‌ ചേര്‍ത്തു.

എന്നിട്ട് ?


 വടക്കേ അമേരിക്കയിലെ സ്കൂൾ ബസുകളുടെ നിറം 'മഞ്ഞ'യാക്കാൻ ഈ യോഗത്തില്‍ തീരുമാനമായി ..അങ്ങിനെ ഫ്രാങ്ക്‌ .ഡബ്ല്യു. സിർ മഞ്ഞ സ്കൂൾ ബസിന്റെ പിതാവ്‌ എന്നറിയപ്പെടാനും തുടങ്ങി

മാമാ ചോദ്യം അതല്ല ..എന്തിനാണ് ഈ മഞ്ഞ നിറം തന്നെ അടിക്കുന്നത് ..വേറെ നിറം അടിച്ചൂടെ ?


അതിലേക്കാണ് ഞാന്‍ വരുന്നത്

  വിബ്ജിയോര്‍ എന്ന് നീ കേട്ടിട്ടില്ലേ ..

മഴവില്ലിലെ നിറങ്ങള്‍  അല്ലെ ?

 അതെ . ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചുവപ്പ്‌ നിറത്തെക്കാൾ 1.24 മടങ്ങ്‌ അധികം കാഴ്‌ച മഞ്ഞ നിറത്തിനുണ്ട്‌. മൂടൽമഞ്ഞ്‌, മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളിൽ മറ്റു നിറങ്ങളേക്കാൾ കൂടുതൽ എടുത്ത്‌ കാണിക്കുക മഞ്ഞ നിറമാണ്. ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂൾ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്‌.

എന്നാൽ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു മാമാ ..നാരങ്ങയുടെ മഞ്ഞപോലെ  ഓറഞ്ച്    കലർന്ന ഒരു നിറം,  നമ്മുടെ
പഴുത്ത മാങ്ങയുടെ മഞ്ഞ പോലെ .
അതെ ..ഈ  മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുമ്പോഴാണ് വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നത്‌.ഈ മഞ്ഞ നിറം കാഴ്ച ക്ക് വേണ്ടി മാത്രമല്ല .
 മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ് എന്നിപ്പോള്‍ മനസ്സിലായല്ലോ ?വടക്കെ അമേരിക്കയിൽ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള  മിക്ക രാജ്യങ്ങളും പിന്തുടരുന്നത്‌.ചുകപ്പിനും ദൂരക്കാഴ്ച കൂടും .അത് കൊണ്ടാണ് സിഗ്നല്‍ ലൈറ്റുകളും , വണ്ടികളുടെ ബ്രേക്ക് ലൈറ്റും ഒക്കെ ചുകപ്പു നിറത്തില്‍ .ചുകന്ന തുണി വീശി തീവണ്ടി നിര്‍ത്തിച്ചു എന്നൊക്കെ വാര്‍ത്ത വായിച്ചിട്ടില്ലേ ?



 അപ്പൊ അപകടങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ആണല്ലേ ഈ മഞ്ഞ നിറം.
നാളെ അരുണ്‍ മാഷോട്  പറയണം ...

സമ്മാനം കിട്ടിയാല്‍ മാമന് ചെലവ് ചെയ്യണം ട്ടോ

അപ്പോളേക്കും ചേച്ചിയുടെ മഞ്ഞ ബസ്‌ റോഡില്‍ വന്നുനിന്നു. മുറ്റത്തേക്ക്‌ പാഞ്ഞ സംശയം അവളുടെ മുന്നില്‍ സഡന്‍  ബ്രേക്കിട്ടു ..


അതേയ്  ചേച്ച്യേ   ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...?

2017 ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

പരീക്ഷണം 94

സൂചകം നിര്‍മ്മിക്കാം

ആവശ്യമുള്ള സാധനങ്ങള്‍

പതിമുഖം  തിളപ്പിച്ച്  വെള്ളം,  ചെറുനാരങ്ങനീര് , അപ്പക്കാര ലായനി ,  ഗ്ളാസ് ടംബ്ളറുകള്‍

ചെയ്യുന്ന വിധം

ഒരു ഗ്ലാസില്‍ പതിമുഖവെള്ളമെടുക്കുക. ഒരു ഗ്ലാസില്‍ ചുണ്ണാമ്പ് വെള്ളവും ഒന്നില്‍ നാരങ്ങനീരും എടുക്കുക . ഈ രണ്ടു ഗ്ലാസ്സിലെക്കും അല്പം പതിമുഖ വെള്ളം ചേര്‍ക്കുക .നാരങ്ങ നീരിലേക്ക് ചേര്‍ക്കുമ്പോള്‍ മഞ്ഞയായി മാറുന്നു.എന്നാല്‍ ചുണ്ണാമ്പ് വെള്ളവുമായി  ചേരുമ്പോള്‍ നിറം മാറുന്നില്ല എന്ന് കാണാം

ശാസ്ത്ര തത്ത്വം:
പതിമുഖം ഒരു  സൂചകമായി പ്രവര്‍ത്തിക്കുകയാണ് ഇവിടെ .  നാരങ്ങനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് .ഇതാണ് നിറം മഞ്ഞയായി മാറാന്‍ കാരണം .

പരീക്ഷണം 93 പ്രകാശത്തെ വളക്കാന്‍ കഴിയുമോ ?


പരീക്ഷണം  93

പ്രകാശത്തെ വളക്കാന്‍ കഴിയുമോ
?


ആവശ്യമുള്ള സാധനങ്ങള്‍


സുതാര്യമായ ഒരു പ്ലാസ്റിക് കുപ്പി ,ലേസര്‍ ടോര്‍ച് ,ആണി

ചെയ്യുന്ന വിധം

കുപ്പിയില്‍ വശത്ത് മധ്യഭാഗത്തായി  ആണി കൊണ്ട് ഒരു ചെറിയ ദ്വാരം ഇടുക .കുപ്പിയില്‍ വെള്ളം നിറക്കുക .ഇനി ലേസര്‍ ടോര്‍ച് എടുത്തു കുപ്പിയില്‍ ദ്വാരം ഇട്ട ഭാഗത്തേക്ക് പ്രകാശ ബീം വരുന്ന വിധം അടിക്കുക .ഇനി കുപ്പിയില്‍ നിന്നും പുറത്തേക്ക് ചാടുന്ന വെള്ളം നിരീക്ഷിക്കൂ .വെള്ളത്തിലൂടെ ലേസര്‍ ടോര്‍ച്ചിന്റെ പ്രകാശം സഞ്ചരിച്ചു വരുന്നില്ലേ ?

ശാസ്ത്ര തത്വം

പൂര്‍ണ ആന്തരിക പ്രതിഫലനം ആണിവിടെ നടക്കുന്നത് .പ്രകാശ ബീം വെള്ളത്തിലൂടെ സഞ്ചരിച്ചു വരാന്‍ ഇതാണ് കാരണം


2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

പരീക്ഷണം 92 സൂര്യന്റെ പ്രതിബിംബം കാണാം

പരീക്ഷണം 92

സൂര്യന്റെ പ്രതിബിംബം കാണാം


ആവശ്യമുള്ള സാധനങ്ങള്‍

ഐസ് ക്രീം ബാള്‍ ,കണ്ണാടി കഷണം ,സെല്ലോ ടാപ്പ് 


ചെയ്യുന്ന വിധം

ഐസ്ബാള്‍ എടുത്ത്  പന്തെടുത്ത് അതിൽ  ഉള്ളില്‍ മണൽ നിറക്കുക. പന്തിൻറെ പകുതി മണൽ നിറച്ചാൽ മതി. അടപ്പ് കൊണ്ട് അടക്കുക. ഇനി 2 - 3 സെ.മീ. വശമുള്ള, സമചതുരാകൃതിയിലുള്ള ഒരു കണ്ണാടികഷണം  പന്തുമായി ചേർത്ത്, ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ചു കഴിഞ്ഞാലും കണ്ണാടിയുടെ കുറച്ചു  ഭാഗം സമചതുരാകൃതിയിൽ ടേപ്പുകൊണ്ട് മറയാതെ ഉണ്ടാകണം.  ഒരു ഗ്ലാസിൻറേയോ മുകളിൽ  സൂര്യ പ്രകാശം ഉള്ള സ്ഥലത്തുവച്ച് തിരിച്ച് ദൂരെയുള്ള ഭിത്തിയിൽ  പ്രകാശം പതിപ്പിക്കുക സൂര്യൻറെ പ്രതിബിംബം കാണാന്‍ കഴിയും

ശാസ്ത്ര തത്വം
ഇവിടെ കണ്ണാടി കഷണം ഒരു പിന്‍ഹോള്‍ ക്യാമാറയായിപ്രവര്‍ത്തിക്കുന്നു .സൂരന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണാടിയുടെ വലിപ്പം പിന്‍ ഹോളിനെക്കാള്‍ കുറവായിരിക്കും .പിന്‍ ഹോള്‍ ഒരു കോണ്‍ വെക്സ് ലെന്‍സ്‌ ആയി പ്രവര്‍ത്തിക്കുന്നു .തന്മൂലമാണ്‌ ചുവരില്‍ സൂര്യന്റെ ചെറുതും തലകീഴായതുമായ പ്രതിബിംബം ലഭിക്കുന്നത്
പരീക്ഷണം 91

രണ്ടു പ്രിസങ്ങള്‍ ചേര്‍ത്ത് വച്ചാല്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരേ വലിപ്പത്തിലുള്ള രണ്ടു ഗ്ലാസ് പ്രിസങ്ങള്‍, ടോര്‍ച് ,കറുത്ത കട്ടിക്കടലാസ്

ചെയ്യുന്ന വിധം

കറുത്ത കടലാസിന്റെ നടുവിലായി ഒരു ചെറിയ സുഷിരം ഇടുക .പ്രിസം മേശപ്പുറത്തു വക്കുക .കടലാസിലെ സുഷിരത്തിനു മുന്‍വശം ടോര്‍ച്ച് പ്രകാശിപ്പിക്കുക .ഇപ്പോള്‍ കിട്ടുന്ന പ്രകാശ ബീം പ്രിസത്തിന്റെ ചരിഞ്ഞ ഒരു മുഖത്ത് പതിപ്പിക്കുക .മറു വശത്ത് ഒരു വെളുത്ത പേപ്പര്‍ പിടിക്കുക .ഏഴു നിറങ്ങള്‍ കാണുന്നില്ലേ ? ഇനി രണ്ടാമത്തെ പ്രിസം ആദ്യപ്രിസത്തിന്റെ വശത്ത് ചേര്‍ത്ത് വക്കുക ഇനി ടോര്‍ച് പ്രകാശിപ്പിക്കുക .അപ്പുറത്ത് പേപ്പര്‍ പിടിക്കൂ .കിട്ടുന്നത് വെളുത്ത പ്രകാശം ആയിരിക്കും

ശാസ്ത്ര തത്വം

പ്രിസത്തിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ പ്രകീര്‍ണനം സംഭവിക്കുന്നത് കാരണം അത് ഏഴു നിറങ്ങള്‍ ആയി പിരിയുന്നു .മറ്റൊരു പ്രിസം കൂടി ഉപയോഗിക്കുമ്പോള്‍ വിവിധ വര്‍ണ്ണരശ്മികള്‍ക്ക് വീണ്ടും അപവര്‍ത്തനം നടക്കുതിനാല്‍ വീണ്ടും അവ ഒന്നായി ചേരുന്നത് കൊണ്ടാണ് വെളുത്ത പ്രകാശം ലഭിക്കുന്നത്

2017 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പരീക്ഷണം 90

കമ്പനം കാണാം
ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് ടംബ്ലര്‍,ബലൂണ്‍ ,സെല്ലോ ടാപ്പ് ,തെര്‍മോക്കോള്‍ ഉണ്ടകള്‍ , ടേപ്പ് റെക്കോഡര്‍

ചെയ്യുന്ന വിധം

ആദ്യം പ്ലാസ്റിക് ടംബ്ലറിന്റെ ഉള്ളില്‍ കുറച്ചു ചെറിയ തെര്‍മോക്കോള്‍ ഉണ്ടകള്‍ ഇടുക .വേണമെങ്കില്‍ നിറം കൊടുത്തോളൂ .ഇനി പാത്രത്തിന്റെ വായ്‌ ഭാഗത്ത് ബലൂണ്‍ ഡയഫ്രം പോലെ വലിച്ചു കെട്ടുക .ഇനി ടേപ്പ് റെക്കോഡര്‍ ഓണ്‍ ആക്കി പാട്ട് വച്ചോളൂ .സ്പീക്കര്‍ ഭാഗം മുകളില്‍ വരുന്ന വിധം ടേപ്പ് റെക്കോഡര്‍ വയ്ക്കൂ .സ്പീക്കറിന്റെ മുകളില്‍ ബലൂണ്‍ കെട്ടിയ ഭാഗം വരുന്ന വിധം പ്ലാസ്റിക് പാത്രം വച്ചു നോക്കൂ .പാത്രത്തിന്റെ ഉള്ളില്‍ തെര്‍മോക്കോള്‍ ഉണ്ടകള്‍ പാട്ടിനൊത്ത് ചാടിക്കളിക്കുന്നതായി കാണാം .

ശാസ്ത്ര തത്വം

കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് .സ്പീക്കറില്‍ ഉണ്ടാകുന്ന കമ്പനം ബലൂണ്‍ പാളിയിലെക്കും തെര്‍മോക്കോള്‍ ഉണ്ടകളിലെക്കും പ്രേഷണം ചെയ്യപ്പെടുന്നത് കൊണ്ടാണ് തെര്‍മോക്കോള്‍ ഉണ്ടകള്‍ പാട്ടിനൊത്ത് ചാടിക്കളിക്കുന്നതായികാണുന്നത് 

2017 ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

പരീക്ഷണം 88 ,89 ഫോണ്‍ ഉണ്ടാക്കാം

 പരീക്ഷണം 88
ഒരു കളി ഫോണ്‍ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

രണ്ടു പേപ്പര്‍ കപ്പുകള്‍ ,നൂല്‍

ചെയ്യുന്ന വിധം

രണ്ടു കപ്പുകളുടെയും അടിഭാഗത്ത് സൂചി കൊണ്ട് ദ്വാരം ഇട്ടു നൂല്‍ കടത്തി ഉള്ളില്‍ ചെറുതായി കെട്ടിയിടുക .ഇനി ഒരു കപ്പു നിങ്ങളുടെ കയ്യിലും മറ്റേ കപ്പ് കൂട്ടുകാരന്റെ കയ്യിലും എടുക്കുക .കൂട്ടുകാരനോട് അല്പം അകലെ മാറി കപ്പിനോട് വായ്‌ ചേര്‍ത്ത് സംസാരിക്കാന്‍ പറയുക .നൂല്‍ നന്നായി വലിച്ചു പിടിച്ച ശേഷം നിങ്ങളുടെ കയ്യിലുള്ള കപ്പു ചെവിയില്‍ വച്ചു നോക്കൂ .കൂടുകാരന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാനാകും

ശാസ്ത്ര തത്വം

ശബ്ദം ഇവിടെ നൂലിലൂടെ സഞ്ചരിക്കുന്നു .അത് കൊണ്ടാണ് നമുക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നത് .ശബ്ദം സഞ്ചരിക്കുന്നത് കമ്പനം മൂലമാണ്




 പരീക്ഷണം 89

ഒരു സ്പീക്കര്‍ ഫോണ്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍


ചെറിയ സ്പീക്കര്‍ രണ്ടെണ്ണം
കണക്ട് ചെയ്യാനുള്ള വയര്‍

ചെയ്യുന്ന വിധം

സ്പീക്കറുകളെ പരസ്പരം വയര്‍ ഉപയോഗിച്ച്  കണക്ട് ചെയ്യണം. ഇനി  കൂട്ടുകാരനോട് ഒരു സ്പീക്കര്‍  ചെവിയോട് ചേര്‍ത്ത് പിടിക്കാന്‍ പറയു . അല്പം അകലേക്ക് മാറി നിന്ന് അടുത്ത സ്പീക്കര്‍ എടുത്ത് നിങ്ങളുടെ വായോട് ചേര്‍ത്ത് പിടിച്ച് സംസാരിച്ചു നോക്കൂ.  പറയുന്നതെല്ലാം നിങ്ങളുടെ ചങ്ങാതിക്ക് സ്പീക്കറിലൂടെ കേള്‍ക്കാന്‍ കഴിയും. കൂട്ടുകാരന്  തിരിച്ചും ഇതേ പോലെ തന്നെ സംസാരിക്കാം.

ശാസ്ത്ര തത്വം
 വൈദ്യുതകാന്തിക പ്രേരണം ആണ് ഇവിടെത്തെ ശാസ്ത്ര തതം .കാന്തികമണ്ഡലത്തിലിരിക്കുന്ന കോയിലിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോള്‍  അത് ചലിക്കാന്‍ തുടങ്ങുന്നു. ഈ ചലനത്തെ ഒരു ഡയഫ്രത്തിലേക്ക് മാറ്റിയാല്‍ ശബ്ദം കേള്‍ക്കാം. ഇതാണ് ഒരു സ്പീക്കരിന്റെ പ്രവര്‍ത്തനം . ഇതേ സ്പീക്കറിന്റെ ഡയഫ്രം ചലിപ്പിക്കുകയാണ് നമ്മള്‍ ചെയ്തത് .അപ്പോള്‍  നേരേ വിപരീതദിശയില്‍ കോയിലില്‍ അല്പം വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നു .ഈ വൈദ്യുതി സ്പീക്കറുമായി ഘടിപ്പിച്ചിരിക്കുന്ന വയറിലൂടെ അടുത്ത സ്പീക്കറിലേക്ക് എത്തിച്ചേരും. അവിടെ വച്ച് ഈ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് കോയിലും തുടര്‍ന്ന് ഡയഫ്രവും ചലിക്കാന്‍ തുടങ്ങും. ഡയഫ്രത്തിന്റെ ചലനം ശബ്ദമായി നിങ്ങളുടെ കാതില്‍ എത്തിച്ചേരുകയും ചെയ്യും.


പരീക്ഷണം 87 വെള്ളം കുടിക്കുന്ന കുപ്പി

പരീക്ഷണം 87

വെള്ളം കുടിക്കുന്ന കുപ്പി


ആവശ്യമുള്ള സാധനങ്ങള്‍

മെഴുകു തിരി , തീപ്പെട്ടി ,പ്ലേറ്റ് ,വെള്ളം, ഗ്ലാസ് കുപ്പി


ചെയ്യുന്ന വിധം

പ്ലേറ്റില്‍ നടുവിലായി ഒരു മെഴുകു തിരി കത്തിച്ചു വെക്കുക .പ്ലേറ്റില്‍ അടിഭാഗം പരക്കുന്ന വിധം വെള്ളം ഒഴിക്കുക .  മെഴുകു തിരി ഗ്ലാസ് കുപ്പിയുടെ ഉള്ളില്‍ വരത്തക്ക വിധം  ഗ്ലാസ് കുപ്പി മെഴുകു തിരിയുടെ മുകളില്‍ കമിഴ്ത്തി വക്കുക . മെഴുകു തിരിജ്വാല  ക്രമേണ കെടുന്നതായി കാണാം .അപ്പോള്‍ പ്ലേറ്റിലെ വെള്ളം കുപ്പിക്ക്‌ ഉള്ളിലേക്ക് കയറുന്നതായി കാണുന്നില്ലേ ?

ശാസ്ത്ര തത്വം

മെഴുകു തിരി കത്താന്‍ വായു ആവശ്യമാണ്‌ .അപ്പോള്‍ കുപ്പിക്ക്‌ ഉള്ളിലെ വായുവിന്റെ അളവ് കുറയുന്നു .മര്‍ദ്ദവും കുറയുന്നു .ഇവിടേയ്ക്ക് അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം വെള്ളം കുപ്പിക്കു ഉള്ളിലേക്ക് കയറുന്നു .

പരീക്ഷണം 86 വരൂ മഴവില്ല് ഉണ്ടാക്കാം

പരീക്ഷണം 86

വരൂ  സി ഡി കൊണ്ട് മഴവില്ല് ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കണ്ണാടി , ടോര്‍ച്ച് ,പഴയ സി ഡി ,


ചെയ്യുന്ന വിധം

മുറിക്കകം ജനാലകള്‍ അടച്ച് ഇരുട്ടാക്കുക .സൂര്യപ്രകാശത്തെ സിഡിയുപയോഗിച്ച് പ്രതിഫലിപ്പിച്ച് ക്ലാസ് മുറിയിലെ ചുമരില്‍ വീഴ്ത്തുക.ചുവരില്‍ മഴവില്ല് കാണുന്നില്ലേ ? ടോര്‍ച് ഉപയോഗിച്ചും പരീക്ഷണം ചെയ്യാവുന്നതാണ്


ശാസ്ത്ര തത്വം

 ഡിഫ്രാക്ഷന്‍ (വിഭംഗനം) എന്ന  പ്രതിഭാസമാണ് ഈ നിറങ്ങളെ വേര്‍പിരിയിച്ചത്.  അല്പം ചരിച്ചു പിടിച്ച സിഡിയിലേക്ക് നേരിട്ട് നോക്കിയാലും അവിടെ നിറങ്ങള്‍ മാറിമറയുന്നത് കാണാന്‍ കഴിയും. ഇന്റര്‍ഫറന്‍സ് (വ്യതികരണം) എന്ന പ്രതിഭാസമാണ് ഇവിടെ നിറങ്ങള്‍ക്ക്  കാരണമാകുന്നത്.
.

പരീക്ഷണം 85 കാണാതാകുന്ന ഗ്ലാസ്


പരീക്ഷണം 85

കാണാതാകുന്ന ഗ്ലാസ്

ആവശ്യമുള്ള സാധനങ്ങള്‍


ഒരു വലിയ ഗ്ലാസ്‌ സണ്‍ഫ്ലവര്‍ എണ്ണ, വലിയ ഗ്ലാസിനു ഉള്ളില്‍ വക്കാവുന്ന ചെറിയ ഗ്ലാസ്

ചെയ്യുന്ന വിധം


വലിയ ഗ്ലാസിനുള്ളില്‍ ചെറിയ ഗ്ലാസ് വക്കുക .ചെറിയ ഗ്ലാസ്സിലേക്ക്‌ സണ്‍ഫ്ലവര്‍ എണ്ണ പതുക്കെ ഒഴിക്കുക .ചെറിയ ഗ്ലാസ്സില്‍ നിറഞ്ഞു വലിയ ഗ്ലാസ് വക്ക് വരെ നിറയുന്നിടത്തോളം എണ്ണ ഒഴിക്കുക .ഇപ്പോള്‍ നോക്കൂ ചെറിയ ഗ്ലാസ് കാണാന്‍ കഴിയുന്നില്ലല്ലോ

ശാസ്ത്ര തത്വം

ഇവിടെ പ്രകാശിക സാന്ദ്രത എന്ന പ്രത്യേകതയാണ് ചെറിയ ഗ്ലാസ് കാണാതാക്കുന്നത്.എണ്ണയുടെയും ഗ്ലാസ്സിന്റെയും  പ്രകാശിക സാന്ദ്രത തുല്യമായത് കൊണ്ടാണ് ചെറിയ ഗ്ലാസ്സിനെ കാണാന്‍ കഴിയാത്തത്

2017 ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പരീക്ഷണം 82,83,84 പ്രകാശത്തിന്റെ അപവര്‍ത്തനം

പരീക്ഷണം 82

പ്രകാശത്തിന്റെ അപവര്‍ത്തനം


അപ്രത്യക്ഷമാകുന്ന നാണയം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു സുതാര്യമായ ഗ്ലാസ്, നാണയം, വെള്ളം

ചെയ്യുന്ന വിധം

ഒരു നാണയം മേശപ്പുറത്ത് വക്കുക .ഇതിനു മുകളിലായി ഗ്ലാസ് വക്കുക .ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക്‌ നാണയം കാണാന്‍ കഴിയും .ഇനി ഗ്ലാസ്സില്‍ വെള്ളം നിറക്കുക .മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക്‌ നാണയത്തെ കാണാന്‍ കഴിയുന്നില്ല എന്ന് കാണാം .

ശാസ്ത്ര തത്വം

പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന സ്വഭാവമാണ് ഇതിനു കാരണം .നാണയത്തില്‍ തട്ടി പ്രതിപതിക്കുന്ന  പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ നാണയത്തെ കാണുന്നത് .എന്നാല്‍ ഗ്ലാസ് വെള്ളം ,വായു എന്നീ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രാകാശ പാതയ്ക്ക് വ്യതിയാനം വരുന്നത് കൊണ്ട് നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുന്നില്ല .



പരീക്ഷണം 83

പ്രത്യക്ഷമാകുന്ന നാണയം

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ചെറിയ ബൌള്‍ പാത്രം ,നാണയം ,വെള്ളം


ചെയ്യുന്ന വിധം


ബൌളില്‍ ഒരു നാണയം നിക്ഷേപിക്കുക .ഇനി ബൌളില്‍ നിന്നും പിറകിലേക്ക് നടക്കുക .നാണയം കാണാതാകുന്ന സമയം നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കുക .ഇനി കൂട്ടുകാരനോട് ബൌളില്‍ വെള്ളം നിറക്കാന്‍ പറയൂ .ബൌളില്‍ നാണയം പ്രത്യക്ഷപ്പെടുന്നതായി കാണാം .


ശാസ്ത്ര തത്വം

പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന സ്വഭാവമാണ് ഇതിനു കാരണം .നാണയത്തില്‍ തട്ടി പ്രതിപതിക്കുന്ന  പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ നാണയത്തെ കാണുന്നത് . പിറകിലേക്ക് നീങ്ങുമ്പോള്‍ നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുന്നില്ല .അപ്പോള്‍ നാണയം കാണാതാകുന്നു .വെള്ളം നിറക്കുമ്പോള്‍  വെള്ളം ,വായു എന്നീ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രാകാശ പാതയ്ക്ക് വ്യതിയാനം വരുന്നത് കൊണ്ട്നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തും .അതാണ്‌ നമുക്ക് നാണയം വെള്ളത്തില്‍ ഉയര്‍ന്നു വന്ന പോലെ കാണുന്നത് .

പരീക്ഷണം 83

തല മാറുന്ന അമ്പടയാളം


ആവശ്യമുള്ള സാധനങ്ങള്‍

ഒരു സുതാര്യമായ ഗ്ലാസ്, പശ , പേപ്പര്‍ ,സ്കെച്ച് പെന്‍ ,വെള്ളം

ചെയ്യുന്ന വിധം


ഒരു ഗ്ലാസ് മേശപ്പുറത്ത് വക്കുക .പേപ്പറില്‍ ഒരു ചെറിയ അമ്പടയാളം വരച്ചു എടുക്കുക .വരച്ച ഭാഗത്ത് പശ തേച്ചു ഗ്ലാസിന്റെ പിന്‍ വശത്ത് ഒട്ടിച്ചു വക്കുക .ഇപ്പോള്‍ മുന്നില്‍ നിന്നും നോക്കുമ്പോള്‍ അമ്പടയാളം കാണാന്‍ കഴിയും .ഇനി സാവധാനം ഗ്ലാസ്സില്‍ വെള്ളം ഒഴിക്കുക .വെള്ളം അമ്പടയാളം ഉള്ളതിന് മുകളില്‍ എത്തുമ്പോള്‍ മുന്നില്‍ ഉള്ള ആള്‍ക്ക് അമ്പടയാളം തിരിഞ്ഞു തലമാറി കാണുന്നു .

ശാസ്ത്ര തത്വം
ഇവിടെ ഗ്ലാസ്സിലെ വെള്ളം വെള്ളം ഒരു കോണ്‍ വെക്സ് ലെന്‍സ്‌ ആയി പ്രവര്‍ത്തിക്കുന്നു .ലെന്‍സിനു മുമ്പിലുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം ആണ് നമുക്ക് കാണാന്‍ കഴിയുന്നത് .വായു ,വെള്ളം എന്നീ മാധ്യമങ്ങളില്‍ കൂടി പോകുമ്പോള്‍ പ്രകാശത്തിനു അപവര്‍ത്തനം സംഭവികുകയാണ് ഇവിടെ .

2017 ജൂലൈ 31, തിങ്കളാഴ്‌ച

പരീക്ഷണം 81 ആര്‍ക്കമെഡിസ് തത്വം തെളിയിക്കാം

പരീക്ഷണം 81

ആര്‍ക്കമെഡിസ് തത്വം തെളിയിക്കാം



ആവശ്യമുള്ള സാധനങ്ങള്‍

ഒരു കിലോ തൂക്കക്കട്ടി ,ഒരു വലിയ പാത്രം , ഒരു ലിറ്ററിന്റെ അളവ് പാത്രം ,ട്രേ, വെയിംഗ് മെഷിന്‍

ചെയ്യുന്ന വിധം

വലിയ പാത്രം ട്രെയില്‍ വക്കുക .വലിയപാത്രത്തില്‍ നിറയെ വെള്ളം എടുക്കുക .പൂര്‍ണമായും നിറഞ്ഞിരിക്കണം . വെയിംഗ് മെഷിനില്‍ വച്ച് ലിറ്റര്‍ പാത്രത്തിന്റെ തൂക്കം അളന്നു രേഖപ്പെടുത്തുക .ഇനി തൂക്കക്കട്ടി ശ്രദ്ധാപൂര്‍വ്വം വലിയപാത്രത്തിലെ വെള്ളത്തിലേക്ക്‌ ഇടുക .പാത്രത്തില്‍ നിന്നും കുറെ വെള്ളം ഒഴുകി ട്രേയില്‍ ശേഖരിക്കപ്പെടുന്നത്‌ കാണുന്നില്ലേ ?
ഈ വെള്ളം ലിറ്റര്‍ പാത്രത്തിലേക്ക് മാറ്റുക .ലിറ്റര്‍ പാത്രം നിറയെ വെള്ളം കിട്ടിയില്ലേ ?ഇനി ലിറ്റര്‍ പാത്രത്തിലേ വെള്ളത്തിന്റെ  ഭാരം വെയിംഗ് മെഷിന്‍ ഉപയോഗിച്ചു അളക്കൂ . ആകെ കിട്ടിയ ഭാരതത്തില്‍ നിന്നും നേരെത്തെ പാത്രത്തിന്റെ മാത്രം ഭാരം കിട്ടിയത് കുറയ്ക്കൂ ..ഒരു കിലോ അല്ലെ ഭാരമായി കിട്ടിയത് ? ഇനി ഉറക്കെ യുറേക്ക യുറേക്ക എന്ന് പറഞ്ഞോളൂ

ശാസ്ത്ര തത്വം


ഒരു ദ്രാവകത്തില്‍ ഒരു വസ്തു പൂര്‍ണമായും മുങ്ങുമ്പോള്‍ ആ വസ്തുവിന്റെ ഭാരത്തിനു തുല്യമായ അത്രയും ദ്രാവകമായിരിക്കും പുറന്തള്ളപ്പെടുന്നത് .ഇത് ആര്‍ക്കമെഡിസ് തത്വം എന്ന് അറിയപ്പെടുന്നു

പരീക്ഷണം 80 ശ്വസിക്കുന്നത് എങ്ങിനെ?

പരീക്ഷണം 80

ശ്വസിക്കുന്നത് എങ്ങിനെ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് കുപ്പി ,കത്തി ,ബലൂണുകള്‍ , സ്കെച്ച് പെന്‍ കൂട്

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ അടിഭാഗം കത്തി ഉപയോഗിച്ചു മുറിച്ചു കളയുക .ഇവിടെ ഒരു ബലൂണ്‍ മുറിച്ചു വിടര്‍ത്തി  അടച്ചു കെട്ടുക .കുപ്പിയുടെ അടപ്പില്‍ ഒരു ദ്വാരം ഉണ്ടാക്കി അതിലൂടെ സ്കെച് പെന്‍ കൂട് കടത്തുക .വായു നിബന്ധമാക്കുവാന്‍ പശയിട്ടു ഉറപ്പിക്കുക .മറ്റൊരു ബലൂണ്‍ വായ്‌ ഭാഗം .സ്കെച്ച് പെന്‍ കൂടിന്റെ അടി ഭാഗത്ത് കെട്ടി ഉറപ്പിക്കുക . ബാല്ലോന്‍ ഉള്‍ഭാഗത്ത്‌ വരുന്ന വിധം കുപ്പിയെ അടപ്പ് ഉപയോഗിച്ചു അടക്കുക .ഇനി അടിയിലെ ബലൂണ്‍ പാളി താഴത്തേക്ക്‌വലിച്ചു നോക്കൂ .കുപ്പിയുടെ ഉള്ളിലെ ബലൂണ്‍ വീര്‍ക്കുന്നതായി കാണാം .ബലൂണ്‍ പാളി പഴയ സ്ഥിതിയില്‍ ആകുമ്പോള്‍ ബലൂണ്‍ ചുരുങ്ങുന്നതായും കാണാം

ശാസ്ത്ര തത്വം

ബലൂണ്‍ പാളിയെ താഴത്തേക്ക്‌ വലിക്കുമ്പോള്‍ കുപ്പിക്കുള്ളിലെ വ്യാപ്തം കൂടും .അപ്പോള്‍ കുപ്പിക്കുള്ളിലെ  മര്‍ദ്ദം കുറയും. അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം പുറമേ നിന്നുള്ള വായു സ്കെച്ച് പെന്‍ കൂടിലൂടെ ബലൂണിനു ഉള്ളിലേക്ക് കടക്കുന്നു .ബലൂണ്‍ പാളി പഴയ സ്ഥിതിയില്‍ ആകുമ്പോള്‍ കുപ്പിക്കുള്ളിലെ വ്യാപ്തം കുറയുന്നു .മര്‍ദ്ദം കൂടുന്നു .തന്മൂലം ബലൂണിലെ വായു പുറത്ത് പോകുന്നത് കൊണ്ട് ബലൂണ്‍ ചുരുങ്ങുന്നു .ഡയഫ്രം എന്ന പാളിയുടെ പ്രവര്‍ത്തനം നിമിത്തം നമ്മുടെ ശ്വാസകോശത്തിലും നടക്കുന്നത് ഇതേ പ്രവര്‍ത്തനം ആണ്

പരീക്ഷണം 79 പഞ്ചസാരയെ ചൂടാക്കിയാല്‍

പരീക്ഷണം 79

പഞ്ചസാരയെ ചൂടാക്കിയാല്‍


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടെസ്റ്റ്‌ ട്യൂബ് ,അല്പം പഞ്ചസാര ,സ്പിരിറ്റ്‌ ലാമ്പ് ,പഞ്ഞി

ചെയ്യുന്ന വിധം

ടെസ്റ്റ്‌ ട്യൂബില്‍ അല്പം പഞ്ചസാര എടുക്കുക .ട്യൂബിന്റെ വായ്‌ ഭാഗം പഞ്ഞി കൊണ്ട് നന്നായി അടക്കുക .സ്പിരിറ്റ്‌ ലാമ്പ് കത്തിച്ച ജ്വാലയില്‍ ടെസ്റ്റ്‌ ട്യൂബ് കാണിക്കുക .എന്ത് സംഭവിക്കുന്നു നിരീക്ഷിക്കൂ .അല്‍പ സമയം കഴിയുമ്പോള്‍ ടെസ്റ്റ്‌ ട്യൂബിന്റെ അടിയില്‍ കറുത്ത ഒരു അവക്ഷിപ്തം കാണുന്നില്ലേ ?പഞ്ഞി എടുത്തു മാറ്റി തൊട്ടു നോക്കൂ ..നനഞ്ഞിരിക്കുന്നതായി കാണാം

ശാസ്ത്ര തത്വം


പഞ്ചാസാരയില്‍ കാര്‍ബണ്‍ ,ഹൈഡ്രജന്‍ ,ഓക്സിജന്‍ എന്നിവ അടങ്ങിയിരിക്കുന്നു .ചൂടാക്കുമ്പോള്‍ ഇത് വേര്‍പിരിയുന്നു .അടിയില്‍ കാണുന്നത് കാര്‍ബണ്‍ ആണ് .ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് വെള്ളം ആയി മാറുന്നു .ഇതാണ് പഞ്ഞി നനയാന്‍ കാരണം

2017 ജൂലൈ 30, ഞായറാഴ്‌ച

പരീക്ഷണം 78 ഡി സി ജനറെട്ടര്‍ ഉണ്ടാക്കാം

പരീക്ഷണം 78

ഡി സി ജനറെട്ടര്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഡി സി മോട്ടോര്‍ ,ചെമ്പു കമ്പി ഒരു എല്‍ ഇ ഡി ,ഒരു കുപ്പിയടപ്പ് ,നൂല്‍ ,പശ
ചെയ്യുന്ന വിധം

ആദ്യം ഒരു ഡി സി മോട്ടോര്‍ എടുക്കുക ..ഇതിലേക്ക് വൈദ്യതി കൊടുക്കുന്ന രണ്ടു കമ്പികള്‍ കണ്ടില്ലേ ?അവയുടെ അഗ്രങ്ങളില്‍ ആയി എല്‍ ഇ ഡി ഘടിപ്പികുക .ഒരു കുപ്പിയടപ്പിനു നടുവില്‍ ഒരു ദ്വാരം ഇട്ടു മോട്ടോറിന്റെ പുറത്തേക്ക് നില്‍ക്കുന്ന ഷാഫ്റ്റ്   അതില്‍ കടത്തി പ്ലാസ്റിക് ഒട്ടികുന്ന തരം പശ ഇട്ടു ഉറപ്പിക്കുക .അടപ്പിന്റെ വക്കില്‍ ഒരു ചെറിയ ദ്വാരം ഇട്ടു അതിലൂടെ നൂല്‍ കെട്ടി എടുക്കുക .ഇനി അടപ്പില്‍ നൂല്‍ ചുറ്റി എടുക്കുക .നൂല്‍ വലിച്ചു അടപ്പിനെ ശക്തമായി കറക്കി നോക്കൂ .എല്‍ ഇ ഡി പ്രകാശിക്കുന്നതായി കാണാം .

ശാസ്ത്ര തത്വം .

ഡി സി മോട്ടോറിനെ ഇവിടെ നമ്മള്‍ ജനറേറ്റര്‍ ആക്കി മാറ്റുകയാണ് ചെയ്തത് . കുപ്പിയടപ്പ് കറങ്ങുമ്പോള്‍ ഷാഫ്റ്റ് തിരിയുന്നു .അപ്പോള്‍ വൈദ്യുത കാന്തിക പ്രേരണം കൊണ്ട് വൈദ്യതി ഉണ്ടാകുന്നു .ഇതാണ് എല്‍ ഇ ഡി പ്രകാശിക്കാന്‍ കാരണം .വൈദ്യുത ഊര്‍ജത്തെ യാത്രിക ഊര്‍ജ മാക്കുന്ന ഉപകരണമാണ് മോട്ടോര്‍ .ഇവിടെ നമ്മള്‍ യാന്ത്രിക ഊര്‍ജത്തെ വൈദ്യുത ഊര്‍ജം ആക്കി മാറ്റുകയാണ് ചെയ്തത്

പരീക്ഷണം 77 ബലൂണും കമ്പിളിയും ആകര്‍ഷിക്കുന്നത് എന്ത് കൊണ്ട് ?

പരീക്ഷണം 77 

ബലൂണും കമ്പിളിയും ആകര്‍ഷിക്കുന്നത് എന്ത് കൊണ്ട് ?


ആവശ്യമുള്ള സാധനങ്ങള്‍

ബലൂണ്‍ ,നൂല്‍ ,കമ്പിളി കഷണം


ചെയ്യുന്ന വിധം

ബലൂണ്‍ വീര്‍പ്പിച്ചു നൂലില്‍ തൂക്കിയിടുക .ബലൂണിനെ കമ്പിളി കഷണം കൊണ്ട് നന്നായി ഉരസുക .ഇനി കമ്പിളി കഷണം കുറച്ചു അകലെ നിന്നും സാവധാനം ബലൂണിനു അടുത്തേക്ക് കൊണ്ട് വരൂ ..ബലൂണ്‍ കമ്പിളിയിലേക്ക് ആകര്‍ഷിക്കുന്നതായി കാണുന്നില്ലേ ?

ശാസ്ത്ര തത്വം


സ്ഥിത വൈദ്യുതി ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് .കമ്പിളിയുമായി ഉരസുമ്പോള്‍ കമ്പിളിക്കു പോസിറ്റിവ് ചാര്‍ജും ബലൂണിനു നെഗറ്റിവ് ചാര്‍ജും ലഭിക്കുന്നു .വിജാതീയ ചാര്‍ജുകള്‍ ആകര്‍ഷിക്കുന്നത് കൊണ്ടാണ് ബലൂണും കമ്പിളിയും തമ്മില്‍ ആകര്‍ഷിക്കുന്നത്