2019, ഒക്‌ടോബർ 26, ശനിയാഴ്‌ച

എയർ പമ്പ്

ഒരു എയർ പമ്പ് നിർമ്മിക്കാം

ആവശ്യമുള്ള സാധങ്ങൾ
പ്ലാസ്റ്റിക്ക് കുപ്പി, ബലൂണുകൾ, ഇൻസുലേഷൻ ടേപ്പ്,

ചെയ്യുന്ന വിധം

പ്ലാസ്റ്റിക് കുപ്പിയുടെ വശത്ത് ഒരു ദ്വാരം ഇടുക, കുപ്പിയുടെ വായ് ഭാഗത്ത്‌ ഒരു ബലൂൺ കഷണം വാവട്ടത്തിന് പാകമാകും വിധം വശം ടേപ്പ് കൊണ്ട് ഒട്ടിക്കുക, ഈ കഷണത്തിന് സ്വതന്ത്രമായി ചലിക്കാൻ കഴിയണം, ഇനി കുപ്പിയുn ട വായ് ഭാഗത്ത് ഒരു ബലൂണിന്റെ വായ് ഭാഗം കടത്തി ഉറപ്പിക്കുക., ഇനി ദ്വാരം പൊത്തിപ്പിടിച്ച് കുപ്പിയെ അമർത്തുക, ബലൂൺ വീർക്കുന്നു, ദ്വാരത്തിലെ വിരൽ മാറ്റുക. വീണ്ടും ദ്വാരം പൊത്തിപ്പിടിച്ച് കുപ്പിയെ അമർത്തുക. ബലൂൺ കൂടുതൽ വീർക്കുന്നു,

നിഗമനം

ഇവിടെ ദ്വാരമിട്ട കുപ്പി ഒരു എയർ പമ്പായി പ്രവർത്തിക്കുന്നു, വായ് ഭാഗത്ത് വച്ച ബലൂൺ കഷണം വാൽ വായി പ്രവർത്തിച്ച് വായു ബലൂണിൽ നിന്നും പോവുന്നത് തടയുന്നു, കുപ്പിയെ അമർത്തുമ്പോൾ കുപ്പിക്കകത്തെ വ്യാപ്തം കുറയുന്നു വായുവിന്റെ മർദ്ദം കൂടുന്നു, വായു ബലൂണിലേക്ക് കടക്കുന്നു, വിരൽ മാറ്റുമ്പോൾ അന്തരീക്ഷമർദ്ദം കാരണം വായു കുപ്പി ക്കുള്ളിലേക്ക് കയറുന്നു

2019, മേയ് 4, ശനിയാഴ്‌ച

ഒരു മൈക്രോസ്കോപ്പ് ഉണ്ടാക്കിയാലോ?


ആവശ്യമുള്ള സാധനങ്ങൾ
ഒരു പ്ളാസ്റ്റിക് വള, സുതാര്യമായ പ്ളാസ്റ്റിക് ഷീറ്റ്, പ്ളാസ്റ്റിക് ഒട്ടുന്ന തരം പശ, വെള്ളം


പ്ളാസ്റ്റിക് വളയുടെ ഒരു വശത്ത് പശ തേക്കുക. എല്ലാ ഭാഗത്തും ആയി എന്ന് ഉറപ്പുവരുത്തണേ..ഇതിന്റെ മുകളിൽ പ്ളാസ്റ്റിക് ഷീറ്റ് വച്ച് ഒട്ടിച്ചെടുക്കുക. ഷീറ്റ് എല്ലാ ഭാഗവും നന്നായി ഒട്ടിയെന്ന് ഉറപ്പാക്കണം. വളയുടെ പുറത്തേക്ക് നിൽക്കുന്ന പ്ളാസ്റ്റിക് ഷീറ്റ് ഭാഗം കത്രിക കൊണ്ട് മുറിച്ച് മാറ്റി ഭംഗിയാക്കുക. ഇനി പ്ളാസ്റ്റിക് ഷീറ്റിൽ അല്പം വെള്ളം നിറക്കുക. മൈക്രോസ്കോപ്പ് തയ്യാറായിക്കഴിഞ്ഞു. ഇനി ചെറിയ ഏതെങ്കിലും വസ്തു വച്ച് അതിന് മുകളിലായി വള പിടിച്ച് അതിലൂടെ നോക്കൂ..വസ്തുവിനെ വലുതായി കാണുന്നില്ലേ..

പ്ളാസ്റ്റിക് ഷീറ്റിൽ വെള്ളം നിറച്ചു കഴിഞ്ഞപ്പോൾ സംവിധാനം ഒരു കോൺവെക്സ് ലെൻസ് ആയി പ്രവർത്തിക്കുന്നു. അതാണ് വസ്തുക്കളെ വലുതായി കാണാൻ കഴിയുന്നത്.

2019, മാർച്ച് 5, ചൊവ്വാഴ്ച

രസഗുളിക





കുട്ടികൾക്ക് ശാസ്ത്ര പരീക്ഷണങ്ങൾ


1.മുടി ചീന്തുന്ന ചീപ്പും ടങ് ക്ളീനറും കൊണ്ടൊരു പരീക്ഷണം


ആവശ്യമുള്ള സാധനങ്ങൾ

മുടി ചീന്തുന്ന ചെറിയ ചീപ്പ്, ഒരു ടോർച്ച്, ടങ് ക്ളീനർ

ചെയ്തു നോക്കൂ..

ചീപ്പ് കൂട്ടുകാരനോട് പല്ലുകൾ അടിയിൽ വരത്തക്ക വിധം മേശപ്പുറത്ത് പിടിക്കാൻ പറയു. രണ്ടാമത്തെ കൂട്ടുകാരനോട് ചീപ്പിനോട് ചേർത്ത് ടോർച്ച് പ്രകാശിപ്പിക്കാൻ പറയൂ. പ്രകാശം കിരണങ്ങളായി വരുന്നത് കാണുന്നില്ലേ.? ഈ ഭാഗത്ത് ടങ് ക്ളീനർ പുറത്തേക്ക് വളച്ചു പിടിക്കൂ. ടങ് ക്ളീനറിൽ പതിക്കുന്ന കിരണങ്ങൾ അതിൽ തട്ടി അകന്നു പോകുന്നത് കാണുന്നില്ലേ? ഇനി ടങ് ക്ളീനർ വളച്ച് ഉള്ളിലേക്ക് കുഴിഞ്ഞ ഭാഗം കിരണങ്ങൾക്ക് നേരെ പിടിക്കൂ..എന്തു കാണുന്നു..? കിരണങ്ങൾ ടങ് ക്ളീനറിൽ തട്ടി പ്രതിഫലിച്ച് എല്ലാം കൂടി ഒരു ബിന്ദുവിൽ കൂട്ടിമുട്ടുന്നത് കാണുന്നില്ലേ?

കൂട്ടുകാർ ഇപ്പോൾ ചെയ്തതാണ് കോൺവെക്സ് ദർപ്പണത്തിന്റേയും കോൺകേവ് ദർപ്പണത്തിന്റെയും പ്രത്യേകത. പുറത്തേക്ക് വളഞ്ഞ ഭാഗം കോൺവെക്സ് ആയും അകത്തേക്ക് വളഞ്ഞ ഭാഗം കോൺകേവ് ആയും പ്രവർത്തിക്കുന്നു. കോൺവെക്സ് ദർപ്പണം കിരണങ്ങളെ പ്രതിപതനത്തിന് ശേഷം അകറ്റുന്നു. കോൺകേവ് ദർപ്പണം അവയെ ഒരു ബിന്ദുവിൽ കൂട്ടിമുട്ടിക്കുന്നു.


2.ചൂടാക്കിയാൽ തെളിയുന്ന എഴുത്ത്

ആവശ്യമുള്ള സാധനങ്ങൾ
അല്പം നാരങ്ങനീര്, ഈർക്കിൽ, കടലാസ്, മെഴുകുതിരി, തീപ്പെട്ടി,

ചെയ്തു നോക്കൂ.


നാരങ്ങനീര് ഒരു കുപ്പിയടപ്പിൽ എടുക്കൂ. ഇതിൽ ഈർക്കിൽ മുക്കി കടലാസിൽ നിങ്ങളുടെ പേരെഴുതൂ. ഇനി ഈ കടലാസിനെ വെയിലത്തിട്ട് ഉണക്കി എടുക്കണം. നോക്കൂ..കടലാസിൽ വല്ലതും തെളിയുന്നുണ്ടോ.? ഉണങ്ങിയപ്പോൾ അക്ഷരങ്ങൾ ഒന്നും കാണുകയില്ല. ഇനി മെഴുകുതിരി കത്തിച്ച് കടലാസിനെ ജ്വാലയക്ക് സമീപം കാണിച്ച് ചൂടാക്കൂ..കടലാസ് കത്താതെ നോക്കണേ..ഇപ്പോൾ നോക്കൂ..അക്ഷരങ്ങൾ തെളിഞ്ഞു വരുന്നില്ലേ? വായിച്ചു നോക്കൂ..നിങ്ങളുടെ പേര് പ്രത്യക്ഷപ്പെട്ടില്ലേ?


3. വെള്ളത്തിലിട്ടാലും കത്തുന്ന തിരി കണ്ടിട്ടുണ്ടോ?

ആവശ്യമുള്ള സാധനങ്ങൾ വിളക്കു കത്തിക്കാൻ ഉപയോഗിക്കുന്ന തുണിത്തിരി, മെഴുകുതിരി, ഒരു ഗ്ളാസ് വെള്ളം, തീപ്പെട്ടി

ഇനി നമുക്ക് ചെയ്തു നോക്കാം

ആദ്യം മെഴുകുതിരി കത്തിക്കുക. തുണിത്തിരിയുടെ എല്ലാ ഭാഗത്തും വരത്തക്കവിധം മെഴുക് ഇറ്റിക്കുക. എല്ലാ ഭാഗത്തും മെഴുക് പുരളാൻ ശ്രദ്ധിക്കണേ..മാന്ത്രിക തിരി തയ്യാറായി. ഇങ്ങനെ ഒരു തിരി തയ്യാറാക്കി വച്ച് കൂട്ടുകാരെ വിളിച്ചോളൂ..ഒരു ചോദ്യമൊക്കെ ചോദിക്കാം..വെള്ളത്തിലിട്ടാൽ തിരി കത്തുമോ? കൂട്ടുകാർ തീർച്ചയായും ഇല്ല എന്നേ പറയൂ..എന്നാൽ നമുക്കവരെ വെല്ലു വിളിക്കാം വെള്ളത്തിലിട്ടാലും നമ്മുടെ തിരി കത്തും.

ഗ്ളാസിൽ വെള്ളം എടുത്തോളൂ.തിരി വെള്ളത്തിൽ ഇട്ടോളൂ..കത്തിച്ചോളൂ.തിരി കത്തുന്നില്ലേ..എന്താണ് കാരണം..മുഴുവന്‍ മെഴുക് പുരണ്ടതിനാൽ തുണി നനയുകയേ ഇല്ല. മെഴുക് ഉള്ള കാരണം തിരി കത്തുകയും ചെയ്യും..

4.പപ്പായ മരം വൈദ്യുതി തരുമോ?

ആവശ്യമുള്ള സാധനങ്ങൾ പപ്പായ മരത്തിന്റെ തടി ചെറിയ നീളത്തിൽ പുട്ടിന്റെ ആകൃതിയിൽ മുറിച്ചെടുത്ത കഷണങ്ങൾ, ചെമ്പ് കമ്പി, സിങ്ക് തകിട്, വയർ കഷണങ്ങൾ, എൽഇഡി

ഇനി നമുക്ക് ചെയ്തു നോക്കാം

പപ്പായമരത്തിന്റെ കഷണങ്ങളെ മേശപ്പുറത്ത് വയ്ക്കുക. സിങ്ക് തകിടും ചെമ്പു കമ്പിയുടെ കഷണവും ഒാരോന്നിലും കുത്തി വയക്കുക. ഒന്നിലെ ചെമ്പ് തകിട് വയർ ഉപയോഗിച്ച് രണ്ടാമത്തേതിന്റെ സിങ് തകിടുമായി യോജിപ്പിക്കൂ. ഇതിലെ ചെമ്പ് കമ്പിയെ അടുത്തതിന്റെ സിങ്ക് തകിടുമായി യോജിപ്പിക്കുക. അങ്ങനെ ചെയ്ത് ആദ്യത്തെ കഷണത്തിൽ ബാക്കി നില്‍ക്കുന്ന സിങ്ക് തകിടിനേയും അവസാനത്തേതിന്റെ ചെമ്പ് തകിടിനേയും എൽഇഡിി യുമായി വയർ ഉപയോഗിച്ച് യോജിപ്പിക്കൂ..എൽഇഡി പ്രകാശിക്കുന്നില്ലേ?


ഇവിടെ പപ്പായ മരത്തിന്റെ കഷണത്തിൽ അടങ്ങിയിരിക്കുന്ന ദ്രാവകം ഒരു ഇലക്ടോലൈറ്റ് ആയി പ്രവർത്തിക്കുന്നു. ചെമ്പ് കമ്പിയും സിങ്ക് തകിടും ഇലക്ടോഡുകളും ആയി പ്രവർത്തിക്കുന്നു. അതായത് നമ്മുടെ സംവിധാനം ചെറിയ ഒരു ബാറ്ററിയായി പ്രവർത്തിച്ച് വൈദ്യുതി നൽകുന്നു.



5.കുപ്പിയുടെ ഉള്ളിലേക്ക് ബലൂൺ വീർപ്പിക്കാമോ?

ആവശ്യമുള്ള സാധനങ്ങൾ. രണ്ടു പ്ളാസ്റ്റിക് കുപ്പികൾ, ഒന്നിന്റെ അടിഭാഗത്ത് ചെറിയ ഒരു ദ്വാരം ഇടണം, ബലൂണ്‍

ബലൂൺ ഒരു കുപ്പിക്കുള്ളിലേക്ക് വീർപ്പിക്കാൻ കഴിയുമോ എന്ന് കൂട്ടുകാരനോട് ചോദിക്കൂ. എന്നിട്ട് ആദ്യത്തെ കുപ്പി കൊടുക്കൂ..കൂട്ടുകാരൻ പരാജയപ്പെടും തീർച്ച. ഇനി അടിവശത്ത് ദ്വാരമിട്ട കുപ്പിയുടെ വായ് ഭാഗത്ത് ബലൂണ്‍ ഉറപ്പിച്ച് ഊതി നോക്കൂ.ബലൂൺ ഉള്ളിലേക്ക് വീർത്തുവരുന്നത് കാണാം. മുഴുവൻ വീർത്തുകഴിഞ്ഞാൽ കുപ്പിയുടെ അടിവശത്തെ ദ്വാരം വിരൽ കൊണ്ട് അടച്ചുപിടിക്കൂ. ബലൂൺ കുപ്പിക്കുള്ളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം.

എന്താണ് കാരണം..? ആദ്യകുപ്പിയുടെ ഉള്ളിൽ വായു ഉണ്ട്. ഇത് മർദ്ദം പ്രയോഗിക്കുന്ന കാരണം ബലൂണിന് ഉള്ളിലേക്ക് വീർക്കാൻ കഴിയുന്നില്ല. എന്നാൽ രണ്ടാമത്തെ കുപ്പിക്ക് അടിവശത്ത് ദ്വാരം ഉള്ളതിനാൽ ബലൂൺ വീർക്കുന്നതിന് അനുസരിച്ച് കുപ്പിയിലെ വായു പുറത്തേക്ക് പോകുന്നു. അതിനാലാണ് ബലൂണിന് കുപ്പിക്ക് ഉള്ളിലേക്ക് വീർക്കാൻ കഴിയുന്നത്.



6.ഊതാതെ വീർക്കുന്ന ബലൂൺ


ആവശ്യമുള്ള സാധനങ്ങൾ, ഒരു ഗ്ളാസ് കുപ്പി, ബലൂൺ, ചുടുവെള്ളം, ഒരു ബക്കറ്റ്

ഇനി നമുക്ക് ഊതാതെ ബലൂൺ വീർപ്പിക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ആദ്യം ഗ്ളാസ് കുപ്പിയുടെ വായ് ഭാഗത്ത് ബലൂണിന്റെ വായ് ഭാഗം വിടർത്തി കടത്തി കെട്ടിവയ്ക്കുക. ഉപകരണം റെഡി. ഇനി ബക്കറ്റിൽ നല്ല ചൂടുള്ള വെള്ളം മുക്കാൽ ഭാഗം വരെ എടുക്കൂ. ബലൂൺ കെട്ടിയ കുപ്പി ചൂടുള്ള വെള്ളത്തിൽ ഇറക്കി വയ്കൂ. ബലൂൺ പതിയെ വീർക്കാൻ തുടങ്ങുന്നില്ലേ? കൂട്ടുകാരെ കാണിച്ചതിന് ശേഷം കുപ്പിയെ പുറത്ത് എടുത്തു വയ്കൂ..ബലൂൺ ചുരുങ്ങിപ്പോകുന്നതായും കാണാം

എന്താണ് കാരണം ? കുപ്പിക്കുള്ളിൽ വായു ഉണ്ടാകുമെന്ന് അറിയാമല്ലോ. ചൂടുള്ള വെള്ളത്തിൽ വയ്ക്കുമ്പോൾ കുപ്പിക്കുള്ളിലെ വായു ചൂടായി വികസിച്ച് മുകളിലേക്ക് ഉയരുന്നു. ഇതാണ് ബലൂണിൽ വന്ന് നിറയുന്നത്. കുപ്പി പുറത്തു വയ്ക്കുമ്പോൾ കുപ്പിക്കുള്ളിലെ വായു തണുക്കുന്നു. അപ്പോൾ ബലൂൺ ചുരുങ്ങുന്നു.

7.കുമിള ഉണ്ടായത് എന്തു കൊണ്ട്

ആവശ്യമുള്ള സാധനങ്ങൾ, ഒരു ഇഞ്ചക്ഷൻ മരുന്നു കുപ്പി, പാഴായ ഗ്ളൂക്കോസ് കുപ്പിയിൽ നിന്നും വേർപെടുത്തിയെടുത്ത പ്ളാസ്റ്റിക് കുഴൽ, ചുടുവെള്ളം, തണുത്ത വെള്ളം, പാത്രങ്ങൾ

ഇനി നമുക്ക് ചെയ്തു നോക്കാം

ഇഞ്ചക്ഷൻ കുപ്പിയുടെ റബ്ബർ അടപ്പിൽ ചെറിയ ഒരു ദ്വാരം ഉണ്ടാക്കുക. ഇതിലൂടെ പ്ളാസ്റ്റിക് കുഴൽ കയറ്റുക. ഒരു പാത്രത്തിൽ ചുടുവെള്ളവും ഒന്നിൽ തണുത്ത വെള്ളവും എടുക്കുക. പൈപ്പിന്റെ സ്വതന്ത്രമായ അറ്റം തണുത്ത വെള്ളമുള്ള പാത്രത്തിൽ മുക്കിയിടുക. കുപ്പിയെ ചുടുവെള്ളം നിറച്ച പാത്രത്തിൽ മുക്കിപ്പിടിക്കൂ.? എന്താണ് കാണാൻ കഴിയുന്നത്? പൈപ്പിലൂടെ കുമിളകൾ വെള്ളത്തിൽ ഉയരുന്നില്ലേ?
എന്താണ് കാരണം എല്ലാലോചിക്കൂ..

കുപ്പി ചുടുവെള്ളത്തിൽ മുക്കുമ്പോൾ കുപ്പിക്ക് ഉള്ളിലെ വായു ചൂടാകുന്നു. ഇത് വികസിച്ച് മുകളിലേക്ക് ഉയരുന്നു. ഈ വായു ആണ് പൈപ്പിലൂടെ കടന്ന് വെള്ളത്തിൽ കുമിളയായി ഉയർന്നത്.

8.ഐസ് ക്യൂബിനെ നൂലിൽ തൂക്കിയെടുക്കാം

ആവശ്യമുള്ള സാധനങ്ങൾ ഐസ് ക്യൂബുകൾ, നൂല് , അല്പം പൊടുയുപ്പ്, സ്റ്റീൽ കിണ്ണം

ഇനി നമുക്ക് ചെയ്തു നോക്കാം.

സ്റ്റീൽ കിണ്ണത്തിൽ ഐസ് ക്യൂബ് പൊട്ടിച്ചിടുക. കഷണങ്ങൾക്കിടയിൽ വരത്തക്കവിധം നൂൽ നീളത്തിൽ ഇടുക. ഇനി നൂലിന് മുകളിലായി വരത്തക്കവിധം കുറച്ച് പൊടുയുപ്പ് ഇടുക. അല്പ സമയം കഴിഞ്ഞ് നൂല് എടുത്തുനോക്കൂ..നൂലിൽ ഐസ് ക്യൂബ് തൂങ്ങി നില്‍ക്കുന്നതായി കാണാം.

എന്താണ് കാരണം. ഉപ്പ് ചേർക്കുമ്പോള്‍ ആ ഭാഗത്തെ വെള്ളം ഐസായി മാറുന്നു. അതാണ് നൂൽ ഐസ് ക്യൂബിന് ഉള്ളിൽ പെടാനുള്ള കാരണം

9.ഗ്ളാസ് മറിയാതെ പേപ്പർ എടുക്കാമോ?

ആവശ്യമുള്ള സാധനങ്ങൾ വലിപ്പമുള്ള ഒരു പേപ്പർ കഷണം, ഗ്ളാസ് ടംബ്ളർ

ആദ്യം പേപ്പർ മേശപ്പുറത്ത് വിരിച്ചിടുക. അതിന് മുകളിലായി ഗ്ളാസ് ടംബ്ളർ വെക്കുക. ഇനി കൂട്ടുകാരനോട് ഗ്ളാസിൽ തൊടാതെ, ഗ്ളാസ് മറിയാതെ പേപ്പർ എടുക്കാമോ എന്ന് ചോദിക്കൂ..
കഴിയുന്നുണ്ടോ?

ഇനി ചെയ്തു കാണിക്കൂ. പേപ്പറിന്റെ ഒരറ്റത്ത് പിടിച്ച് ശ്രദ്ധയോടെ പെട്ടെന്ന് വലിച്ചു നോക്കൂ. പേപ്പർ മാത്രം പോരുകയും ഗ്ളാസ് ടംബ്ളർ അവിടെത്തന്നെ നിൽക്കുകയും ചെയ്യും.
എന്താണ് ഇതിന് കാരണം..?
പെട്ടെന്ന് വലിക്കുമ്പോൾ പേപ്പർ ചലനാവസ്ഥയിലേക്ക് മാറുന്നു. എന്നാൽ ഗ്ളാസ് അപ്പോഴും നിശ്ചലാവസ്ഥയിൽ തുടരാൻ ശ്രമിക്കും. ഈ തത്വമാണ് ജ‍ഡത്വം എന്നറിയപ്പെടുന്നത്.

10.ശ്വസിക്കുന്ന പാത്രം
ആവശ്യമുള്ള സാധനങ്ങൾ. ഒരു പ്ളാസ്റ്റിക് ഡപ്പ, കത്തി, ബലൂണുകൾ, സ്കെച്ച് പെൻ കൂട്, പശ

ആദ്യം ഡപ്പയുടെ അടപ്പിൽ ഒരു ദ്വാരം ഇട്ട് അതിലൂടെ സ്കെച്ച് പെൻകൂട് കയറ്റി പശയിട്ട് ഉറപ്പിക്കുക. അടപ്പിന്റെ കുപ്പിക്കുള്ളിലേക്ക് വരുന്ന ഭാഗത്ത് സ്കെച്ച് പെൻ കൂടിൽ ഒരു ബലൂൺ കെട്ടി ഉറപ്പിക്കുക. സ്കെച്ച് പെൻ കൂടിലൂടെ ഊതിയാൽ ബലൂൺ വീർക്കുന്ന രീതിയിൽ. ഇനി പ്ളാസ്റ്റിക് പാത്രത്തിന്റ് അടിഭാഗം വട്ടത്തിൽ മുറിച്ചുകളയുക. ഒരു ബലൂൺ മുറിച്ചെടുത്ത് ഈ ഭാഗത്ത് ചെണ്ടയുടെ മുകളിലെ തുകൽ പോലെ വലിച്ചു കെട്ടുക..ഇനി അടപ്പ് ബലൂൺ കുപ്പിയുടെ ഉൾഭാഗത്ത് വരുന്നപോലെ മുറുക്കി അടക്കുക. പാത്രത്തെ ഒരു കൈകൊണ്ട് പിടിച്ച് മറ്റേ കൈ ഉപയോഗിച്ച് വലിച്ചു കെട്ടിയ ബലൂണിനെ താഴേക്ക് വലിച്ചു നോക്കൂ. പാത്രത്തിന്റെ ഉള്ളിലെ ബലൂൺ വീര്‍ക്കുന്നതായി കാണുന്നില്ലേ..? ഇനി വലിച്ചുകെട്ടിയ ബലൂണിന്റെ പിടുത്തം വിടൂ..പാത്രത്തിന് ഉള്ളിലെ ബലൂൺ ചുരുങ്ങുന്നതായി കാണാം.
വലിച്ചു കെട്ടിയ ബലൂൺ താഴേക്ക്വവലിയുമ്പോൾ പാത്രത്തിന് ഉള്ളിലെ വ്യാപ്തം കൂടുന്നു. വായു മർദ്ദം കുറയുന്നു. അന്തരീക്ഷ മർദ്ദം കാരണം വായു സ്കെച്ച് പെൻ കൂടിലൂടെ കടന്ന് ഉള്ളിലെ ബലൂണിൽ എത്തുന്നു. വലിച്ചു കെട്ടിയ ബലൂൺ പൂർവ സ്ഥിതിയിൽ ആകുമ്പോൾ പാത്രത്തിന് ഉള്ളിലെ വ്യാപ്തം കുറയുന്നു. മർദ്ദം കൂടുന്നോടെ ഉള്ളിലെ ബലൂണിൽ നിറഞ്ഞ വായു പുറത്തേക്കും പോകുന്നു. ഇതേ പ്രവർത്തനമാണ് നമ്മുടെ ശ്വാസകോശത്തിലും സംഭവിക്കുന്നത്.
11. കുപ്പിയിലെ വെള്ളം കുപ്പി തൊടാതെ പുറത്തെത്തിക്കാമൊ ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഉറപ്പുള്ള പ്ലാസ്റിക് കുപ്പി ,പ്ലാസ്റിക് കുഴല്‍ ,പശ ,വെള്ളം, ബലൂൺ

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ വശത്ത് കഴുത്തിനു സമീപം ഒരു ദ്വാരം ഉണ്ടാക്കി പ്ലാസ്റിക് പൈപ്പ് കുപ്പിക്കുള്ളിലേക്ക് അടിയില്‍ മുട്ടത്തക്ക വിധം ഇറക്കുക .പൈപ്പ് ഇട്ട ദ്വാരം വായു നിബദ്ധമായി പശയിട്ടു ഉറപ്പിക്കുക .പൈപ്പിന്റെ കുറച്ചു ഭാഗം കുപ്പിക്ക്‌ പുറത്തേക്ക് നീണ്ടു കിടക്കുന്ന വിധമാകുക .കുപ്പിയില്‍ അല്പം വെള്ളം നിറയ്ക്കുക.ഇനി കൂട്ടുകാരോട് വെല്ലുവിളിച്ചോളൂ..കുപ്പിയില്‍ തൊടാതെ പൈപ്പില്‍ തൊടാതെ കുപ്പിയിലെ വെള്ളം പുറത്ത് എത്തികണം .എന്ത് ചെയ്യാം ? കൂട്ടുകാർ ശ്രമിച്ച് പരാജയപ്പെട്ടാൽ ഇനി ചെയ്തു കാണിച്ചോളൂ..ബലൂണ്‍ വീർപ്പിച്ച് കാറ്റ് നഷ്ടപ്പെടാതെ അമർത്തിപ്പിടിച്ച് വായ് ഭാഗം കുപ്പിയുടെ വായ് ഭാഗത്ത് ഉറപ്പിക്കൂ. കുഴലിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുന്നതായി കാണാം

എന്താണിതിന് കാരണം

കുപ്പിക്കു മുകളിൽ വീർപ്പിച്ച ബലൂൺ വയ്കുമ്പോൾ ബലൂണിലെ വായു കുപ്പിക്ക് ഉള്ളിലേക്ക് കയറുന്നു. അപ്പോൾ കുപ്പിയിൽ നേരത്തെ ഉണ്ടായിരുന്ന വെള്ളത്തിന് മുകളിൽ മർദം പ്രയോഗിക്കുന്നു. വെള്ളം കുഴലിലൂടെ പുറത്തേക്ക് ഒഴുകാൻ ഇതാണ് കാരണം.

12.ഉയരുന്ന കൈകള്‍ക്ക് പിറകിലെന്ത്

ആവശ്യമുള്ള സാധനങ്ങൾ രണ്ടുലിറ്ററിന്റെ രണ്ട് പ്ളാസ്റ്റിക് കുപ്പികൾ, പ്ളാസ്റ്റിക് കുഴൽ, പശ, ഗ്ളൗസുകൾ

കുപ്പികളുടെ വശത്ത് താഴ്ഭാഗത്തായി ഒാരോ ദ്വാരങ്ങൾ ഇടുക. പ്ളാസ്റ്റിക് പൈപ്പിന്റെ ഒരഗ്രം ഒന്നാമത്തെ കുപ്പിയിലും മറ്റേ അറ്റം രണ്ടാമത്തെ കുപ്പിയിലെ ദ്വാരത്തിലും കയറ്റി പശയിട്ട് ചോർച്ച വരാത്തവിധം ഉറപ്പിക്കുക. രണ്ടു കുപ്പികളിലും വെള്ളം പകുതി വരെ ക്രമാകരിക്കുക. കുപ്പികളുടെ വായ് ഭാഗത്ത് ഗ്ളൗസുകൾ ഉറപ്പിച്ചു കെട്ടുക. ഇനി ഒന്നാമത്തെ കുപ്പിയെ എടുത്ത് അല്പം ഉയർത്തി നോക്കൂ. രണ്ടാമത്തെ കുപ്പിയിലെ ഗ്ളൗസ് വീർക്കുന്നതായി കാണാം. രണ്ടാമത്തെ കുപ്പിയെ ഉയർത്തി നോക്കൂ. ഇതിലെ ഗ്ളൗസ് ചുരുങ്ങുകയും ആദ്യത്തേതിലെ ഗ്ളൗസ് ഉയരുകയും ചെയ്യും.

എന്താണിതിന് കാരണം

ഒന്നാമത്തെ കുപ്പിയെ ഉയാർത്തുമ്പോൾ ഇതിലെ വെള്ളം കുഴലിലൂടെ രണ്ടാമത്തെ കുപ്പിയിൽ എത്തുന്നു. കുപ്പിയിൽ വെള്ളം നിറയുന്നതോടെ കുപ്പിയിൽ ഉണ്ടായിരുന്ന വായു ഗ്ളൗസിലേക്ക് കയറുന്നു. വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണെന്ന് മനസ്സിലായില്ലേ?

13.വെള്ളമൊഴിച്ചാൽ കത്തും വിളക്ക്

ആവശ്യമുള്ള സാധനങ്ങൾ വാവട്ടം കുറഞ്ഞ ഒരു ഗ്ളാസ് കുപ്പി, വെള്ളം, ചെറിയതരി കാൽസ്യം കാർബൈഡ്, ഫിനോൽഫത്തലിൻ, തീപ്പെട്ടി

ഈ പരീക്ഷണം വളരെ ശ്രദ്ധയോടെ ചെയ്യണേ..ആദ്യം കുപ്പിയിൽ വെള്ളം എടുക്കുക. ഇതിലേക്ക് അല്പം ഫിനോഫ്തലിൻ ചേർക്കുക. ഇനി കൂട്ടുകാരോട് വിളക്കുകത്തിക്കാൻ പറയൂ..കൂട്ടുകാർക്ക് വിളക്ക് കത്തിക്കാൻ കഴിയുകയില്ല.

ഇനി നമ്മുടെ ഊഴം
കൂട്ടുകാർ കാണാതെ അല്പം കാൽസ്യം കാർബൈഡ് തരികൾ കുപ്പിയിലെ വെള്ളത്തിലേക്ക് ഇടൂ.ഇനി തീപ്പെട്ടിക്കൊള്ളി കത്തിച്ച് കാണിച്ചോളൂ..വിളക്ക് കത്തുന്നുല്ലേ..അതിനൊപ്പം കുപ്പിയിലെ വെള്ളത്തിന്റെ നിറം പിങ്ക് നിറമാകുന്നതും കാണാം. എന്താണ് വിളക്ക് കത്താനും വെള്ളത്തിന്റെ നിറം മാറ്റത്തിനും കാരണം?

കാൽസ്യം കാർബൈഡും വെള്ളവും ചേരുമ്പോൾ അസറ്റിലിൻ എന്ന വാതകം ഉണ്ടാകുന്നു. അസറ്റിലിൻ തീ പിടിക്കുന്ന വാതകമാണ്. ഈ രാസ പ്രവർത്തനത്തിന്റെ ഭാഗമായി കാൽസ്യം ഹൈഡ്രോക്സൈഡ് ഉണ്ടാകുന്നു. ഇത് ആൽക്കലി സ്വഭാവമുള്ളതാണ്. നേരെത്തെ നാം ചേർത്ത ഫിനോഫ്തലിൻ ഒരു സൂചകമാണ്. അതാണ് കുപ്പിയിലെ വെള്ളം പിങ്ക് നിറം ആയി മാറുന്നത്.

14. ഉപ്പുവെള്ളത്തിൽ കോഴിമുട്ട പൊന്തിക്കിടക്കുമോ താണുപോകുമോ?

ആവശ്യമുള്ള സാധനങ്ങൾ ഒരു കോഴിമുട്ട, ഒരു ഗ്ളാസിൽ ഉപ്പുവെള്ളം, ഒരു ഗ്ളാസിൽ പച്ചവെള്ളം

ആദ്യം ഗ്ളാസുകൾ എടുത്ത് വെള്ളം നിറയ്ക്കുക. . ഒരു ഗ്ളാസിലേക്ക് രണ്ടു സ്പൂൺ പൊടിയുപ്പ് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക..പച്ചവെള്ളം നിറച്ച ഗ്ളാസിലേക്ക് കോഴിമുട്ട ഇട്ടുനോക്കൂ. അത് താണുപോകുന്നു. ഉപ്പ് വെള്ളമുള്ള ഗ്ള്സിൽ കോഴിമുട്ട ഇട്ടു നോക്കൂ. അത് പൊന്തിക്കിടക്കുന്നതായി കാണാം.

കാരണം എന്തെന്നല്ലേ?

വെള്ളത്തിന് സാന്ദ്രതകുറവും ഉപ്പുവെള്ളത്തിന് കൂടുതലുമാണ്. അതാണ് ഉപ്പുവെള്ളത്തിൽ കോഴിമുട്ട പൊന്തിക്കിടക്കുന്നത്.


15.പൊന്തുകയും താഴുകയും ചെയ്യുന്ന കോഴിമുട്ട

ആവശ്യമുള്ള സാധനങ്ങൾ വാവട്ടമുള്ള ഒരു ഗ്ളാസ് കുപ്പി, വിനാഗിരി, കോഴിമുട്ട

ആദ്യം കുപ്പിയിൽ വിനാഗിരി നിറയ്ക്കുക. ഇതിലേക്ക് കോഴിമുട്ട ഇടുക. കോഴിമുട്ടയെ നിരീക്ഷിക്കുക. ഇതിന്റെ ഉപരിതലത്തിൽ കുമിളകൾ ഉണ്ടാവുന്നത് കണ്ടില്ലേ? അല്പ സമയത്തിനകം കോഴിമുട്ട പൊന്തിവരുന്നത് കാണാം. ഉപരിതലത്തിൽ എത്തിയാൽ കോഴിമുട്ടക്ക് എന്തു സംഭവിക്കും. അപ്പോൾ അത് താണുപോകുന്നതായി കാണാം. വീണ്ടും ഇതെല്ലാം ആവർത്തിക്കാം. എന്താണ് കാരണം
കോഴിമുട്ടയുടെ തോട് നിർമിച്ചിരിക്കുന്നത് കാൽസ്യം കാർബണേറ്റ് കൊണ്ടാണ്. വിനാഗിരിയിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും പ്രവർത്തിക്കുമ്പോൾ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. ഇതാണ് കുമിളകൾ ഉണ്ടാകാൻ കാരണം. കുമിളകൾ ഉണ്ടാവുന്നതോടെ കോഴിമുട്ട പൊന്തുന്നു. ഉപരിതലത്തിൽ എത്തുന്നതോടെ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. അതോടെ കോഴിമുട്ട വീണ്ടും താഴുന്നു.


16. കോഴിമുട്ടയെ കുപ്പിയിലാക്കാം

ആവശ്യമുള്ള സാധനങ്ങൾ വാവട്ടം കുറഞ്ഞ ഒരു കുപ്പി, വിനാഗിരി കോഴിമുട്ട.

ആദ്യം ഒരു ടംബ്ളറിൽ വിനാഗിരി എടുക്കണം. ഇതിൽ ഒരു കോഴിമുട്ട ഒരു ദിവസം ഇട്ടു വയ്ക്കുക. അതിന് ശേഷം അതിനെ പരിശോധിച്ചു നോക്കൂ. തോട് ബലം കുറഞ്ഞ അവസ്ഥയിലായിട്ടുണ്ടാകും. ഇതിനെ ശ്രദ്ധാപൂർവം എടുത്ത് വാവട്ടം കുറഞ്ഞ കുപ്പിയുടെ വായ് ഭാഗത്ത് വച്ച് പതുക്കെ ഉള്ളിലേക്ക് ആക്കി നോക്കൂ.കോഴിമുട്ട കുപ്പിക്കുള്ളിലായില്ലേ? ഇനി കുപ്പിയിൽ വെള്ളം നിറയ്ക്കൂ. കുറച്ചു സമയം വച്ചിരുന്നാൽ കോഴിമുട്ടയുടെ തോട് പിന്നെയും ബലം കൈവരിക്കും. ഇപ്പോൾ ശരിക്കും കോഴിമുട്ട കുപ്പിക്കുള്ളിൽ ആയി. ഇനി പുറത്തെടുക്കണമെങ്കിൽ കുടുങ്ങിപ്പോകും കെട്ടോ.


കാരണമെന്താ?
കുറെ നേരം കോഴിമുട്ട വിനാഗിരിയിൽ ഇട്ടു വച്ചാൽ പുറം ഭാഗം അതിലേക്ക് അലിഞ്ഞുചോരും. ഈ കോഴിമുട്ടയെ നമുക്ക് ചെറുതായി അമർത്തി വളയ്ക്കാൻ ഒക്കെ പറ്റും. കോഴിമുട്ടയുടെ തോട് വിനാഗിരിയുമായി പ്രവർത്തിക്കുന്നതു കൊണ്ടാണ് തോടിന് ബലം കുറഞ്ഞത്. വെള്ളം നിറച്ചപ്പോൾ തോടിൽ പിന്നെയും തോടിൽ കാൽസ്യം കാർബണേറ്റ് രൂപപ്പെടുന്നത് കൊണ്ടാണ് തോട് ബലപ്പെട്ടത്





17.അഗ്നി പർവതത്തിന്റെ ഒരു മാതൃക ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ

മണൽ,, സോപ്പ് ലായനി, ചുടുവെള്ളം, ചുകപ്പ് ഫുഡ് കളർ, പ്ളാസ്റ്റിക് കുപ്പി, അപ്പക്കാരം, വിനാഗിരി


ഇനി നമുക്ക് ശ്രമിച്ച് നോക്കിയാലോ?

ആദ്യം പ്ള്സറ്റിക് കുപ്പിയിൽ ചുടുവെള്ളം എടുത്ത് കുറച്ച് വിനാഗിരിയും ചേർക്കുക. ഇതിലേക്ക് അല്പം ചുകപ്പ് ഫുഡ് കളർ തരികൾ ചേർക്കുക. ഇതിലേക്ക് സോപ്പ് വെള്ളവും ചേർക്കുക. ഇനി ഈ കുപ്പിയുടെ ചുറ്റും മണൽ ഉപയോഗിച്ച ഒരു കൂമ്പാരം ഉണ്ടാക്കുക. കുപ്പിയിൽ മണൽ ആകാതെ നോക്കണം. മണൽ കൂമ്പാരം കൊണ്ട് കുപ്പിയെ ഒട്ടും കാണാത്ത രീതിയിലാക്കണം. കുപ്പിയുടെ വായ് ഭാഗം മാത്രം തുറന്നരിക്കണം. ഇനി അഗ്നി പർവതം പ്രവർത്തിപ്പിക്കാം. ഇനി അല്പം അപ്പക്കാരം കുപ്പിക്കുള്ളിലേക്ക് ഇട്ടു നോക്കൂ. നമ്മുടെ അഗ്നി പര്‍വത്തിൽ നിന്നും ചുകന്ന ദ്രാവകം ലാവ പോലെ പുറത്തേക്കൊഴുകാൻ തുടങ്ങിയല്ലോ..

അപ്പക്കാരം ഒരു ആൽക്കലിയും വിനാഗിരി ഒരു ആസിഡും ആണ്. ഇവ രണ്ടും പ്രവർത്തിപ്പിക്കുമ്പോൾ കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. സോപ്പുവെള്ളവുമായി കലർന്ന് ഇത് നുരയും പതയുമായി പുറത്തുവരുന്നു.

18.ചുടുവെള്ളവും തണുത്ത വെള്ളവും കൊണ്ടൊരു പരീക്ഷണം ചെയ്യാം.

ആവശ്യമുള്ള സാധനങ്ങൾ രണ്ടു ഗ്ളാസുകൾ , തണുത്തവെള്ളം ചുടുവെള്ളം, ചുകന്ന ഫുഡ് കളർ തരികൾ, എക്സ്രേ ഷീറ്റ്


ആദ്യം എക്സ്റേ ഷീറ്റ് എടുത്ത് മധ്യഭാഗത്ത് ആണികൊണ്ട് ണ്ടു ചെറിയ സുഷിരം ഇടുക. ഒരു ഗ്ളാസിൽ ചുടുവെള്ളം എടുക്കുക. ഇതിൽ ഫു‍ഡ് കളർ ചേർത്ത് നന്നായി യോജിപ്പിക്കു.

ഒരു ഗ്ളാസിൽ നന്നായി തണുത്ത വെള്ളം നിറയെ എടുക്കുക. ഈ ഗ്ളാസിന്റെ മുകളില്‍ എക്സ്റേ ഷീറ്റിന്റെ തുളയില്ലാത്ത ഭാഗം കൊണ്ട് അടയക്കുക. ഇനി എക്സ്റേ ഷീറ്റ് അമർത്തിപ്പിടിച്ച് ഈ ഗ്ളാസിനെ പതുക്കെ കമിഴ്ത്തി പിടിക്കു. ശ്രദ്ധിച്ചു ചെയ്താൽ ഷീറ്റ് ഗ്ളാസിൽ ഒട്ടിപ്പിടിച്ചു നില്‍ക്കും. വെള്ളം ചോർന്നു പോകില്ല. ഇനി ഈ ഗ്ളാസിനെ നേരെത്തെ തയ്യാറാക്കി വച്ച ചുടുവെള്ളം നിറച്ച ഗ്ള്സിന് മുകളിൽ വയ്ക്കുക. എക്സ്റേ ഷീറ്റിനെ പതുക്കെ വലിച്ച് ദ്വാരങ്ങൾ ഗ്ളാസുകളുടെ മധ്യ ഭാഗത്ത് വരത്തക്ക വിധം ക്രമീകരി്ക്കുക. എന്തു കാണുന്നു? കളർ വെള്ളം ഒരു ദ്വാരത്തിലുടെ മുകളിലേക്ക് ഉയരുന്നത് കാണുന്നില്ലേ? ഒപ്പം അടുത്ത ദ്വാരത്തിലൂടെ തണുത്ത വെള്ളം താഴേക്ക് വരികയും ചെയ്യും.

ദ്രാവകങ്ങളിൽ താപം സഞ്ചരിക്കുന്നത് സംവഹനം എന്ന രീതിയിലൂടെയാണ്. ചൂടു പിടിച്ച കണികകൾ മുകളിലേക്ക് ഉയരുന്നു. ഇതോടൊപ്പം കളറും ഉയരുന്നു. ഇവിടെ കണികൾക്ക് സ്ഥാനമാറ്റം സംഭവിക്കുന്നത് കൂട്ടുകാർക്കിപ്പോൾ മനസ്സിലായില്ലേ?

19. ഊതിയാലും പറക്കാത്ത പന്ത്

ആവശ്യമുള്ള സാധനങ്ങൾ

ഒരു ചെറിയ ഫണൽ , ചെറിയ പ്ളാസ്റ്റിക് പന്ത്, പ്ളാസ്റ്റിക് കുഴൽ

ആദ്യം ഫണലിന്റെ വാൽഭാഗത്ത് പ്ളാസ്റ്റിക് കുഴൽ ഉറപ്പിക്കുക. ഇനി ഫണലിനെ വായ് ഭാഗം മുകളിൽ വരത്തക്ക വിധം ഉയർത്തി പിടിക്കുക. ഫണലിൽ ചെറിയ പ്ളാസ്റ്റിക് പന്ത് ഇടുക. ഇനി പ്ളാസ്റ്റിക് കുഴലിന്റെ മറ്റേ അഗ്രം വഴി ശക്തമായി ഊതി നോക്കൂ. പന്ത് തെറിച്ചു പോകുന്നുണ്ടോ? ഇല്ലല്ലോ? എല്ലാ കൂട്ടുകാരോടും ശ്രമിച്ചു നോക്കാൻ പറയൂ.


ചലിക്കുന്ന വായുവിന് മർദ്ദം കുറവാണ്. ഇതാണ് ബർണോലി നിയമം. അപ്പോൾ കുഴലിലൂടെ ഊതുന്ന വായുവിന് പന്തിൽ മർദ്ദം പ്രയോഗിക്കാൻ കഴിയില്ല. മുകളിൽ നിന്ന് അന്തരീക്ഷവായു പന്തിൽ താഴേക്ക് ബലം പ്രയോഗിക്കുന്നുമുണ്ടാകും. ഇതാണ് പന്ത് തെറിച്ചു പോകാത്തത്.


20.സിഡിയും ഗോട്ടിയും കൊണ്ടൊരു വർണപ്പമ്പരം ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ പാഴായ സിഡി, ക്രയോണുകൾ പേപ്പർ പശ, ഗോട്ടി


പാഴായ ഒരു സിഡി സംഘടിപ്പുക്കൂ. പേപ്പറിൽ മഴവില്ലിലെ നിറങ്ങൾ വയലറ്റ് ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഒാറഞ്ച്, ചുകപ്പ് ക്രമത്തിൽ കളർ ചെയ്തെടുത്ത് സിഡിയിൽ ഒട്ടിച്ചെടുക്കണം. പ്രസിൽ നിന്ന് സ്റ്റിക്കർ പ്രിന്റ് ചെയ്ത് എടുത്താലും മതി. ഇനി ഗോട്ടി മിനുസമുള്ള ഒരു പ്രതലത്തിൽ വച്ച് അതിനു മുകളിൽ സിഡിയുടെ മധ്യത്തിലെ ദ്വാരം വരത്തക്കവിധം ക്രമീകരിക്കുക. ഇനി സിഡിയിൽ വിരൽ കൊണ്ട്പിടിച്ച് ശക്തമായി കറക്കി നോക്കൂ. ഇപ്പോൾ സിഡി ക്ക് എന്താണ് നിറം ? വെള്ളനിറം അല്ലേ?


ധവളപ്രകാശത്തിൽ ഏഴു നിറങ്ങൾ അടങ്ങിയിട്ടുണ്ട്. സി കറങ്ങുമ്പോൾ ഏഴു നിറങ്ങളും തുടർച്ചയായി കണ്ണിൽ വന്നു പതിക്കുന്നു. അപ്പോൾ എല്ലാ നിറങ്ങളും ചേർന്ന് നമുക്ക് വെള്ള നിറമായി തോന്നുന്നു. കാണുന്ന ഏതു ദൃശ്യവും ഒരു സെക്കന്റിന്റെ പതിനാറിൽ ഒരംശം സമയം കണ്ണിൽ തങ്ങി നിൽക്കും. പെർസിസ്റ്റൻസ് ഒാഫ് വിഷൻ എന്നാണ് ഈ പ്രത്യേകതക്ക് പറയുന്നത്.

21. ഗ്ളാസിനുള്ളിൽ നിറത്തട്ട്


ആവശ്യമായ സാധനങ്ങൾ അഞ്ചു ഗ്ളാസുകൾ, വാട്ടർ കളർ


എല്ലാ ഗ്ളാസിലും ഒരേ അളവിൽ വെള്ളം എടുക്കുക. ആദ്യ ഗ്ളാസിൽ പത്ത് സ്പൂൺ പഞ്ചയാര ചേർത്ത് ഇളക്കുക. രണ്ടാമത്തേതിൽ ഏഴ്, മൂന്നാമത്തേതിൽ നാല്, നാലാമത്തെ ഗ്ളാസിൽ പഞ്ചസാര ഇടരുത്. ന്നാമത്തേതിൽ ചുകപ്പ്, രണ്ടാമത്തേതിൽ പച്ച, മൂന്നാമത്തേതിൽ മഞ്ഞ, നാലാമത്തേതിലേക്ക് നില നിറങ്ങൾ ചേർക്കുക. ചുകപ്പ് നിറമുള്ള ഗ്ളാസിൽ നിന്നും കിറച്ച് ഒഴിഞ്ഞ ഒരു ഗ്ളാസിലേക്ക് എടുക്കുക,ഒരു സിറിഞ്ച് ഉപയോഗിച്ച് ഒാരോ തുള്ളികളായി ഗ്ളാസിന്റെ വശത്തിലൂടെ നീല കളർ വെള്ളം ചേർത്തു നോക്കൂ..രണ്ട് തട്ടായി നിൽക്കുന്നില്ലേ..ഇനി മഞ്ഞകളർ വെള്ളം ഇതേ പോലെ ചേർക്കൂ.. ഇപ്പോൾ മൂന്നു തട്ടായില്ലേ? ഇനി നീലയും ഇതേ പോലെ ചേർക്കൂ..ശ്രദ്ധിച്ച് ചെയ്താൽ നാലു നിറത്തട്ടുകൾ ഒരേ ഗ്ളാസിൽ കിട്ടിയില്ലേ?


എന്താണ് നിറങ്ങൾ ചേരാതിരിക്കാൻ കാരണം?


ഒാരോ ഗ്ളാസിലും ചേർത്ത പഞ്ചയാരയുടെഅളവിലാണ് ഇതിന്റെ രഹസ്യം. കാരണം ചേർക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ച് സാന്ദ്രത ഏറ്റവും കൂടിയ വെള്ളമാണ്. തുടർന്ന് സാന്ദ്രത കുറഞ്ഞു വരുന്ന ക്രമത്തിലാണ് ഒാരോ നിറത്തിലുള്ള വെള്ളവും. സാന്ദ്രതയിലുള്ള ഈ വ്യത്യാസം കാരണമാണ് നിറത്തട്ട് രൂപപ്പെടുന്നത്.

22. അലിയിക്കാൻ കഴിവ് ചുടുവെള്ളത്തിനോ തണുത്തവെള്ളത്തിനോ?

ആവശ്യമായ സാധനങ്ങൾ രണ്ടു ഗ്ളാസുകൾ, ചുടുവെള്ളം, തണുത്ത വെള്ളം, പഞ്ചസാര, സ്പൂൺ

ഒരു ഗ്ളാസിൽ ചൂടുവെള്ളവും, രണ്ടാമത്തേതിൽ തണുത്ത വെള്ളവും എടുക്കുക, രണ്ടിലും ഒാരോ സ്പൂണ്‍ പഞ്ചസാര ചേർക്കുക, ചെറുതായി ഇളക്കുക. ഏതിലാണ് പഞ്ചാസാര ആദ്യം നന്നായി ലയിക്കുന്നത്?

ചുടുവെള്ളത്തിൽ പഞ്ചാസാര വേഗത്തിൽ അലിയുന്നു. തണുത്ത വെള്ളത്തിൽ പതുക്കെ മാത്രമേ അലിയുന്നുള്ളൂ എന്നു കണ്ടില്ലേ? ചൂടാക്കുന്നതും, ഇളക്കുന്നതും, ലീനത്തെ ചെറിയ കണികകളാക്കി ചേർക്കുന്നതുമെല്ലാം അലിയുന്നതിന്റെ വേഗത വർദ്ധിപ്പിക്കും..





23. നമുക്കൊന്ന് ഗ്രാഫ്റ്റ് ചെയ്തു നോക്കിയാലോ?

ഒരുക്കേണ്ട കാര്യങ്ങൾ
ഒരു ചുകന്ന പൂക്കളുണ്ടാവുന്ന ചെ മ്പരത്തിച്ചെടി കണ്ടു വയ്കൂ. ഇനി വെള്ള പൂക്കളുണ്ടാകുന്ന ഒരു ചെടിയും..നമുക്ക് ചുകപ്പ് പൂക്കളണ്ടാകുന്ന ചെടിയിൽ വെള്ള പൂക്കളുണ്ടാകുന്ന ചെടിയുടെ ഒരു കമ്പ് എങ്ങിനെ ഒട്ടിച്ചെടുക്കാം എന്ന് നോക്കാം. ആദ്യം മൂർച്ചയുള്ള ചെറിയ കത്തി സംഘടിപ്പിക്കാണം. ബ്ളേഡ് ആയാലും മതി. ചുകന്ന പൂക്കളുണ്ടാകുന്ന ചെടിയിലെ ചെറിയ വണ്ണമുള്ള കമ്പിന്റെ അറ്റം കത്തി കൊണ്ട് മുറിച്ചുമാറ്റുക. മുറിച്ചുമാറ്റിയ ഭാഗത്ത് കത്തികൊണ്ട് ചെറിയ ഒരു പിളർപ്പ് ഉണ്ടാക്കുക. ഇനി വെളുത്ത പൂക്കളുള്ള ചെടിയുടെ ഒരു കമ്പ് മുറിച്ചെടുക്കുക. ചുകന്ന പൂക്കളുള്ളതിൽ നാം ഒരുക്കി നിർത്തിയ കമ്പിന്റെ അതേവലിപ്പമോ അല്പം കുറവോ ഉള്ള കമ്പ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ. ഇതിലെ ഇലകൾ എല്ലാം ബ്ളേഡുകൊണ്ട് മുറിച്ചുകളയണം. ഇതിന്റെ അടിഭാഗം ആപ്പിന്റെ ആകൃതിയിൽ കത്തികൊണ്ട് മുറിച്ചെടുക്കു. ഇനി ഈ ഭാഗം ആദ്യ കമ്പിലെ പിളർപ്പില്‍ തിരുകിവച്ച് പ്ളാസ്റ്റിക് നാട കൊണ്ട് മുറുക്കി കെട്ടി ഉറപ്പിക്കുക. കുറച്ചു ദിവസം അങ്ങിനെ ഇരിക്കട്ടെ. ഈ ദിവസങ്ങളിൽ നമ്മൾ ഒട്ടിച്ച കമ്പിൽ നാമ്പുകൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണേ.. കമ്പ് നന്നായി പിടിച്ചുവളരാൻ തുടങ്ങിയാൽ പ്ളാസ്റ്റിക് നാട അഴിച്ചുകളയാം. ഈ കമ്പിൽ എതു തരം പൂക്കളാണ് ഉണ്ടാകുക എന്ന് നിരീക്ഷിക്കണേ..വെള്ള പൂക്കൾ ആയിരിക്കും.

ഒരു ചെടിയിൽ അതേ വർഗത്തിൽ പെട്ട മറ്റൊരു ചെടിയുടെ കമ്പ് ഒട്ടിച്ചെടുക്കുന്ന ഗ്രാഫ്റ്റിങ് എന്ന രീതിയാണ് നമ്മൾ പരിചയപ്പെട്ടത്.


24. കോഴിമുട്ടയെ ഇനിയും കുപ്പിയിൽ ആക്കിയില്ലേ?

ആവശ്യമുള്ള സാധനങ്ങൾ ഒരു പുഴുങ്ങിയ കോഴിമുട്ട, വാവട്ടം കുറഞ്ഞ ഒരു ഗ്ളാസ് കുപ്പി, അല്പം കടലാസ്, തീപ്പെട്ടി

കോഴിമുട്ടയുടെ പുറത്തെ തോട് കളഞ്ഞ് തയ്യാറാക്കി വക്കുക. കുപ്പിക്ക് ളള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുക. കടലാസ് കെട്ടുപോകാൻ കാത്തിരിക്കുക. അതേ സമയം പുഴുങ്ങിയ കോഴിമുട്ടയെ കുപ്പിയുടെ വായ് ഭാഗത്ത് വയ്ക്കുക. നോക്കൂ..കോഴിമുട്ട പതുക്കെ കുപ്പിക്കുള്ളിലേക്ക് നീങ്ങുന്നതായി കാണാം.. ഇനി അത്ര പെട്ടെന്നൊന്നും പുറത്തെടുക്കാനാവില്ല കെട്ടോ.

കടലാസ് കത്താൻ വായു ആവശ്യമാണ്. കത്തുമ്പോൾ കുപ്പിക്കുള്ളിലെ വായു കുറയുന്നു. മർദ്ദവും കുറയുന്നു. അപ്പോൾ പുറമേയുള്ള വായുവിന്റെ മർദ്ദം കാരണം കോഴിമുട്ട കുപ്പി്ക്കുള്ളിലേക്ക് കയറുന്നു.

25. നമുക്കൊരു മുകുളത്തെ ഒട്ടിച്ചെടുത്താലോ?

ഒരുക്കേണ്ട സംഗതികൾ ഒരു ചുകന്ന പൂക്കളുണ്ടാകുന്ന റോസാച്ചെടി, വെളുത്ത പൂക്കളുണ്ടാകുന്ന റോസാചെടി, പ്ളാസ്റ്റിക് നാട, മൂർച്ചയുള്ള കത്തി

ആദ്യം ചുകന്ന പൂക്കളുണ്ടാകുന്ന ചെടിയുടെ അത്യാവശ്യം വണ്ണമുള്ള കമ്പിൽ കത്തി കൊണ്ട് ഇംഗ്ളീഷിൽ ടി എന്നെഴുതിയതുപോലെ ഒരു മുറിവ് വരച്ചെടുക്കുക. ടി യുടെ താഴ്ഭാഗം തൊലി രണ്ടു ഭാഗത്തേക്കും അല്പം പിളർത്തി ഒരു പോക്കറ്റ് പോലെ ആക്കി വയ്ക്കുക. ഇനി വെള്ള റോസാ പൂ ഉണ്ടാകുന്ന ചെടിയുടെ വശത്ത് മുളച്ചുണ്ടാകുന്ന ഒരു മുകുളം കണ്ടെത്തുക. ഇതിന് ചുറ്റും കത്തികൊണ്ട് ചതുരാകൃതിയിൽ വരഞ്ഞ് ചെടിയിൽ നിന്ന് വേർപെടുത്തി എടുക്കുക. ഈ മുകുളത്തെ ശ്രദ്ധാപൂർവം നേരെത്തെ ഉണ്ടാക്കിവച്ച പോക്കറ്റിൽ തിരുകി വച്ച് പ്ളാസ്റ്റിക് നാട കൊണ്ട് മുറുക്കി കെട്ടുക. ഈർപ്പം തട്ടാതിരിക്കാനും നന്നായി ഒട്ടിച്ചേരുന്നതിനും വേണ്ടിയാണ് പ്ളാസ്റ്റിക് നൂൽ ഉപയോഗിക്കുന്നത്. ഇങ്ങിനെ കുറെ ദിവസം കഴിഞ്ഞാൽ നമ്മൾ ഒട്ടിച്ച മുകുളും മാതൃസസ്യമായ ചുകന്ന പൂക്കളുണ്ടാകുന്ന ചെടിയിൽ ഒട്ടിച്ചേർന്ന് വളരാൻ തുടങ്ങും. ഈ മുകുളം വളർന്നുണ്ടാകുന്ന കമ്പിൽ വിരിയുന്നത് ഏതു പൂക്കളായിരിക്കും..വെള്ള പൂക്കൾ ആയിരിക്കും. ഒരു ചെടിയിൽത്തന്നെ രണ്ടൂതരം പൂക്കൾ.. കാത്തിരിക്കൂ..നാം ഇപ്പോൾ പരിചയപ്പെട്ട രീതിയാണ് ബഡിങ് അഥവാ മുകുളം ഒട്ടിക്കൽ.





26.പേരമരത്തിലെ ഒരു കമ്പിന് വേരുപിടിപ്പിച്ചാലോ?

ഒരുക്കേണ്ട സംഗതികൾ മൂർച്ചയുള്ള ഒരു കത്തി, പ്ളാസ്റ്റിക് ഉറ, മണൽ, മണ്ണി, ചകിരിച്ചോറ്, പ്ളാസ്റ്റിക് നൂൽ



ആദ്യം നന്നായി കായ്ഫലം തരുന്ന ഒരു പേരമരത്തിലെ മൂപ്പുള്ള ഒരു കമ്പ് കണ്ടെത്തി വയ്കൂ..ഇതിന്റെ തൊലിയിൽ മൂന്നു സെന്റിമീറ്റർ നീളത്തിൽ ചുറ്റിലുമുള്ള തൊലി അടർത്തിമാറ്റുക. ഉള്ളിലെ തണ്ടിന് മുറിവേൽക്കാതെ നോക്കണേ..പ്ളാസ്റ്റിക് ഉറയിൽ മണ്ണ്, മണൽ, ചകിരിച്ചോറ്, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ച് മിശ്രിതമാക്കുക. ഇത് നേരെത്തെ ഉണ്ടാക്കിയ മുറിവിന് ചുറ്റും വരത്തക്കവിധം പ്ളാസ്റ്റിക് ഉറയിലാക്ക് പൊതിഞ്ഞ് നൂൽ ഉപയോഗിച്ച് മുറുക്കി കെട്ടുക. ഇനി കുറെ ദിവസം കാത്തിരിക്കണം കെട്ടോ..രണ്ടു മൂന്നാഴ്ച കഴിഞ്ഞാൽ പ്ളാസറ്റിക് ഉറയിലൂടെ നോക്കൂ..കുഞ്ഞു വേരുകൾ കാണുന്നുണണ്ടോ? നന്നായി വേരു പിടിച്ചിട്ടുണ്ടെങ്കിൽ ഈ കമ്പിനെ പ്ളാസ്റ്റിക് ഉറ പൊതിഞ്ഞതിന്റെ താഴ്ഭാഗത്തായി മുറിച്ചെടുക്കുക. മറ്റൊരു പ്ളാസ്റിക് ഉറയിൽ മണ്ണ് നിറച്ച് വേരുപിടിച്ച കമ്പിനെ ഇതിലേക്ക് മാറ്റി നടുക. ദിവസവും നനച്ചു കൊടുക്കണം. കരുത്തോടെ വളരാൻ തുടങ്ങിയാൽ മണ്ണിലേക്ക് മാറ്റി നടൂ. ചിലപ്പോൾ ഈ വർഷം തന്നെ ചെടു കായ്ച്ചെന്നിരിക്കും.. നാം ഇപ്പോൾ ചെയ്തു നോക്കിയ രീതിയാണ് പതിവയ്ക്കൽ അഥവാ ലെയറിങ്

27. കയറ്റം കയറുന്ന വണ്ടി

ആവശ്യമുള്ള സാധനങ്ങൾ
രണ്ട് മര സ്കെയിലുകൾ, രണ്ട് ഫണലുകൾ , ഒരേ കനമുള്ള മൂന്ന് പുസ്തകങ്ങൾ

ഇനി ചെയ്തു നോക്കാം. രണ്ടു ഫണലുകളുടെയും വായ് ഭാഗം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുചേർക്കുക. ഒരേ കനമുള്ള മൂന്നു പുസ്തകങ്ങൾ എടുക്കുക. രണ്ടൂ പുസ്തകങ്ങൾ ഒന്നിന് മീതേ ഒന്നായി അടുക്കി വയ്ക്കുക . അടുത്ത പുസ്തകം അല്പം വിട്ടു വയക്കൂക. മര സ്കെയിലുകൾ ഇംഗ്ളീഷിൽ വി എന്ന അക്ഷരത്തിന്റെ ആകൃതിയിൽ പാലം പോലെ പുസ്തകങ്ങളിൽ വക്കുക. വിടർന്ന വായ് ഭാഗം ഉയരമുള്ള വശത്തായിരിക്കണം, ഇനി ഫണലുകളെ ഒട്ടിച്ചെടുത്തത് ഒരു പുസ്തകം ഉള്ള വശത്ത് വച്ചു നോക്കൂ.. ഫണൽ ഉയരമുള്ള വശത്തേക്ക് ഉരുളാൻ തുടങ്ങുന്നില്ലേ?

ഫണൽ ഭൂഗുരുത്വത്തിന് എതിരായല്ലേ ചലിക്കുന്നത്.? ഇന് ഉയരമുള്ള ഭാഗത്ത് വച്ചു നോക്കൂ..താഴേക്ക് വരുന്നുണ്ടോ..ഇല്ലല്ലോ? ഇനി ഫണൽ ഒറ്റ പുസ്തകം വച്ചിരിക്കുന്ന ഭാഗത്ത് വച്ച് ഒരു ചെറിയ സ്കെയിൽ എടുത്ത് മേശയും ഫണലും തമ്മിലുള്ള അകലം അളന്നു നോക്കൂ..രേഖപ്പെടുത്തൂ. ഇനി മുകളറ്റത്ത് എത്തി നില്‍ക്കുന്ന സമയം ഫണലും മേശയു തമ്മിലുള്ള അകലം നോക്കൂ.. ആദ്യത്തേതിനെക്കാൾ കുറവാണെന്ന് കാണാം..അതായത് ഫണലുകളെ ഒട്ടിച്ചെടുത്ത ഈ സവിശേഷ ആകൃതികാരണം ഫണൽ യഥാർഥത്തിൽ താഴേക്കാണ് ചലിക്കുന്നത് എന്ന് കാണാം. മധ്യഭാഗം ഉയർന്നു നിൽക്കുന്ന ആകൃതിയാണ് ഇത്തരത്തിൽ ചലനം അനുഭവപ്പെടാനുള്ള കാരണം.

28. ജ്വാല അടുക്കുന്നത് എന്തുകൊണ്ട്
ആവദ്യമുള്ള സാധനങ്ങൾ ഫണൽ, മെഴുകുതിരി

മേശപ്പുറത്ത് മെഴുകുതിരി കത്തിച്ചു വക്കുക. ഫണലിന്റെ വിടർന്ന ഭാഗം ജ്വാലയുടെ നേരെ പിടിക്കുക. ഫണലിന്റെ വാൽ ഭാഗത്തു കൂടി ഊതി നോക്കൂ. ജ്വാല അണയുന്നുണ്ടോ? ജ്വാല ഫണലിന് നേരെ വളയുന്നതായി തോന്നുന്നില്ലേ?
എന്താണ് ജ്വാല ക്ക് ദിശാ മാറ്റം ഉണ്ടാകാൻ കാരണം??
ചലിക്കുന്ന വായുവിന് മർദ്ദം കുറവാണ്. ഫണലിലൂടെ  ഊതുമ്പോൾ ആ ഭാഗത്തെ വായുവിന്റെ മർദ്ദം കുറയുന്നു. ജ്വാലക്ക് പിറകിലുള്ള വായുവിന്റെ മർദ്ദം കൂടുതലാണ്.ഈ ഭാഗത്തെ വായു ജ്വാലയിൽ മർദ്ദം പ്രയോഗിക്കുന്നതിനാൽ ആണ് ജ്വാല ഫണലിന്റെ നേരെ വളയുന്നത്..

29. ഉപ്പുവെള്ളത്തിലിട്ട മഷിത്തണ്ട് ചെടി വാടുന്നത് എന്തുകൊണ്ട്?

ആവശ്യമുള്ള സാധനങ്ങൾ രണ്ട് ഗ്ലാസുകൾ, ഉപ്പ്, മഷിത്തണ്ട് ചെടി

ഒരു ഗ്ലാസിൽ ഉപ്പുവെള്ളവും രണ്ടാമത്തേതിൽ വെള്ളവും എടുക്കുക. രണ്ടിലും ഓരോ മഷിത്തണ്ട് ചെടി ഇടുക.. ഇനി അല്പനേരം നിരീക്ഷിക്കൂ... പച്ച വെള്ളത്തിലുള്ള ചെടിക്കും ഉപ്പുവെള്ളത്തിലുമുള്ള ചെടികൾക്ക് എന്താണ് മാറ്റം? ഉപ്പുവെള്ളത്തിലിട്ട ചെടി വാടിപ്പോകാൻ കാരണമെന്ത്?

വ്യതി വ്യാപനമാണിതിന് കാരണം

ലീനപദാർത്ഥങ്ങളുടെ താഴ്ന്ന ഗാഢതയിൽ നിന്ന് അവയുടെ ഉയർന്ന ഗാഢതയിലേയ്ക്ക് ലായകതൻമാത്രകൾ സഞ്ചരിക്കുന്ന പ്രക്രിയയാണ് വൃതിവ്യാപനം. ഇതു കാരണം മഷിത്തണ്ടുചെടിയിലെ ജലാംശം ഉപ്പുവെള്ളത്തിലേക്ക് നീങ്ങുന്നു. ഇതാണ് മഷിത്തണ്ട് വാടാൻ കാരണം.


30.ഗ്ളാസ് സ്ളാബിലൂടെ പ്രകാശ സഞ്ചരിക്കുമ്പോൾ

ആവശ്യമുള്ള സാധനങ്ങൾ, വെള്ള പേപ്പർ, ഗ്ളാസ് സ്ളാബ്, ലേസർ ടോർച്ച്, പെൻസിൽ, പൊട്രാക്ടർ

ഇനി നമുക്ക് ചെയ്തു നോക്കാം. ആദ്യം മേശപ്പുറത്ത് പേപ്പർ വിരിക്കുക. ഇതിന്റെ മധ്യഭാഗത്തായി സ്ളാബ് വയ്ക്കുക. ഇതിന്റെ അരികുകൾ പെൻസിൽ ഉപയോഗിച്ച് അടയാളപ്പെടുത്തണം. ഇനി സ്ളാബ് മാറ്റിനോക്കൂ.. ഇപ്പോൾ ഒരു ചതുരം കിട്ടിയില്ലേ..? അതിന് ABCD എന്ന് പേര് കൊടുക്കൂ. ഇനി ഒരു വശത്ത് ഉദാഹരണത്തിന് എബി എന്ന വശത്ത് ഒരു ലംബരേഖ വരക്കുക. ലംബം രേഖയുമായി ചേരുന്ന ബിന്ദുവിൽ കൂടി ഒരു കോൺ വരക്കുക. ഇനി സ്ളാബ് നേരത്തെ വരച്ച ചതുരത്തിൽ തന്നെ വയ്ക്കുക. ഇനി ലേസർ ടോർച്ച് ഉപയോഗിച്ച് നേരത്തെ വരച്ച കോണിലൂടെ ഗ്ളാസ് സ്ളാബിന്റെ ഉള്ളിലേക്ക് പ്രകാശം കടത്തിവിടുക. സ്ളാബിന്റെ മറുഭാഗത്ത് പ്രകാശം പുറത്തുവരുന്ന ബിന്ദുവും പാതയും അടയാളപ്പെടുത്തിയതിന് ശേഷം സ്ളാബ് മാറ്റുക. ഇപ്പോൾ നോക്കൂ..സിഡി എന്ന വരയിൽ പ്രകാശബീം വന്നു മുട്ടുന്ന ബിന്ദുവും എബി എന്ന വരയിൽ മുട്ടിയ ബിന്ദുവും യോജിപ്പിക്കുക. ഇവിടെയും ഒരു ലംബം വരക്കുക..പുറത്തേക്ക് പ്രകാശപാതയും കിട്ടിയില്ലേ? ഇപ്പോൾ നമുക്ക് സമ്പൂർണ പ്രകാശപാത കിട്ടി. ഇനി പ്രകാശബീം പുറത്തുവരുന്ന കോൺ അളന്നു നോക്കൂ.. പ്രകാശപാത നിരീക്ഷിക്കൂ..വ്യത്യാസം ഇല്ലേ?

പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് ചരിഞ്ഞ് പതിക്കുമ്പോൾ അതിന്റെ പാതക്ക് വ്യതിയാനം വരുന്നു. അപവർത്തനം എന്നാണ് ഈ സ്വഭാവം അറിയപ്പെടുന്നത്. ഇതു കാരണമാണ് ഇവിടെയും പ്രകാശപാതക്ക് വ്യത്യാസം വന്നത്. പ്രകാശം ആദ്യം വായുവിൽ നിന്ന് സ്ളാബിലേക്കും പിന്നീട് സ്ളാബിൽ നിന്ന് വായുവിലേക്കും സഞ്ചരിച്ചപ്പോളാണ് അപവർത്തനം സംഭവിച്ചത്.



31. കടലാസിനെ ആകർഷിക്കുന്ന ചീപ്പ്

ആവശ്യമുള്ള സാധനങ്ങൾ തലമുടി ചീകുന്ന ചീപ്പ്, കടലാസു കഷണങ്ങൾ

മേശപ്പുറത്ത് കടലാസുകഷണങ്ങൾ വിതറിയിടുക. ഇതിനടുത്തേക്ക് ചീപ്പ് കൊണ്ടു വരിക. കടലാസു കഷണങ്ങൾ ചീപ്പിലേക്ക് വരുന്നുണ്ടോ..ഇല്ല അല്ലേ? ഇനി ഈ ചീപ്പ് നന്നായി ഉണങ്ങിയ തലമുടിയിൽ കുറെ പ്രാവശ്യം ഉരസി തയ്യാറാക്കുക. ഇനി ചീപ്പിനെ കടലാസിന് സമീപം കൊണ്ടു വരൂ.. ഇപ്പോൾ നോക്കൂ..കടലാസ് കഷണങ്ങളെ ചീപ്പ് ആകർഷിക്കുന്നില്ലേ?

ഇവിടെ സ്ഥിത വൈദ്യുതി എന്ന പ്രഭാവമാണ് പ്രവർത്തിച്ചത്. വസ്തുക്കളെ ഉരസിയപ്പോൾ ഘർഷണം നിമിത്തം അവയിൽ ഒന്ന് ഇലക്ടോണുകളെ വിട്ടുകൊടുക്കുന്നു രണ്ടാമത്തേത് സ്വീകരിക്കുന്നു. വിട്ടുകൊടുക്കുന്നതിന് പോസിറ്റീവ് ചാർജും, കിട്ടിയതിന് നെഗറ്റീവ് ചാർജും ലഭിക്കുന്നു.ഇങ്ങിനെ കിട്ടുന്ന ചാർജ് വസ്തുക്കളിൽ സ്ഥിതമായി നിലനിൽക്കുന്നു. അതാണ് ചീപ്പ് കടലാസുകഷണങ്ങളെ ആകർഷിക്കുന്നത്.






32.വെള്ളത്തിൽ ചൂട് വ്യാപിക്കുന്നത് എങ്ങിനെ?

ആവശ്യമുള്ള സാധനങ്ങൾ രണ്ടു സ്ഫടിക കുപ്പികൾ, വെള്ളം, മെഴുകുതിരി

ആദ്യം രണ്ടു സ്ഫടിക കുപ്പികളിലും വെള്ളം നിറക്കുക. മോശപ്പുറത്ത് മെഴുകുതിരി കത്തിക്കുക. ഒരു കുപ്പിയുടെ അടി ഭാഗം ചൂടാക്കുക. രണ്ടാമത്തെ കുപ്പി ചെരിച്ചുപിടിച്ച് മുകൾ ഭാഗത്ത് വശത്ത് ചൂടാക്കുക.

കുറച്ചു കഴിഞ്ഞ് നോക്കൂ..ആദ്യത്തെ കുപ്പിയിലെ വെള്ളം ആകെ ചൂടായിരിക്കുന്നു. രണ്ടാമത്തെ കുപ്പിയിലെ വെള്ളത്തിന്റെ അടിഭാഗത്ത് ചൂട് എത്തിയിട്ടില്ല എന്നും കാണാം. ദ്രാവകങ്ങളിൽ താപം സഞ്ചരിക്കുന്നത് സംവഹനം എന്ന രീതിയിലൂടെ ആണ്. ചൂടാകുമ്പോൾ ജല തന്മാത്രകൾ ചൂടായി മുകളിലേക്ക് ആണ് ഉയരുന്നത്. രണ്ടാമത്തെ കുപ്പിയെ മുകളിൽ ചൂടാക്കുമ്പോൾ താപം അടിവശത്തേക്ക് എത്തുന്നില്ല.

33.മത്സ്യ അമിനോ ആസിഡ് തയ്യാറാക്കാം

ചെടികളുടെ വളർച്ച ത്വരിതപ്പെടുത്താനുള്ള ഒരു പ്രയോഗമാണ് നമ്മൾ ചെയ്യാൻ പോകുന്നത്.

ആവശ്യമുള്ള സാധനങ്ങൾ പച്ചമീൻ, ശർക്കര, അടപ്പുള്ള പാത്രം, അരിപ്പ, ഇളക്കുവാനുള്ള കമ്പ്

ഒരു കിലോ പച്ചമീൻ ചെറിയ കഷണങ്ങളാക്കി മുറിക്കുക. ഒരു കിലോ ശർക്കര പൊടിച്ച് തയ്യാറാക്കുക. ഇവ രണ്ടും പാത്രത്തിൽ വായു കടക്കാത്ത വിധം അടച്ചു വയ്ക്കണം. രണ്ടാഴ്ച കഴിഞ്ഞ് പാത്രത്തിലെ മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം.

രണ്ടു മില്ലിലിറ്റർ മത്സ്യ അമിനോ ആസിഡ് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പത്തു ദിവസം ഇടവിട്ട് ചെടികൾക്ക് ഒഴിച്ചു കൊടുക്കൂ..ചെടികൾ നന്നായി വളരും.

34. തേനിലെ മായം കണ്ടു പിടിക്കൂ..

ആവശ്യമായ വസ്തുക്കൾ ടെസ്റ്റ് ട്യൂബുകൾ ശുദ്ധമായ തേൻ, മായം ചേർത്ത തേൻ, വെള്ളം


ടെസ്റ്റ് ട്യൂബുകളിൽ വെള്ളം എടുക്കുക. ഒന്നാമത്തെ ടെസ്റ്റ് ട്യൂബിലെ വെള്ളത്തിലേക്ക് ശുദ്ധമായ തേന്‍ ചേർക്കൂ..നോക്കൂ തേൻ ട്യൂബിന്റെ അടിഭാഗത്തേക്ക് പോകുന്നു. രണ്ടാമത്തെ ട്യൂബിലെ വെള്ളത്തിലേക്ക് മായം കർന്ന തേൻ ചേർക്കൂ..തേൻ വെള്ളത്തിൽ ലയിക്കുന്നതായി കാണാം.‌

.തേനിന്റെ സാന്ദ്രത വെള്ളത്തി്റെ സാന്ദ്രതയെക്കാൾ കൂടുതലാണ് . അതാണ് ശുദ്ധമായതേൻ വെള്ളത്തിൽ താണുപോകുന്നത്. മായം ചേർത്ത തേനിന് സാന്ദ്രത കുറവായിരിക്കും. അതാണ് അത് വെള്ളത്തിന്റെ ഉപരിതലത്തോടു ചേർന്ന് ലയിക്കുന്നത്.

35.ഒരു ജൈവ കീടനാശിനി ഉണ്ടാക്കി നോക്കിയാലോ?

ആവശ്യമുള്ള സാധനങ്ങൾ വേപ്പെണ്ണ, ബാർ സോപ്പ്, വെളുത്തുള്ളി

ആദ്യം 10 ഗ്രാംബാർ സോപ്പ് 100 മില്ലിലിറ്റർ വെള്ളത്തിൽ കലക്കി സോപ്പ് ലായനി തയ്യാറാക്കണം. ഇത് വേപ്പെണ്ണ 100 മില്ലി ലിറ്റർ വേപ്പെണ്ണയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇതിലേക്ക് 5 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇതിലേക്ക് വെളുത്തുള്ളി അരച്ചെടുത്ത നീര് ചേർത്ത് വീണ്ടും ഇളക്കുക. മിശ്രിതം അരിച്ചെടുക്കൂ.


ഇനി ഇത് പച്ചക്കറി തോട്ടത്തിൽ പരീക്ഷിച്ചാലോ?
ഒരുചെറിയ സ്പ്രേയർ സംഘടിപ്പിക്കണം. മിശ്രിതം ഇതിൽ നിറച്ച് ഇലകളിൽ തെളിച്ചു നോക്കൂ. ചെടികളെ ബാധിക്കുന്ന മുഞ്ഞ, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങളെ ഇങ്ങിനെ അകറ്റാം. ഇതാണ് വേപ്പെണ്ണ, വെളുത്തുള്ളി എമൾഷൺ. ഇത് ചെടികളിൽ നന്നായി പറ്റിപ്പിടിക്കുന്നതിനാണ് സോപ്പ് ചേർക്കുന്നത്. കൂടിയ അളവിൽ ഉണ്ടാക്കാൻ അളവുകൾ ആനുപാതികമായി കൂട്ടിയാൽ മതി.


36. കഞ്ഞിവെള്ളം കൊണ്ടൊരു കെണി തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങൾ, കഞ്ഞിവെള്ളം , ചിരട്ട, കയർ, ഫ്യുരിഡാൻ കീടനാശിനി, ശർക്കര

ഈ കെണി തയ്യാറാക്കുമ്പോൾ മുതിർന്ന ഒരാളുടെ സഹായം തേടണം. കീടനാശിനി കൈകാര്യം ചെയ്യുമ്പോൾ കൈകകളിൽ ആകാൻ സാധ്യതയുള്ളതിനാൽ കയ്യുറ ധരിക്കാം. ഒരിക്കലും ശ്വസിക്കുകയോ രുചിക്കുകയോ ചെയ്യരുത്.

ആദ്യം ചിരട്ടയിൽ പകുതി വരെ കഞ്ഞിവെള്ളം നിറയ്ക്കുക. ഇതിലേക്ക് കുറച്ച് ശർക്കര നന്നായി പൊടിച്ച് ഇളക്കി ചേർക്കുക. ഇതിലേക്ക വളരെ കുറച്ച് ഫുരിഡാൻ ചേർക്കുക. കുറച്ചുമാത്രം മതിയാകും. കെണി തയ്യാർ. ഇനി പച്ചക്കറി തോട്ടത്തിൽ ചിരട്ടയില്‍ കയറിട്ട് കെട്ടിത്തൂക്കി ഇടൂ.. ഇത്തരം കുറെ ചിരട്ടകൾ തോട്ടത്തിൽ കെട്ടിയിട്ടാൽ നല്ലതാണ്. ശർക്കരയുടെ മണം പിടിച്ച് വരുന്ന കീടങ്ങൾ കീടനാശിനി ശ്വസിച്ച് ചത്തുപോകും. കായീച്ചകൾക്കെതിരെ ഈ കെണി ഫലപ്രദമാണ്. കെണി ഉപയോഗിക്കുമ്പോൾ കീടനാശിനി പരക്കെ തെളിക്കുന്നത് ഒഴിവാക്കാം എന്നതാണ് മേന്മ.