2018, ഏപ്രിൽ 2, തിങ്കളാഴ്‌ച

മഞ്ഞ ബസ്സ്‌



     സ്കൂള്‍ വിട്ടു വന്നതേ ഉള്ളൂ ..ബാഗ് മേശപ്പുറത്തെക്കിട്ട് തിടുക്കത്തില്‍ അടുക്കളയിലേക്കു ഓടി വന്നതാണ് അവന്‍ .

അമ്മെ എന്താ ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...? ബാക്കി ബസ്സുകള്‍ക്കെ വേറെ നിറം ആണല്ലോ ?

അതെന്താ നിനക്കിപ്പോള്‍ ഇങ്ങിനെ ഒരു സംശയം ..
സ്കൂള്‍ ബസ്സ് ഇന്നാദ്യായിട്ടാണോ കാണുന്നത് ?


അതേയ് ഇന്ന്


സയന്‍സ് ക്ലബ് ഉണ്ടായിരുന്നു ..അതില്‍ അരുണ്‍ മാഷ്‌ ചോദിച്ച ചോദ്യാണ് ..നാളെ ക്ക് ഉത്തരം പറഞ്ഞാല്‍ സമ്മാനം ഉണ്ടെത്രെ ..

അതൊക്കെ അച്ഛന്‍ വന്നിട്ട് ചോദിക്ക് ...നീ  ഈ ചായ കുടിച്ചെ ...

അതൊന്നും പറഞ്ഞു അമ്മ ഒഴിയണ്ട ..എനിക്കിപ്പോ അറിയണം ..സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം?

അവന്‍ കലിപ്പിലാണ്..എന്തിനാ ഈ സ്കൂള്‍ ബസ്സിനു മഞ്ഞ നിറം .സംശയവുമായി ..പ്രതിവിധി ഒന്നേ ഉള്ളൂ ..

നീയല്ലേ പറയാറുള്ളത് ..നിന്റെ മാമന്‍ എന്തും പറയും മാമനാണെന്ന്...മാമനെ വിളിച്ചു ചോദിക്ക് ..

അവന്‍ അപ്പോളെ ഫോണിനു അടുത്തേക്ക് ഓടി ..മാമനോട്
അര മണിക്കൂറിനകം ഹാജരാകാന്‍ ചട്ടം കെട്ടി . ചായ കുടിച്ചപ്പോലെക്കും മാമന്‍ വന്നു കീഴടങ്ങി .

മാമാ എന്താ ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...? ബാക്കി ബസ്സുകള്‍ക്കെ വേറെ നിറം ആണല്ലോ ?

ചോദ്യം പിന്നെയും വന്നു ഹോണ്‍ മുഴക്കി .

ഓ ഇത്രേ ഉള്ളൂ കാര്യം ..നീ പെട്ടെന്ന് വരണം എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ എന്തോ ഗുരുതര പ്രശ്നം ആണെന്ന് കരുതി ..

അതെ മാമാ  കൊച്ചാക്കണ്ട ഗുരുതര പ്രശ്നം തന്നെയാ ..മാമന്‍
പറയുന്നുണ്ടോ ഇല്ലയോ

പറയാം ഒരു നീണ്ട കഥയാണ് ശ്രദ്ധിച്ചു കേള്‍ക്കണം .
സംഗതിയുടെ തുടക്കം അമേരിക്കയില്‍ നിന്നാണ് .നമ്മുടെ നാട്ടിലെ പോലല്ല അവിടെ .രാവിലെ നേരെത്തേതന്നെ സ്കൂള്‍ തുടങ്ങും .
മൂടൽമഞ്ഞു കൊണ്ടും ചാറ്റൽ മഴ കാരണവുമൊക്കെ ദൂരക്കാഴ്ച്ചക്ക് നല്ല ബുദ്ധിമുട്ടാകും. ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. അവസ്ഥ ഒഴിവാക്കാൻ അമേരിക്കൻ ഭരണകൂടം തീരുമാനിച്ചതോടെയാണ് സ്കൂള്‍ ബസ്സുകള്‍ മഞ്ഞയടിക്കാന്‍ തുടങ്ങിയത് ..

ഇതാണോ നീണ്ട കഥ ..?

അല്ല ബാക്കി കൂടികേള്‍ക്കു

1939ലാണ്  ഇതെല്ലാം നടക്കുന്നത്.   കൊളംബിയ  യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഡോ. ഫ്രാങ്ക്‌ .ഡബ്ല്യു. സിർ സ്കൂൾ കുട്ടികളുടെ യാത്രാസുരക്ഷക്ക്‌ വേണ്ടിയും സ്കൂൾ ബസുകളുടെ നിറത്തെ ഏകീകരിക്കാനുമായി  ഒരു സമ്മേളനം വിളിച്ച്‌ ചേര്‍ത്തു.

എന്നിട്ട് ?


 വടക്കേ അമേരിക്കയിലെ സ്കൂൾ ബസുകളുടെ നിറം 'മഞ്ഞ'യാക്കാൻ ഈ യോഗത്തില്‍ തീരുമാനമായി ..അങ്ങിനെ ഫ്രാങ്ക്‌ .ഡബ്ല്യു. സിർ മഞ്ഞ സ്കൂൾ ബസിന്റെ പിതാവ്‌ എന്നറിയപ്പെടാനും തുടങ്ങി

മാമാ ചോദ്യം അതല്ല ..എന്തിനാണ് ഈ മഞ്ഞ നിറം തന്നെ അടിക്കുന്നത് ..വേറെ നിറം അടിച്ചൂടെ ?


അതിലേക്കാണ് ഞാന്‍ വരുന്നത്

  വിബ്ജിയോര്‍ എന്ന് നീ കേട്ടിട്ടില്ലേ ..

മഴവില്ലിലെ നിറങ്ങള്‍  അല്ലെ ?

 അതെ . ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ചുവപ്പ്‌ നിറത്തെക്കാൾ 1.24 മടങ്ങ്‌ അധികം കാഴ്‌ച മഞ്ഞ നിറത്തിനുണ്ട്‌. മൂടൽമഞ്ഞ്‌, മൂടിക്കെട്ടിയ അന്തരീക്ഷം എന്നീ സാഹചര്യങ്ങളിൽ മറ്റു നിറങ്ങളേക്കാൾ കൂടുതൽ എടുത്ത്‌ കാണിക്കുക മഞ്ഞ നിറമാണ്. ഇക്കാരണങ്ങളാലാണു മഞ്ഞ നിറത്തിനെ സ്കൂൾ ബസുകളുടെ നിറമായി തെരഞ്ഞെടുത്തത്‌.

എന്നാൽ ഇതൊരു പ്രത്യേക തരം മഞ്ഞ നിറമാണു മാമാ ..നാരങ്ങയുടെ മഞ്ഞപോലെ  ഓറഞ്ച്    കലർന്ന ഒരു നിറം,  നമ്മുടെ
പഴുത്ത മാങ്ങയുടെ മഞ്ഞ പോലെ .
അതെ ..ഈ  മഞ്ഞ നിറത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുമ്പോഴാണ് വേഗത്തിൽ ശ്രദ്ധിക്കപ്പെടുന്നത്‌.ഈ മഞ്ഞ നിറം കാഴ്ച ക്ക് വേണ്ടി മാത്രമല്ല .
 മാത്രമല്ല, സുരക്ഷയ്ക്ക് കൂടിയാണ് എന്നിപ്പോള്‍ മനസ്സിലായല്ലോ ?വടക്കെ അമേരിക്കയിൽ തുടങ്ങി വെച്ച ഈ രീതിയാണു ഇന്ത്യ അടക്കമുള്ള  മിക്ക രാജ്യങ്ങളും പിന്തുടരുന്നത്‌.ചുകപ്പിനും ദൂരക്കാഴ്ച കൂടും .അത് കൊണ്ടാണ് സിഗ്നല്‍ ലൈറ്റുകളും , വണ്ടികളുടെ ബ്രേക്ക് ലൈറ്റും ഒക്കെ ചുകപ്പു നിറത്തില്‍ .ചുകന്ന തുണി വീശി തീവണ്ടി നിര്‍ത്തിച്ചു എന്നൊക്കെ വാര്‍ത്ത വായിച്ചിട്ടില്ലേ ?



 അപ്പൊ അപകടങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കാന്‍ ആണല്ലേ ഈ മഞ്ഞ നിറം.
നാളെ അരുണ്‍ മാഷോട്  പറയണം ...

സമ്മാനം കിട്ടിയാല്‍ മാമന് ചെലവ് ചെയ്യണം ട്ടോ

അപ്പോളേക്കും ചേച്ചിയുടെ മഞ്ഞ ബസ്‌ റോഡില്‍ വന്നുനിന്നു. മുറ്റത്തേക്ക്‌ പാഞ്ഞ സംശയം അവളുടെ മുന്നില്‍ സഡന്‍  ബ്രേക്കിട്ടു ..


അതേയ്  ചേച്ച്യേ   ഈ സ്കൂള്‍  ബസ്സുകള്‍ക്കൊക്കെ മഞ്ഞ നിറം ...?