2017, ഓഗസ്റ്റ് 10, വ്യാഴാഴ്‌ച

പരീക്ഷണം 94

സൂചകം നിര്‍മ്മിക്കാം

ആവശ്യമുള്ള സാധനങ്ങള്‍

പതിമുഖം  തിളപ്പിച്ച്  വെള്ളം,  ചെറുനാരങ്ങനീര് , അപ്പക്കാര ലായനി ,  ഗ്ളാസ് ടംബ്ളറുകള്‍

ചെയ്യുന്ന വിധം

ഒരു ഗ്ലാസില്‍ പതിമുഖവെള്ളമെടുക്കുക. ഒരു ഗ്ലാസില്‍ ചുണ്ണാമ്പ് വെള്ളവും ഒന്നില്‍ നാരങ്ങനീരും എടുക്കുക . ഈ രണ്ടു ഗ്ലാസ്സിലെക്കും അല്പം പതിമുഖ വെള്ളം ചേര്‍ക്കുക .നാരങ്ങ നീരിലേക്ക് ചേര്‍ക്കുമ്പോള്‍ മഞ്ഞയായി മാറുന്നു.എന്നാല്‍ ചുണ്ണാമ്പ് വെള്ളവുമായി  ചേരുമ്പോള്‍ നിറം മാറുന്നില്ല എന്ന് കാണാം

ശാസ്ത്ര തത്ത്വം:
പതിമുഖം ഒരു  സൂചകമായി പ്രവര്‍ത്തിക്കുകയാണ് ഇവിടെ .  നാരങ്ങനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട് .ഇതാണ് നിറം മഞ്ഞയായി മാറാന്‍ കാരണം .

പരീക്ഷണം 93 പ്രകാശത്തെ വളക്കാന്‍ കഴിയുമോ ?


പരീക്ഷണം  93

പ്രകാശത്തെ വളക്കാന്‍ കഴിയുമോ
?


ആവശ്യമുള്ള സാധനങ്ങള്‍


സുതാര്യമായ ഒരു പ്ലാസ്റിക് കുപ്പി ,ലേസര്‍ ടോര്‍ച് ,ആണി

ചെയ്യുന്ന വിധം

കുപ്പിയില്‍ വശത്ത് മധ്യഭാഗത്തായി  ആണി കൊണ്ട് ഒരു ചെറിയ ദ്വാരം ഇടുക .കുപ്പിയില്‍ വെള്ളം നിറക്കുക .ഇനി ലേസര്‍ ടോര്‍ച് എടുത്തു കുപ്പിയില്‍ ദ്വാരം ഇട്ട ഭാഗത്തേക്ക് പ്രകാശ ബീം വരുന്ന വിധം അടിക്കുക .ഇനി കുപ്പിയില്‍ നിന്നും പുറത്തേക്ക് ചാടുന്ന വെള്ളം നിരീക്ഷിക്കൂ .വെള്ളത്തിലൂടെ ലേസര്‍ ടോര്‍ച്ചിന്റെ പ്രകാശം സഞ്ചരിച്ചു വരുന്നില്ലേ ?

ശാസ്ത്ര തത്വം

പൂര്‍ണ ആന്തരിക പ്രതിഫലനം ആണിവിടെ നടക്കുന്നത് .പ്രകാശ ബീം വെള്ളത്തിലൂടെ സഞ്ചരിച്ചു വരാന്‍ ഇതാണ് കാരണം


2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

പരീക്ഷണം 92 സൂര്യന്റെ പ്രതിബിംബം കാണാം

പരീക്ഷണം 92

സൂര്യന്റെ പ്രതിബിംബം കാണാം


ആവശ്യമുള്ള സാധനങ്ങള്‍

ഐസ് ക്രീം ബാള്‍ ,കണ്ണാടി കഷണം ,സെല്ലോ ടാപ്പ് 


ചെയ്യുന്ന വിധം

ഐസ്ബാള്‍ എടുത്ത്  പന്തെടുത്ത് അതിൽ  ഉള്ളില്‍ മണൽ നിറക്കുക. പന്തിൻറെ പകുതി മണൽ നിറച്ചാൽ മതി. അടപ്പ് കൊണ്ട് അടക്കുക. ഇനി 2 - 3 സെ.മീ. വശമുള്ള, സമചതുരാകൃതിയിലുള്ള ഒരു കണ്ണാടികഷണം  പന്തുമായി ചേർത്ത്, ഒട്ടിക്കുക. ടേപ്പ് ഒട്ടിച്ചു കഴിഞ്ഞാലും കണ്ണാടിയുടെ കുറച്ചു  ഭാഗം സമചതുരാകൃതിയിൽ ടേപ്പുകൊണ്ട് മറയാതെ ഉണ്ടാകണം.  ഒരു ഗ്ലാസിൻറേയോ മുകളിൽ  സൂര്യ പ്രകാശം ഉള്ള സ്ഥലത്തുവച്ച് തിരിച്ച് ദൂരെയുള്ള ഭിത്തിയിൽ  പ്രകാശം പതിപ്പിക്കുക സൂര്യൻറെ പ്രതിബിംബം കാണാന്‍ കഴിയും

ശാസ്ത്ര തത്വം
ഇവിടെ കണ്ണാടി കഷണം ഒരു പിന്‍ഹോള്‍ ക്യാമാറയായിപ്രവര്‍ത്തിക്കുന്നു .സൂരന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ കണ്ണാടിയുടെ വലിപ്പം പിന്‍ ഹോളിനെക്കാള്‍ കുറവായിരിക്കും .പിന്‍ ഹോള്‍ ഒരു കോണ്‍ വെക്സ് ലെന്‍സ്‌ ആയി പ്രവര്‍ത്തിക്കുന്നു .തന്മൂലമാണ്‌ ചുവരില്‍ സൂര്യന്റെ ചെറുതും തലകീഴായതുമായ പ്രതിബിംബം ലഭിക്കുന്നത്
പരീക്ഷണം 91

രണ്ടു പ്രിസങ്ങള്‍ ചേര്‍ത്ത് വച്ചാല്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരേ വലിപ്പത്തിലുള്ള രണ്ടു ഗ്ലാസ് പ്രിസങ്ങള്‍, ടോര്‍ച് ,കറുത്ത കട്ടിക്കടലാസ്

ചെയ്യുന്ന വിധം

കറുത്ത കടലാസിന്റെ നടുവിലായി ഒരു ചെറിയ സുഷിരം ഇടുക .പ്രിസം മേശപ്പുറത്തു വക്കുക .കടലാസിലെ സുഷിരത്തിനു മുന്‍വശം ടോര്‍ച്ച് പ്രകാശിപ്പിക്കുക .ഇപ്പോള്‍ കിട്ടുന്ന പ്രകാശ ബീം പ്രിസത്തിന്റെ ചരിഞ്ഞ ഒരു മുഖത്ത് പതിപ്പിക്കുക .മറു വശത്ത് ഒരു വെളുത്ത പേപ്പര്‍ പിടിക്കുക .ഏഴു നിറങ്ങള്‍ കാണുന്നില്ലേ ? ഇനി രണ്ടാമത്തെ പ്രിസം ആദ്യപ്രിസത്തിന്റെ വശത്ത് ചേര്‍ത്ത് വക്കുക ഇനി ടോര്‍ച് പ്രകാശിപ്പിക്കുക .അപ്പുറത്ത് പേപ്പര്‍ പിടിക്കൂ .കിട്ടുന്നത് വെളുത്ത പ്രകാശം ആയിരിക്കും

ശാസ്ത്ര തത്വം

പ്രിസത്തിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍ പ്രകീര്‍ണനം സംഭവിക്കുന്നത് കാരണം അത് ഏഴു നിറങ്ങള്‍ ആയി പിരിയുന്നു .മറ്റൊരു പ്രിസം കൂടി ഉപയോഗിക്കുമ്പോള്‍ വിവിധ വര്‍ണ്ണരശ്മികള്‍ക്ക് വീണ്ടും അപവര്‍ത്തനം നടക്കുതിനാല്‍ വീണ്ടും അവ ഒന്നായി ചേരുന്നത് കൊണ്ടാണ് വെളുത്ത പ്രകാശം ലഭിക്കുന്നത്

2017, ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പരീക്ഷണം 90

കമ്പനം കാണാം
ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് ടംബ്ലര്‍,ബലൂണ്‍ ,സെല്ലോ ടാപ്പ് ,തെര്‍മോക്കോള്‍ ഉണ്ടകള്‍ , ടേപ്പ് റെക്കോഡര്‍

ചെയ്യുന്ന വിധം

ആദ്യം പ്ലാസ്റിക് ടംബ്ലറിന്റെ ഉള്ളില്‍ കുറച്ചു ചെറിയ തെര്‍മോക്കോള്‍ ഉണ്ടകള്‍ ഇടുക .വേണമെങ്കില്‍ നിറം കൊടുത്തോളൂ .ഇനി പാത്രത്തിന്റെ വായ്‌ ഭാഗത്ത് ബലൂണ്‍ ഡയഫ്രം പോലെ വലിച്ചു കെട്ടുക .ഇനി ടേപ്പ് റെക്കോഡര്‍ ഓണ്‍ ആക്കി പാട്ട് വച്ചോളൂ .സ്പീക്കര്‍ ഭാഗം മുകളില്‍ വരുന്ന വിധം ടേപ്പ് റെക്കോഡര്‍ വയ്ക്കൂ .സ്പീക്കറിന്റെ മുകളില്‍ ബലൂണ്‍ കെട്ടിയ ഭാഗം വരുന്ന വിധം പ്ലാസ്റിക് പാത്രം വച്ചു നോക്കൂ .പാത്രത്തിന്റെ ഉള്ളില്‍ തെര്‍മോക്കോള്‍ ഉണ്ടകള്‍ പാട്ടിനൊത്ത് ചാടിക്കളിക്കുന്നതായി കാണാം .

ശാസ്ത്ര തത്വം

കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് .സ്പീക്കറില്‍ ഉണ്ടാകുന്ന കമ്പനം ബലൂണ്‍ പാളിയിലെക്കും തെര്‍മോക്കോള്‍ ഉണ്ടകളിലെക്കും പ്രേഷണം ചെയ്യപ്പെടുന്നത് കൊണ്ടാണ് തെര്‍മോക്കോള്‍ ഉണ്ടകള്‍ പാട്ടിനൊത്ത് ചാടിക്കളിക്കുന്നതായികാണുന്നത് 

2017, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

പരീക്ഷണം 88 ,89 ഫോണ്‍ ഉണ്ടാക്കാം

 പരീക്ഷണം 88
ഒരു കളി ഫോണ്‍ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

രണ്ടു പേപ്പര്‍ കപ്പുകള്‍ ,നൂല്‍

ചെയ്യുന്ന വിധം

രണ്ടു കപ്പുകളുടെയും അടിഭാഗത്ത് സൂചി കൊണ്ട് ദ്വാരം ഇട്ടു നൂല്‍ കടത്തി ഉള്ളില്‍ ചെറുതായി കെട്ടിയിടുക .ഇനി ഒരു കപ്പു നിങ്ങളുടെ കയ്യിലും മറ്റേ കപ്പ് കൂട്ടുകാരന്റെ കയ്യിലും എടുക്കുക .കൂട്ടുകാരനോട് അല്പം അകലെ മാറി കപ്പിനോട് വായ്‌ ചേര്‍ത്ത് സംസാരിക്കാന്‍ പറയുക .നൂല്‍ നന്നായി വലിച്ചു പിടിച്ച ശേഷം നിങ്ങളുടെ കയ്യിലുള്ള കപ്പു ചെവിയില്‍ വച്ചു നോക്കൂ .കൂടുകാരന്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാനാകും

ശാസ്ത്ര തത്വം

ശബ്ദം ഇവിടെ നൂലിലൂടെ സഞ്ചരിക്കുന്നു .അത് കൊണ്ടാണ് നമുക്ക് ശബ്ദം കേള്‍ക്കാന്‍ കഴിയുന്നത് .ശബ്ദം സഞ്ചരിക്കുന്നത് കമ്പനം മൂലമാണ്




 പരീക്ഷണം 89

ഒരു സ്പീക്കര്‍ ഫോണ്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍


ചെറിയ സ്പീക്കര്‍ രണ്ടെണ്ണം
കണക്ട് ചെയ്യാനുള്ള വയര്‍

ചെയ്യുന്ന വിധം

സ്പീക്കറുകളെ പരസ്പരം വയര്‍ ഉപയോഗിച്ച്  കണക്ട് ചെയ്യണം. ഇനി  കൂട്ടുകാരനോട് ഒരു സ്പീക്കര്‍  ചെവിയോട് ചേര്‍ത്ത് പിടിക്കാന്‍ പറയു . അല്പം അകലേക്ക് മാറി നിന്ന് അടുത്ത സ്പീക്കര്‍ എടുത്ത് നിങ്ങളുടെ വായോട് ചേര്‍ത്ത് പിടിച്ച് സംസാരിച്ചു നോക്കൂ.  പറയുന്നതെല്ലാം നിങ്ങളുടെ ചങ്ങാതിക്ക് സ്പീക്കറിലൂടെ കേള്‍ക്കാന്‍ കഴിയും. കൂട്ടുകാരന്  തിരിച്ചും ഇതേ പോലെ തന്നെ സംസാരിക്കാം.

ശാസ്ത്ര തത്വം
 വൈദ്യുതകാന്തിക പ്രേരണം ആണ് ഇവിടെത്തെ ശാസ്ത്ര തതം .കാന്തികമണ്ഡലത്തിലിരിക്കുന്ന കോയിലിലേക്ക് വൈദ്യുതി പ്രവഹിക്കുമ്പോള്‍  അത് ചലിക്കാന്‍ തുടങ്ങുന്നു. ഈ ചലനത്തെ ഒരു ഡയഫ്രത്തിലേക്ക് മാറ്റിയാല്‍ ശബ്ദം കേള്‍ക്കാം. ഇതാണ് ഒരു സ്പീക്കരിന്റെ പ്രവര്‍ത്തനം . ഇതേ സ്പീക്കറിന്റെ ഡയഫ്രം ചലിപ്പിക്കുകയാണ് നമ്മള്‍ ചെയ്തത് .അപ്പോള്‍  നേരേ വിപരീതദിശയില്‍ കോയിലില്‍ അല്പം വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നു .ഈ വൈദ്യുതി സ്പീക്കറുമായി ഘടിപ്പിച്ചിരിക്കുന്ന വയറിലൂടെ അടുത്ത സ്പീക്കറിലേക്ക് എത്തിച്ചേരും. അവിടെ വച്ച് ഈ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് കോയിലും തുടര്‍ന്ന് ഡയഫ്രവും ചലിക്കാന്‍ തുടങ്ങും. ഡയഫ്രത്തിന്റെ ചലനം ശബ്ദമായി നിങ്ങളുടെ കാതില്‍ എത്തിച്ചേരുകയും ചെയ്യും.


പരീക്ഷണം 87 വെള്ളം കുടിക്കുന്ന കുപ്പി

പരീക്ഷണം 87

വെള്ളം കുടിക്കുന്ന കുപ്പി


ആവശ്യമുള്ള സാധനങ്ങള്‍

മെഴുകു തിരി , തീപ്പെട്ടി ,പ്ലേറ്റ് ,വെള്ളം, ഗ്ലാസ് കുപ്പി


ചെയ്യുന്ന വിധം

പ്ലേറ്റില്‍ നടുവിലായി ഒരു മെഴുകു തിരി കത്തിച്ചു വെക്കുക .പ്ലേറ്റില്‍ അടിഭാഗം പരക്കുന്ന വിധം വെള്ളം ഒഴിക്കുക .  മെഴുകു തിരി ഗ്ലാസ് കുപ്പിയുടെ ഉള്ളില്‍ വരത്തക്ക വിധം  ഗ്ലാസ് കുപ്പി മെഴുകു തിരിയുടെ മുകളില്‍ കമിഴ്ത്തി വക്കുക . മെഴുകു തിരിജ്വാല  ക്രമേണ കെടുന്നതായി കാണാം .അപ്പോള്‍ പ്ലേറ്റിലെ വെള്ളം കുപ്പിക്ക്‌ ഉള്ളിലേക്ക് കയറുന്നതായി കാണുന്നില്ലേ ?

ശാസ്ത്ര തത്വം

മെഴുകു തിരി കത്താന്‍ വായു ആവശ്യമാണ്‌ .അപ്പോള്‍ കുപ്പിക്ക്‌ ഉള്ളിലെ വായുവിന്റെ അളവ് കുറയുന്നു .മര്‍ദ്ദവും കുറയുന്നു .ഇവിടേയ്ക്ക് അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം വെള്ളം കുപ്പിക്കു ഉള്ളിലേക്ക് കയറുന്നു .

പരീക്ഷണം 86 വരൂ മഴവില്ല് ഉണ്ടാക്കാം

പരീക്ഷണം 86

വരൂ  സി ഡി കൊണ്ട് മഴവില്ല് ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കണ്ണാടി , ടോര്‍ച്ച് ,പഴയ സി ഡി ,


ചെയ്യുന്ന വിധം

മുറിക്കകം ജനാലകള്‍ അടച്ച് ഇരുട്ടാക്കുക .സൂര്യപ്രകാശത്തെ സിഡിയുപയോഗിച്ച് പ്രതിഫലിപ്പിച്ച് ക്ലാസ് മുറിയിലെ ചുമരില്‍ വീഴ്ത്തുക.ചുവരില്‍ മഴവില്ല് കാണുന്നില്ലേ ? ടോര്‍ച് ഉപയോഗിച്ചും പരീക്ഷണം ചെയ്യാവുന്നതാണ്


ശാസ്ത്ര തത്വം

 ഡിഫ്രാക്ഷന്‍ (വിഭംഗനം) എന്ന  പ്രതിഭാസമാണ് ഈ നിറങ്ങളെ വേര്‍പിരിയിച്ചത്.  അല്പം ചരിച്ചു പിടിച്ച സിഡിയിലേക്ക് നേരിട്ട് നോക്കിയാലും അവിടെ നിറങ്ങള്‍ മാറിമറയുന്നത് കാണാന്‍ കഴിയും. ഇന്റര്‍ഫറന്‍സ് (വ്യതികരണം) എന്ന പ്രതിഭാസമാണ് ഇവിടെ നിറങ്ങള്‍ക്ക്  കാരണമാകുന്നത്.
.

പരീക്ഷണം 85 കാണാതാകുന്ന ഗ്ലാസ്


പരീക്ഷണം 85

കാണാതാകുന്ന ഗ്ലാസ്

ആവശ്യമുള്ള സാധനങ്ങള്‍


ഒരു വലിയ ഗ്ലാസ്‌ സണ്‍ഫ്ലവര്‍ എണ്ണ, വലിയ ഗ്ലാസിനു ഉള്ളില്‍ വക്കാവുന്ന ചെറിയ ഗ്ലാസ്

ചെയ്യുന്ന വിധം


വലിയ ഗ്ലാസിനുള്ളില്‍ ചെറിയ ഗ്ലാസ് വക്കുക .ചെറിയ ഗ്ലാസ്സിലേക്ക്‌ സണ്‍ഫ്ലവര്‍ എണ്ണ പതുക്കെ ഒഴിക്കുക .ചെറിയ ഗ്ലാസ്സില്‍ നിറഞ്ഞു വലിയ ഗ്ലാസ് വക്ക് വരെ നിറയുന്നിടത്തോളം എണ്ണ ഒഴിക്കുക .ഇപ്പോള്‍ നോക്കൂ ചെറിയ ഗ്ലാസ് കാണാന്‍ കഴിയുന്നില്ലല്ലോ

ശാസ്ത്ര തത്വം

ഇവിടെ പ്രകാശിക സാന്ദ്രത എന്ന പ്രത്യേകതയാണ് ചെറിയ ഗ്ലാസ് കാണാതാക്കുന്നത്.എണ്ണയുടെയും ഗ്ലാസ്സിന്റെയും  പ്രകാശിക സാന്ദ്രത തുല്യമായത് കൊണ്ടാണ് ചെറിയ ഗ്ലാസ്സിനെ കാണാന്‍ കഴിയാത്തത്

2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

പരീക്ഷണം 82,83,84 പ്രകാശത്തിന്റെ അപവര്‍ത്തനം

പരീക്ഷണം 82

പ്രകാശത്തിന്റെ അപവര്‍ത്തനം


അപ്രത്യക്ഷമാകുന്ന നാണയം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു സുതാര്യമായ ഗ്ലാസ്, നാണയം, വെള്ളം

ചെയ്യുന്ന വിധം

ഒരു നാണയം മേശപ്പുറത്ത് വക്കുക .ഇതിനു മുകളിലായി ഗ്ലാസ് വക്കുക .ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക്‌ നാണയം കാണാന്‍ കഴിയും .ഇനി ഗ്ലാസ്സില്‍ വെള്ളം നിറക്കുക .മുന്നില്‍ നില്‍ക്കുന്നയാള്‍ക്ക്‌ നാണയത്തെ കാണാന്‍ കഴിയുന്നില്ല എന്ന് കാണാം .

ശാസ്ത്ര തത്വം

പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന സ്വഭാവമാണ് ഇതിനു കാരണം .നാണയത്തില്‍ തട്ടി പ്രതിപതിക്കുന്ന  പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ നാണയത്തെ കാണുന്നത് .എന്നാല്‍ ഗ്ലാസ് വെള്ളം ,വായു എന്നീ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രാകാശ പാതയ്ക്ക് വ്യതിയാനം വരുന്നത് കൊണ്ട് നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുന്നില്ല .



പരീക്ഷണം 83

പ്രത്യക്ഷമാകുന്ന നാണയം

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ചെറിയ ബൌള്‍ പാത്രം ,നാണയം ,വെള്ളം


ചെയ്യുന്ന വിധം


ബൌളില്‍ ഒരു നാണയം നിക്ഷേപിക്കുക .ഇനി ബൌളില്‍ നിന്നും പിറകിലേക്ക് നടക്കുക .നാണയം കാണാതാകുന്ന സമയം നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കുക .ഇനി കൂട്ടുകാരനോട് ബൌളില്‍ വെള്ളം നിറക്കാന്‍ പറയൂ .ബൌളില്‍ നാണയം പ്രത്യക്ഷപ്പെടുന്നതായി കാണാം .


ശാസ്ത്ര തത്വം

പ്രകാശത്തിന്റെ അപവര്‍ത്തനം എന്ന സ്വഭാവമാണ് ഇതിനു കാരണം .നാണയത്തില്‍ തട്ടി പ്രതിപതിക്കുന്ന  പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുമ്പോള്‍ ആണ് നമ്മള്‍ നാണയത്തെ കാണുന്നത് . പിറകിലേക്ക് നീങ്ങുമ്പോള്‍ നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തുന്നില്ല .അപ്പോള്‍ നാണയം കാണാതാകുന്നു .വെള്ളം നിറക്കുമ്പോള്‍  വെള്ളം ,വായു എന്നീ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രാകാശ പാതയ്ക്ക് വ്യതിയാനം വരുന്നത് കൊണ്ട്നാണയത്തില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണുകളില്‍ എത്തും .അതാണ്‌ നമുക്ക് നാണയം വെള്ളത്തില്‍ ഉയര്‍ന്നു വന്ന പോലെ കാണുന്നത് .

പരീക്ഷണം 83

തല മാറുന്ന അമ്പടയാളം


ആവശ്യമുള്ള സാധനങ്ങള്‍

ഒരു സുതാര്യമായ ഗ്ലാസ്, പശ , പേപ്പര്‍ ,സ്കെച്ച് പെന്‍ ,വെള്ളം

ചെയ്യുന്ന വിധം


ഒരു ഗ്ലാസ് മേശപ്പുറത്ത് വക്കുക .പേപ്പറില്‍ ഒരു ചെറിയ അമ്പടയാളം വരച്ചു എടുക്കുക .വരച്ച ഭാഗത്ത് പശ തേച്ചു ഗ്ലാസിന്റെ പിന്‍ വശത്ത് ഒട്ടിച്ചു വക്കുക .ഇപ്പോള്‍ മുന്നില്‍ നിന്നും നോക്കുമ്പോള്‍ അമ്പടയാളം കാണാന്‍ കഴിയും .ഇനി സാവധാനം ഗ്ലാസ്സില്‍ വെള്ളം ഒഴിക്കുക .വെള്ളം അമ്പടയാളം ഉള്ളതിന് മുകളില്‍ എത്തുമ്പോള്‍ മുന്നില്‍ ഉള്ള ആള്‍ക്ക് അമ്പടയാളം തിരിഞ്ഞു തലമാറി കാണുന്നു .

ശാസ്ത്ര തത്വം
ഇവിടെ ഗ്ലാസ്സിലെ വെള്ളം വെള്ളം ഒരു കോണ്‍ വെക്സ് ലെന്‍സ്‌ ആയി പ്രവര്‍ത്തിക്കുന്നു .ലെന്‍സിനു മുമ്പിലുള്ള വസ്തുവിന്റെ തലകീഴായ പ്രതിബിംബം ആണ് നമുക്ക് കാണാന്‍ കഴിയുന്നത് .വായു ,വെള്ളം എന്നീ മാധ്യമങ്ങളില്‍ കൂടി പോകുമ്പോള്‍ പ്രകാശത്തിനു അപവര്‍ത്തനം സംഭവികുകയാണ് ഇവിടെ .

2017, ജൂലൈ 31, തിങ്കളാഴ്‌ച

പരീക്ഷണം 81 ആര്‍ക്കമെഡിസ് തത്വം തെളിയിക്കാം

പരീക്ഷണം 81

ആര്‍ക്കമെഡിസ് തത്വം തെളിയിക്കാം



ആവശ്യമുള്ള സാധനങ്ങള്‍

ഒരു കിലോ തൂക്കക്കട്ടി ,ഒരു വലിയ പാത്രം , ഒരു ലിറ്ററിന്റെ അളവ് പാത്രം ,ട്രേ, വെയിംഗ് മെഷിന്‍

ചെയ്യുന്ന വിധം

വലിയ പാത്രം ട്രെയില്‍ വക്കുക .വലിയപാത്രത്തില്‍ നിറയെ വെള്ളം എടുക്കുക .പൂര്‍ണമായും നിറഞ്ഞിരിക്കണം . വെയിംഗ് മെഷിനില്‍ വച്ച് ലിറ്റര്‍ പാത്രത്തിന്റെ തൂക്കം അളന്നു രേഖപ്പെടുത്തുക .ഇനി തൂക്കക്കട്ടി ശ്രദ്ധാപൂര്‍വ്വം വലിയപാത്രത്തിലെ വെള്ളത്തിലേക്ക്‌ ഇടുക .പാത്രത്തില്‍ നിന്നും കുറെ വെള്ളം ഒഴുകി ട്രേയില്‍ ശേഖരിക്കപ്പെടുന്നത്‌ കാണുന്നില്ലേ ?
ഈ വെള്ളം ലിറ്റര്‍ പാത്രത്തിലേക്ക് മാറ്റുക .ലിറ്റര്‍ പാത്രം നിറയെ വെള്ളം കിട്ടിയില്ലേ ?ഇനി ലിറ്റര്‍ പാത്രത്തിലേ വെള്ളത്തിന്റെ  ഭാരം വെയിംഗ് മെഷിന്‍ ഉപയോഗിച്ചു അളക്കൂ . ആകെ കിട്ടിയ ഭാരതത്തില്‍ നിന്നും നേരെത്തെ പാത്രത്തിന്റെ മാത്രം ഭാരം കിട്ടിയത് കുറയ്ക്കൂ ..ഒരു കിലോ അല്ലെ ഭാരമായി കിട്ടിയത് ? ഇനി ഉറക്കെ യുറേക്ക യുറേക്ക എന്ന് പറഞ്ഞോളൂ

ശാസ്ത്ര തത്വം


ഒരു ദ്രാവകത്തില്‍ ഒരു വസ്തു പൂര്‍ണമായും മുങ്ങുമ്പോള്‍ ആ വസ്തുവിന്റെ ഭാരത്തിനു തുല്യമായ അത്രയും ദ്രാവകമായിരിക്കും പുറന്തള്ളപ്പെടുന്നത് .ഇത് ആര്‍ക്കമെഡിസ് തത്വം എന്ന് അറിയപ്പെടുന്നു

പരീക്ഷണം 80 ശ്വസിക്കുന്നത് എങ്ങിനെ?

പരീക്ഷണം 80

ശ്വസിക്കുന്നത് എങ്ങിനെ?

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പ്ലാസ്റിക് കുപ്പി ,കത്തി ,ബലൂണുകള്‍ , സ്കെച്ച് പെന്‍ കൂട്

ചെയ്യുന്ന വിധം

പ്ലാസ്റിക് കുപ്പിയുടെ അടിഭാഗം കത്തി ഉപയോഗിച്ചു മുറിച്ചു കളയുക .ഇവിടെ ഒരു ബലൂണ്‍ മുറിച്ചു വിടര്‍ത്തി  അടച്ചു കെട്ടുക .കുപ്പിയുടെ അടപ്പില്‍ ഒരു ദ്വാരം ഉണ്ടാക്കി അതിലൂടെ സ്കെച് പെന്‍ കൂട് കടത്തുക .വായു നിബന്ധമാക്കുവാന്‍ പശയിട്ടു ഉറപ്പിക്കുക .മറ്റൊരു ബലൂണ്‍ വായ്‌ ഭാഗം .സ്കെച്ച് പെന്‍ കൂടിന്റെ അടി ഭാഗത്ത് കെട്ടി ഉറപ്പിക്കുക . ബാല്ലോന്‍ ഉള്‍ഭാഗത്ത്‌ വരുന്ന വിധം കുപ്പിയെ അടപ്പ് ഉപയോഗിച്ചു അടക്കുക .ഇനി അടിയിലെ ബലൂണ്‍ പാളി താഴത്തേക്ക്‌വലിച്ചു നോക്കൂ .കുപ്പിയുടെ ഉള്ളിലെ ബലൂണ്‍ വീര്‍ക്കുന്നതായി കാണാം .ബലൂണ്‍ പാളി പഴയ സ്ഥിതിയില്‍ ആകുമ്പോള്‍ ബലൂണ്‍ ചുരുങ്ങുന്നതായും കാണാം

ശാസ്ത്ര തത്വം

ബലൂണ്‍ പാളിയെ താഴത്തേക്ക്‌ വലിക്കുമ്പോള്‍ കുപ്പിക്കുള്ളിലെ വ്യാപ്തം കൂടും .അപ്പോള്‍ കുപ്പിക്കുള്ളിലെ  മര്‍ദ്ദം കുറയും. അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം പുറമേ നിന്നുള്ള വായു സ്കെച്ച് പെന്‍ കൂടിലൂടെ ബലൂണിനു ഉള്ളിലേക്ക് കടക്കുന്നു .ബലൂണ്‍ പാളി പഴയ സ്ഥിതിയില്‍ ആകുമ്പോള്‍ കുപ്പിക്കുള്ളിലെ വ്യാപ്തം കുറയുന്നു .മര്‍ദ്ദം കൂടുന്നു .തന്മൂലം ബലൂണിലെ വായു പുറത്ത് പോകുന്നത് കൊണ്ട് ബലൂണ്‍ ചുരുങ്ങുന്നു .ഡയഫ്രം എന്ന പാളിയുടെ പ്രവര്‍ത്തനം നിമിത്തം നമ്മുടെ ശ്വാസകോശത്തിലും നടക്കുന്നത് ഇതേ പ്രവര്‍ത്തനം ആണ്

പരീക്ഷണം 79 പഞ്ചസാരയെ ചൂടാക്കിയാല്‍

പരീക്ഷണം 79

പഞ്ചസാരയെ ചൂടാക്കിയാല്‍


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടെസ്റ്റ്‌ ട്യൂബ് ,അല്പം പഞ്ചസാര ,സ്പിരിറ്റ്‌ ലാമ്പ് ,പഞ്ഞി

ചെയ്യുന്ന വിധം

ടെസ്റ്റ്‌ ട്യൂബില്‍ അല്പം പഞ്ചസാര എടുക്കുക .ട്യൂബിന്റെ വായ്‌ ഭാഗം പഞ്ഞി കൊണ്ട് നന്നായി അടക്കുക .സ്പിരിറ്റ്‌ ലാമ്പ് കത്തിച്ച ജ്വാലയില്‍ ടെസ്റ്റ്‌ ട്യൂബ് കാണിക്കുക .എന്ത് സംഭവിക്കുന്നു നിരീക്ഷിക്കൂ .അല്‍പ സമയം കഴിയുമ്പോള്‍ ടെസ്റ്റ്‌ ട്യൂബിന്റെ അടിയില്‍ കറുത്ത ഒരു അവക്ഷിപ്തം കാണുന്നില്ലേ ?പഞ്ഞി എടുത്തു മാറ്റി തൊട്ടു നോക്കൂ ..നനഞ്ഞിരിക്കുന്നതായി കാണാം

ശാസ്ത്ര തത്വം


പഞ്ചാസാരയില്‍ കാര്‍ബണ്‍ ,ഹൈഡ്രജന്‍ ,ഓക്സിജന്‍ എന്നിവ അടങ്ങിയിരിക്കുന്നു .ചൂടാക്കുമ്പോള്‍ ഇത് വേര്‍പിരിയുന്നു .അടിയില്‍ കാണുന്നത് കാര്‍ബണ്‍ ആണ് .ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് വെള്ളം ആയി മാറുന്നു .ഇതാണ് പഞ്ഞി നനയാന്‍ കാരണം

2017, ജൂലൈ 30, ഞായറാഴ്‌ച

പരീക്ഷണം 78 ഡി സി ജനറെട്ടര്‍ ഉണ്ടാക്കാം

പരീക്ഷണം 78

ഡി സി ജനറെട്ടര്‍ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഡി സി മോട്ടോര്‍ ,ചെമ്പു കമ്പി ഒരു എല്‍ ഇ ഡി ,ഒരു കുപ്പിയടപ്പ് ,നൂല്‍ ,പശ
ചെയ്യുന്ന വിധം

ആദ്യം ഒരു ഡി സി മോട്ടോര്‍ എടുക്കുക ..ഇതിലേക്ക് വൈദ്യതി കൊടുക്കുന്ന രണ്ടു കമ്പികള്‍ കണ്ടില്ലേ ?അവയുടെ അഗ്രങ്ങളില്‍ ആയി എല്‍ ഇ ഡി ഘടിപ്പികുക .ഒരു കുപ്പിയടപ്പിനു നടുവില്‍ ഒരു ദ്വാരം ഇട്ടു മോട്ടോറിന്റെ പുറത്തേക്ക് നില്‍ക്കുന്ന ഷാഫ്റ്റ്   അതില്‍ കടത്തി പ്ലാസ്റിക് ഒട്ടികുന്ന തരം പശ ഇട്ടു ഉറപ്പിക്കുക .അടപ്പിന്റെ വക്കില്‍ ഒരു ചെറിയ ദ്വാരം ഇട്ടു അതിലൂടെ നൂല്‍ കെട്ടി എടുക്കുക .ഇനി അടപ്പില്‍ നൂല്‍ ചുറ്റി എടുക്കുക .നൂല്‍ വലിച്ചു അടപ്പിനെ ശക്തമായി കറക്കി നോക്കൂ .എല്‍ ഇ ഡി പ്രകാശിക്കുന്നതായി കാണാം .

ശാസ്ത്ര തത്വം .

ഡി സി മോട്ടോറിനെ ഇവിടെ നമ്മള്‍ ജനറേറ്റര്‍ ആക്കി മാറ്റുകയാണ് ചെയ്തത് . കുപ്പിയടപ്പ് കറങ്ങുമ്പോള്‍ ഷാഫ്റ്റ് തിരിയുന്നു .അപ്പോള്‍ വൈദ്യുത കാന്തിക പ്രേരണം കൊണ്ട് വൈദ്യതി ഉണ്ടാകുന്നു .ഇതാണ് എല്‍ ഇ ഡി പ്രകാശിക്കാന്‍ കാരണം .വൈദ്യുത ഊര്‍ജത്തെ യാത്രിക ഊര്‍ജ മാക്കുന്ന ഉപകരണമാണ് മോട്ടോര്‍ .ഇവിടെ നമ്മള്‍ യാന്ത്രിക ഊര്‍ജത്തെ വൈദ്യുത ഊര്‍ജം ആക്കി മാറ്റുകയാണ് ചെയ്തത്

പരീക്ഷണം 77 ബലൂണും കമ്പിളിയും ആകര്‍ഷിക്കുന്നത് എന്ത് കൊണ്ട് ?

പരീക്ഷണം 77 

ബലൂണും കമ്പിളിയും ആകര്‍ഷിക്കുന്നത് എന്ത് കൊണ്ട് ?


ആവശ്യമുള്ള സാധനങ്ങള്‍

ബലൂണ്‍ ,നൂല്‍ ,കമ്പിളി കഷണം


ചെയ്യുന്ന വിധം

ബലൂണ്‍ വീര്‍പ്പിച്ചു നൂലില്‍ തൂക്കിയിടുക .ബലൂണിനെ കമ്പിളി കഷണം കൊണ്ട് നന്നായി ഉരസുക .ഇനി കമ്പിളി കഷണം കുറച്ചു അകലെ നിന്നും സാവധാനം ബലൂണിനു അടുത്തേക്ക് കൊണ്ട് വരൂ ..ബലൂണ്‍ കമ്പിളിയിലേക്ക് ആകര്‍ഷിക്കുന്നതായി കാണുന്നില്ലേ ?

ശാസ്ത്ര തത്വം


സ്ഥിത വൈദ്യുതി ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത് .കമ്പിളിയുമായി ഉരസുമ്പോള്‍ കമ്പിളിക്കു പോസിറ്റിവ് ചാര്‍ജും ബലൂണിനു നെഗറ്റിവ് ചാര്‍ജും ലഭിക്കുന്നു .വിജാതീയ ചാര്‍ജുകള്‍ ആകര്‍ഷിക്കുന്നത് കൊണ്ടാണ് ബലൂണും കമ്പിളിയും തമ്മില്‍ ആകര്‍ഷിക്കുന്നത്

പരീക്ഷണം 76 സോളാര്‍ കുക്കര്‍ ഉണ്ടാക്കാം

പരീക്ഷണം 76

സോളാര്‍ കുക്കര്‍ ഉണ്ടാക്കാം


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ടയര്‍ ട്യൂബ് ,ഗ്ലാസ് ഷീറ്റ്,കറുത്ത പെയിന്റ് അടിച്ച സ്റ്റീല്‍ പാത്രം ,വെള്ളം ,പ്ലാസ്റിക് ഷീറ്റ്


ചെയ്യുന്ന വിധം

ടയര്‍ ട്യൂബില്‍ നന്നായി കാറ്റ് നിറക്കുക .
പ്ലാസ്റിക് ഷീറ്റ് വിരിച് ഇതിനെ നല്ല വെയില്‍ കിട്ടുന്ന ഭാഗത്ത് വയ്ക്കുക .ട്യൂബിന്റെ ഉള്‍ഭാഗത്ത് നടുവില്‍ വരത്തക്ക വിധം കറുത്ത പെയിന്റ് അടിച്ച പാത്രം വച്ച് അതില്‍ വെള്ളം ഒഴിച്ച് അടച്ചു വക്കുക .ട്യൂബിനെ ഒരു ഗ്ലാസ് ഷീറ്റ് കൊണ്ട് മൂടുക .കുറച്ചു സമയം കഴിഞ്ഞാല്‍ പാത്രത്തിലെ വെള്ളം ചൂടായിരിക്കുന്നതായി കാണാം .തൊട്ടു നോക്കൂ .

ശാസ്ത്ര തത്വം

സൂര്യപ്രകാശത്തില്‍ താപോര്‍ജം അടങ്ങിയിട്ടുണ്ട് .ഇത് പാത്രത്തില്‍ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് വെള്ളം ചൂടാകുന്നത്

പരീക്ഷണം 75 കാന്തിക ശക്തി കാണാം

പരീക്ഷണം 75

കാന്തിക ശക്തി കാണാം


ആവശ്യമുള്ള സാധനങ്ങള്‍

ഒരു ബാര്‍ കാന്തം ,ഇരുമ്പു പൊടി,വെള്ള പേപ്പര്‍

ചെയ്യുന്ന വിധം

ബാര്‍ കാന്തത്തെ മേശപ്പുറത്ത് വക്കുക ,ഇതിനു മുകളില്‍ വെള്ള പേപ്പര്‍ വക്കുക .പേപ്പറിന് മുകളില്‍ ഇരുമ്പു പൊടി വിതറുക .ഇരുമ്പു പൊടി പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെടുന്നത് കാണുന്നില്ലേ ?രണ്ടു അറ്റങ്ങളിലും പൊടി കൂടുതലായി നില്‍ക്കുന്നതും ഒരു അറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ചില രേഖകള്‍ പോലെ പോകുന്നതും കാണാന്‍ കഴിയും

ശാസ്ത്ര തത്വം

കാന്തത്തിന്റെ ധ്രുവങ്ങള്‍ വരുന്ന ഭാഗത്താണ് കാന്ത ശക്തി കൂടുതല്‍ . അതാണ്‌ ഇവിടെ ഇരുമ്പു പൊടി കൂടുതലായി പറ്റിപ്പിടിക്കാന്‍ കാരണം .കാന്തത്തിന്റെ ഉത്തര ധ്രുവത്തില്‍ നിന്നും ദക്ഷിണ ധ്രുവത്തിലെക്ക് സഞ്ചരിക്കുന്ന കാന്തിക ഫ്ലക്സുകള്‍ ആണ് ഇരുമ്പു പൊടിയില്‍ രേഖകള്‍ ആയി വരുന്നത്

പരീക്ഷണം 74 തക്കാളി ടോര്‍ച്ച്

പരീക്ഷണം  74

തക്കാളി ടോര്‍ച്ച്

ആവശ്യമുള്ള സാധനങ്ങള്‍
തക്കാളികള്‍ ,ചെമ്പു തകിടുകള്‍ ,സിങ്ക് തകിടുകള്‍ ,ചെമ്പുകമ്പി, ഒരു എല്‍ ഇ ഡി

ചെയ്യുന്ന വിധം
തക്കാളികളില്‍ ചെമ്പു തകിടും ചെമ്പ് തകിടും താഴ്ത്തി വക്കുക . ചെമ്പു കമ്പികള്‍ ഉപയോഗിച്ച് ഓരോ തക്കാളിയിലെയും ചെമ്പ് തകിടിനെ അടുത്ത തക്കാളിയിലെ സിങ്ക് തകിടുമായി ബന്ധിപ്പിക്കുക .ആദ്യത്തെ തക്കാളിയിലെ സിങ്ക് തകിടും അവസാനത്തെതിലെ ചെമ്പ് തകിടും ചെമ്പു കമ്പികള്‍ ഉപയോഗിച്ചു എല്‍ ഇ ഡി യുമായി ബന്ധിപ്പിക്കൂ .എല്‍ ഇ ഡി കത്തുന്നതായി കാണാം

ശാസ്ത്ര തത്വം
തക്കാളിയില്‍ ആസിഡ് അടങ്ങിയിട്ടുണ്ട് .സിങ്ക് തകിട് ആസിഡുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഇലട്രോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു.ഇവ ചെമ്പു ചാലകമായി ഉപയോഗിച്ച കമ്പികളിലൂടെ  ചെമ്പു തകിടിലേക്ക് പ്രവഹിക്കുന്നു .ഇതാണ് എല്‍ ഇ ഡി പ്രകാശിക്കാന്‍ കാരണം
പരീക്ഷണം  73

ബലൂണുകള്‍ വികര്‍ഷിക്കുന്നത് എന്ത് കൊണ്ട് ?

ആവശ്യമുള്ള സാധനങ്ങള്‍
രണ്ടു ബലൂണുകള്‍, നൂലുകള്‍ ,കമ്പിളി കഷണം

ചെയ്യുന്ന വിധം
ബലൂണ്‍ രണ്ടും വീര്‍പ്പിച്ച് നൂലില്‍ കെട്ടി പരസ്പരം തൊട്ടിരിക്കുന്ന വിധം തൂക്കിയിടുക .ഇവയുടെ ഇടയില്‍ ഒരു കമ്പിളി കഷണം കയറ്റി വച്ചു രണ്ടു ബലൂ
ണുകളെയും കമ്പിളിയുമായി നന്നായി ഉരസുക .ഇനി കമ്പിളി മാറ്റൂ .അടുത്ത് നിന്നിരുന്ന ബലൂണുകള്‍ ഇപ്പോള്‍ അകന്നു പോകുന്നതായി കാണുന്നില്ലേ ?

ശാസ്ത്ര തത്വം

സ്ഥിത വൈദ്യതി എന്നതാണ് ഇവിടെ അനുഭവപ്പെടുന്നത് .അനുയോജ്യമായ രണ്ടു വസ്തുക്കള്‍ തമ്മില്‍ ഉരസുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണം കൊണ്ട് അവയില്‍ ഒന്ന് ഇലട്രോ
ണുകളെ വിട്ടു കൊടുത്ത് പോസിറ്റിവ് ചാര്‍ജുള്ളതും ഇലട്രോണ്‍ സ്വീകരിച്ച വസ്തു നെഗറ്റിവ് ചാര്‍ജ് ഉള്ളതും ആയി മാറുന്നു .ബലൂണുകളെ കമ്പിളി കൊണ്ട് ഉരസുമ്പോള്‍ ബലൂണിനു നെഗറ്റിവ് ചാര്‍ജും കമ്പിളിക്കുപോസിറ്റിവ് ചാര്‍ജും ലഭിക്കുന്നു .സജാതീയ ചാര്‍ജുകള്‍ ആയതിനാല്‍ ബലൂണുകള്‍ വികര്‍ഷിക്കുന്നു .

പരീക്ഷണം 71 മൂന്നാം ചലനനിയമം

പരീക്ഷണം  73

മൂന്നാം ചലനനിയമം

ആവശ്യമുള്ള സാധനങ്ങള്‍
ഒരേ പോലെയുള്ള രണ്ടു സ്പ്രിംഗ് ത്രാസുകള്‍ ,തൂക്കക്കട്ടികള്‍

ചെയ്യുന്ന വിധം

ഒന്നാമത്തെ സ്പ്രിംഗ് ത്രാസ്സിനെ ഒരു ഹുക്കില്‍ തൂക്കിയിടുക .രണ്ടാമത്തെ സ്പ്രിംഗ് ത്രാസ്സിനെ ആദ്യത്തേതിന്റെ കൊളുത്തില്‍ തൂക്കിയിടുക .ഇനി രണ്ടാമതെതിന്റെ അറ്റം പിടിച്ചു വലിച്ചു നോക്കൂ ..രണ്ടിന്റെയും സൂചികള്‍ കാണിക്കുന്ന അങ്കനം നിരീക്ഷിക്കൂ .രണ്ടു അളവുകളും തുല്യം ആണെന്ന് കാണാം .ഇനി രണ്ടാം ത്രാസ്സില്‍ തൂക്കക്കട്ടി കൊളുത്തിയിടൂ.

അങ്കനം നിരീക്ഷിക്കൂ..തുല്യമല്ലേ ?
ശാസ്ത്ര തത്വം
ഏതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ പ്രതി പ്രവര്‍ത്തനം ഉണ്ടാകുന്നു .ഇതാണ് രണ്ടിലും ഒരേ തൂക്കം കാണിക്കാനുള്ള കാരണം



പരീക്ഷണം 71 കല്‍ക്കണ്ടം കത്തിക്കാം

പരീക്ഷണം 71


 കല്‍ക്കണ്ടം കത്തിക്കാം

ആവശ്യമുള്ള സാധനങ്ങള്‍
തുല്യ വലിപ്പമുള്ള രണ്ടു കല്‍ക്കണ്ട കഷണങ്ങള്‍ ,തീപ്പെട്ടി ,അല്പം ചാരം

ചെയ്യുന്ന വിധം

രണ്ടു കല്‍ക്കണ്ട കഷണങ്ങളും മേശപ്പുറത്ത് വയ്ക്കുക .ഒന്നിന്റെ മുകളില്‍ അല്പം ചാരം ഇടുക . തീപ്പെട്ടി കൊള്ളി കത്തിച്ചു കല്‍ക്കണ്ടത്തില്‍ കാണിക്കുക . ചാരം ഇട്ട കല്‍ക്കണ്ടം കത്തുന്നതായി കാണാം .ചാരം ഇടാത്തത് കത്തുന്നുമില്ല


ശാസ്ത്ര തത്വം

ഇവിടെ ചാരം ഉള്ളത് കൊണ്ടാണ് ഒരു കല്‍ക്കണ്ട കഷണം വേഗത്തില്‍ കത്തിയത് .ചാരം ഇവിടെ ഉല്‍പ്രേരകം ആയി പ്രവര്‍ത്തിക്കുന്നു . സ്വയം രാസമാറ്റത്തിനു വിധേയമാകാതെ രാസപ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്ന പദാര്‍ഥങ്ങള്‍ ആണ് ഉല്‍പ്രേരകങ്ങള്‍


പരീക്ഷണം 72

ഇരുമ്പാണിയുടെ നിറം മാറ്റാം


ആവശ്യമുള്ള സാധനങ്ങള്‍
ഒരു ടെസ്റ്റ്‌ ട്യൂബ് , പുതിയ ഇരുമ്പാണി,തുരിശ് ലായനി

ചെയ്യുന്ന വിധം
ടെസ്റ്റ്‌ ട്യൂബില്‍ തുരിശ് ലായനി എടുക്കുക .ഇതിലേക്ക് പുതിയ ഇരുമ്പാണി ഇട്ടു വയ്ക്കുക .കുറച്ചു സമയം കഴിഞ്ഞു നിരീക്ഷിക്കൂ .ആണിയുടെ നിറം മാറി ചെമ്പു നിറമായിരിക്കുന്നതായി കാണാം

ശാസ്ത്ര തത്വം
തുരിശുലായനിയില്‍ കോപ്പര്‍ സള്‍ഫേറ്റ് അടങ്ങിയിട്ടുണ്ട് .ഇവിടെ ഇരുമ്പ് തുരിശു ലായനിയില്‍ നിന്നും ചെമ്പിനെ ആദേശം ചെയ്യുന്നു .അതാണ്‌ ആണിയുടെ പുറത്ത് ചെമ്പിന്റെ ഒരു ആവരണം ഉണ്ടാകാന്‍ കാരണം .ഒരു ലോഹത്തിനു അതിനേക്കാള്‍ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ ഒരു ലോഹത്തെ അതിന്റെ സംയുക്തത്തില്‍ നിന്നും ആദേശം ചെയ്യാന്‍ കഴിയും

പരീക്ഷണം 70 വെള്ളത്തെ വൈദ്യുത വിശ്ലേഷണം ചെയ്യാം

പരീക്ഷണം 70

വെള്ളത്തെ വൈദ്യുത വിശ്ലേഷണം ചെയ്യാം

ആവശ്യമുള്ള സാധനങ്ങള്‍
ഒരു പ്ലാസ്റിക് ടംബ്ലര്‍,,ഡ്രൈ സെല്ലിന്റെ ഉള്ളിലെ കാര്‍ബണ്‍ ദണ്ഡ് രണ്ടെണ്ണം ,ചെമ്പുകമ്പി , രണ്ടു ടെസ്റ്റ്‌ ട്യൂബുകള്‍ ,തീപ്പെട്ടി ,അല്പം നാരങ്ങ നീര് ,ഡ്രൈ സെല്‍


ചെയ്യുന്ന വിധം

പ്ലാസ്റിക് ടംബ്ലറിന്റെ  അടിഭാഗത്ത് രണ്ടു തുളകള്‍ ഇടുക .ഇതിലൂടെ കാര്‍ബണ്‍ ദണ്ഡ് ടംബ്ലറിന്റെ ഉള്‍ഭാഗത്ത്‌ കുത്തനെ വരത്തക്ക വിധം കയറ്റി വച്ചു ചോര്‍ച്ച ഇല്ലാത്ത വിധം ദ്വാരങ്ങളുടെ വശത്ത് പശയിട്ടു ഉറപ്പിക്കുക .ഇനി പാത്രത്തില്‍ വെള്ളം നിറക്കുക .വെള്ളത്തിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ക്കുക  രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി പാത്രത്തിലെ  വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ ക്രമീകരിക്കുക . കാര്‍ബ്ബണ്‍ ദണ്ഡില്‍ ചെമ്പു കമ്പികള്‍ ഘടിപ്പിക്കുക .വൈദ്യുതവിശ്ലേഷണത്തിനുള്ള ഉപകരണം  തയ്യാറായി. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ഘടിപ്പിച്ച  കമ്പികളുടെ   അഗ്രങ്ങള്‍ ഡ്രൈ സെല്ലുമായി  ഘടിപ്പിക്കുക.   കുമിളകള്‍ ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നതായി കാണാം . ഇനി ശ്രദ്ധിച്ചു ടെസ്റ്റ്‌ ട്യൂബുകള്‍ പുറത്തെടുത്ത് വായ്‌ ഭാഗത്ത് ഒരു കത്തിച്ച തീപ്പെട്ടി കൊള്ളി കാണിച്ചു നോക്കൂ .ഒരു ടെസ്റ്റ്‌ ട്യൂബില്‍ ഒരു പൊട്ടല്‍ ശബ്ദത്തോടെ കത്തുന്നതായും രണ്ടാമത്തേതില്‍ കൊള്ളി ശോഭയോടെ കത്തുന്നതായും കാണുന്നില്ലേ ?
ശാസ്ത്ര തത്വം
വൈദ്യുതവിശ്ലേഷണം നടക്കുമ്പോള്‍ വെള്ളം  ഹൈഡ്രജന്‍ ഓക്സിജന്‍ എന്നിവയായി പിരിയുന്നു . സെല്ലിന്റെ നെഗറ്റീവ് ധ്രുവത്തില്‍  ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ധ്രുവത്തില്‍ ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.വെള്ളത്തിന്റെ  ഒരു തന്മാത്രയില്‍  രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ആയതു കൊണ്ട്  ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെക്കാള്‍ ഇരട്ടിയായിരിക്കും.ഹൈഡ്രജന്‍ സ്വയം കത്തുന്ന വാതകം ആയതു കൊണ്ടാണ് പൊട്ടല്‍ ശബ്ദം കേട്ടത് .ഓക്സിജന്‍ കത്താന്‍ സഹായിക്കുന്ന വാതകമായത് കൊണ്ടാണ് കൊള്ളി ശോഭയോടെ കത്തുന്നത്.വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാലാണ് നാരങ്ങ നീര്ചേര്‍ക്കുന്നത് 

പരീക്ഷണം 69 എല്ലാ പ്രദേശങ്ങളിലെയും വെള്ളത്തില്‍ സോപ്പ് ഒരേ പോലെ പതയുമോ ?

പരീക്ഷണം 69

എല്ലാ പ്രദേശങ്ങളിലെയും വെള്ളത്തില്‍ സോപ്പ് ഒരേ പോലെ പതയുമോ ?

ആവശ്യമുള്ള സാധനങ്ങള്‍നാല് ടെസ്റ്റ്‌ ട്യൂബുകള്‍ ,കാത്സ്യം ക്ലോറൈഡ്,സോഡിയം
ക്ലോറൈഡ്,കാത്സ്യം ബൈ കാര്‍ബനെറ്റ്‌,വെള്ളം ,സോപ്പ് ,വെള്ളം


ചെയ്യുന്ന വിധം
ടെസ്റ്റ്‌ ട്യൂബുകളില്‍ 
ഒന്നില്‍ വെള്ളവും അടുത്ത മൂന്നെണ്ണത്തില്‍  കാത്സ്യം ക്ലോറൈഡ്,സോഡിയം ക്ലോറൈഡ്,കാത്സ്യം ബൈ കാര്‍ബനെറ്റ്‌,എന്നിവയുടെ ലായനികളും തുല്യ അളവുകളില്‍ എടുക്കുക .എല്ലാറ്റിലും തുല്യ അളവില്‍ സോപ്പ് ചേര്‍ക്കുക .നാല് ടെസ്റ്റ്‌ ട്യൂബുകളും അടച്ചു പിടിച്ചു നന്നായി കുലുക്കുക .
ഓരോന്നിലും സോപ്പ് പതയുന്നത് നിരീക്ഷിക്കുക .വെള്ളത്തില്‍ നന്നായി പതഞ്ഞതായും മറ്റുള്ളവയില്‍ പത കുറവായതായും  കാണാന്‍ കഴിയും

ശാസ്ത്ര തത്വം ലവണങ്ങളുടെ സാന്നിധ്യം കാരണമാണ്
കാത്സ്യം ക്ലോറൈഡ്,സോഡിയം ക്ലോറൈഡ്,കാത്സ്യം ബൈ കാര്‍ബനെറ്റ്‌,എന്നിവയുടെ ലായനികളില്‍ സോപ്പ് പാതയാതിരിക്കാന്‍ കാരണം .സോപ്പ് പതയാത്ത ജലത്തെ കഠിനജലം എന്നാണു പറയുന്നത് 

2017, ജൂലൈ 29, ശനിയാഴ്‌ച

പരീക്ഷണം 68 വൈദ്യുത കാന്തം നിര്‍മ്മിക്കാം

പരീക്ഷണം 68
 

വൈദ്യുത കാന്തം നിര്‍മ്മിക്കാം


ആവശ്യമായ സാധനങ്ങള്‍

പച്ചിരുമ്പ് ആണി
ഇന്‍സുലേറ്റ് ചെയ്ത നേര്‍ത്ത  ചെമ്പു കമ്പി
ബാറ്ററി
ചെയ്യുന്ന വിധം
 ഇന്‍സുലേറ്റു ചെയ്ത ചെമ്പു കമ്പി ആണിക്കു മുകളില്‍ പലച്ചുറ്റായിചുറ്റി എടുക്കുക . ചുറ്റുമ്പോള്‍ ഒരേ ദിശയിലേക്കു മാത്രം ചുറ്റാന്‍ ശ്രധിക്കുക. ചുറ്റിത്തീര്‍ന്നു കഴിയുമ്പോള്‍ കമ്പിയുടെ രണ്ട് അഗ്രങ്ങളും ബാറ്ററിയുമായി ഘടിപ്പിക്കുക . ആണിയുടെ സമീപത്തേക്ക് കുറച്ചു മൊട്ടുസൂചികള്‍ കൊണ്ട് വന്നു നോക്കൂ .മൊട്ടുസൂചികള്‍ ആണിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
ബാറ്ററിയുമായുള്ള ബന്ധം  വിച്ഛേദിച്ചാല്‍ ആണിയുടെ കാന്തശക്തിയും നഷ്ടപ്പെടുന്നു.

ശാസ്ത്ര തത്വം

വൈദ്യതി പ്രവഹിക്കുന്ന ഒരു ചാലകത്തിനു ചുറ്റും കാന്തിക ശക്തി അനുഭവപ്പെടുന്നു .വൈദ്യുതി പ്രവഹിക്കുമ്പോള്‍ പച്ചിരുമ്പ് ആണി കാന്തം ആയി മാറുന്നു .വൈദ്യുതപ്രവാഹം നില്‍ക്കുന്നതോടെ കാന്ത ശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു

പരീക്ഷണം 67 ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം

 പരീക്ഷണം 67

ഹൈഡ്രജന്‍ ബലൂണ്‍ നിര്‍മ്മിക്കാം

 
ആവശ്യമായ സാധനങ്ങള്‍


വലുപ്പമുള്ള ബലൂണ്‍
ഒരു ഗ്ലാസ് കുപ്പിചുണ്ണാമ്പ്
ഗുളിക പൊതിഞ്ഞു വരുന്ന അലൂമിനിയം റാപ്പര്‍  അലക്കു കാരം

ചെയ്യുന്ന വിധം

കുപ്പിയിലേക്ക് ചുണ്ണാമ്പ്, അലൂമിനിയം കടലാസ്, അലക്കു കാരം എന്നിവ ഇടുക. കുപ്പിയുടെ പകുതിവരെ  ചൂടുവെള്ളം ഒഴിക്കുക. അതിനു ശേഷം, കുപ്പിയുടെ വായ്‌ ഭാഗത്തേക്ക് ബലൂണ്‍ കയറ്റുക..
അല്‍പസമയത്തിനു ശേഷം ബലൂണ്‍  വീര്‍ത്തു വരുന്നതുകാണാം. ബലൂണ്‍  നൂല്‍ കൊണ്ട് നന്നായി കെട്ടി കുപ്പിയില്‍ നിന്നും മാറ്റുക. ഇനി ഈ ബലൂണ്‍ കൈയില്‍  വെച്ചു നോക്കൂ, അത് അന്തരീക്ഷത്തിലേക്ക് ഉയരുന്നു.

ശാസ്ത്ര തത്വം

 വായുവിനേക്കാള്‍ സാന്ദ്രത  കുറഞ്ഞ ഒരു വാതകമാണ് ഹൈഡ്രജന്‍. ഇവിടെ രാസപ്രവത്തനത്തിന്റെ ഫലമായി ഹൈഡ്രജന്‍  വാതകം ഉണ്ടാകുന്നു .ഈ വാതകമാണ് ബലൂണില്‍ നിറഞ്ഞത്

പരീക്ഷണം 66 ലിറ്റ്മസ് പേപ്പര്‍ ഉണ്ടാക്കാം

പരീക്ഷണം 66

 ലിറ്റ്മസ് പേപ്പര്‍ ഉണ്ടാക്കാം


ആവശ്യമായ സാധനങ്ങള്‍
 
ചുവന്ന ചെമ്പരത്തി പൂക്കള്‍
വെള്ള പേപ്പര്‍,നാരങ്ങ നീര് ,അപ്പക്കാര ലായനി

ചെയ്യുന്ന വിധം


വെള്ള പേപ്പറില്‍ ചെമ്പരത്തിയുടെ ഇതളുകള്‍ നന്നായി തേച്ചു പിടിപ്പിക്കുക. കുറച്ചു സമയം ഉണങ്ങാന്‍ അനുവദിക്കുക. ഇപ്പോള്‍നീലനിറത്തിലായി മാറിക്കഴിഞ്ഞില്ലേ?
ഇനി ഈ പേപ്പര്‍   നാരങ്ങാ നീരില്‍ മുക്കി നോക്കൂ.  പേപ്പര്‍ ചുവപ്പു നിറം ആയി മാറുന്നു. ഈ ചുകന്ന പേപ്പറിനെ അല്‍പ സമയം ഉണങ്ങാന്‍ അനുവദിക്കൂ .അതിനു ശേഷം പേപ്പറിനെ അപ്പക്കാര ലായനിയില്‍ മുക്കി നോക്കൂ .നിറം പിന്നെയും നീല ആയി മാറുന്നതായി കാണാം . പലതരം ദ്രാവകങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കൂ

ശാസ്ത്ര തത്വം
ദ്രാവകങ്ങളുടെ ആസിഡ് ഗുണം  പരിശോധിക്കാനുള്ള സൂചകമാണ് ലിറ്റ്മസ് പേപ്പറുകള്‍ .നീല ലിറ്റ്മസ് പേപ്പര്‍ ആസിഡില്‍ ചുകപ്പു നിറവും ,ആല്‍ക്കലി ഗുണം ഉള്ളവയില്‍ ചുകപ്പു ലിറ്റ്മസ് പേപ്പര്‍ നീലയായുംമാറുന്നു .നാരങ്ങനീര്ആസിഡ്ഗുണം ഉള്ളതും അപ്പക്കാരത്തിന്റെ ലായനി ആല്‍ക്കലി സ്വഭാവവുംഉള്ളതാണ് 

2017, ജൂലൈ 25, ചൊവ്വാഴ്ച

പരീക്ഷണം 65 മണ്ണില്‍ ജലാംശം അടങ്ങിയിട്ടുണ്ടോ ?

പരീക്ഷണം 65

മണ്ണില്‍ ജലാംശം അടങ്ങിയിട്ടുണ്ടോ ?

ആവശ്യമുള്ള സാധനങ്ങള്‍

ടെസ്റ്റ്‌ ട്യൂബ് ,മണ്ണ് ,പഞ്ഞി ,തീപ്പെട്ടി ,മെഴുകുതിരി

ചെയ്യുന്നവിധം

ടെസ്റ്റ്‌ ട്യോഇല് അല്പം മണ്ണ് എടുക്കുക .ടെസ്റ്റ്‌ ട്യൂബിന്റെ വായ്ഭാഗം പഞ്ഞികൊണ്ട് അടക്കുക .കത്തിച്ച മെഴുകുതിരിയുടെ ജ്വാലയില്‍ ടെസ്റ്റ്‌ ട്യൂബ് അല്‍പസമയം കാണിക്കുക .ടെസ്റ്റ്‌ ട്യൂബിന്റെ വശങ്ങള്‍ നിരീക്ഷിക്കൂ .ജലബാഷ്പം കാണുന്നുണ്ടോ ? ടെസ്റ്റ്‌ ട്യൂബിനെ ജ്വാലയില്‍ നിനും മാറ്റുക.പഞ്ഞി എടുത്തു കൈ കൊണ്ട് തൊട്ടു നോക്കൂ .നനവ്‌ അനുഭവപ്പെടുന്നതായി കാണാം .

ശാസ്ത്ര തത്വം

മണ്ണില്‍ ഈര്‍പ്പത്തിന്റെ അംശം ഉണ്ട് .ചൂടായപ്പോള്‍ അതാണ്‌ ജലബാഷ്പം ഉണ്ടായത് .പഞ്ഞിയില്‍ തട്ടി ബാഷ്പം തണുത്ത് വെള്ളമായി മാറുന്നത് കൊണ്ടാണ് പഞ്ഞി നനഞ്ഞത്

പരീക്ഷണം 63 ഗ്ലാസ് ബലൂണ്‍ ഉപയോഗിച്ചു ഉയര്‍ത്താന്‍ കഴിയുന്നത് എന്ത് കൊണ്ട് ?

പരീക്ഷണം 63

ഗ്ലാസ്  ബലൂണ്‍ ഉപയോഗിച്ചു ഉയര്‍ത്താന്‍ കഴിയുന്നത് എന്ത് കൊണ്ട് ?

ആവശ്യമുള്ള സാധനങ്ങള്‍


ബലൂണ്‍, നൂല്‍, തീപ്പെട്ടി ,ഗ്ലാസ്


ചെയ്യുന്ന വിധം

ബലൂണ്‍ വീര്‍പ്പിച്ച് നൂല് കൊണ്ട് കെട്ടുക .ഗ്ലാസ് മേശപ്പുറത്ത് വയ്ക്കുക .ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച് ഗ്ലാസിനുള്ളിലേക്ക് ഇടുക .കൊള്ളി കത്തി കെടുമ്പോള്‍ ബലൂണിന്റെ ഉരുണ്ട ഭാഗം ഗ്ലാസ്സിന്റെ വായ്‌ ഭാഗത്തേക്ക് വയ്ക്കുക .എന്ത് സംഭവിക്കുന്നു ?ബലൂണ്‍ ഗ്ലാസിന്റെ ഉള്ളിലേക്ക് അല്പം കയറി പോയില്ലേ ?ഇനി ബലൂണില്‍ പിടിച്ചു ഉയര്‍ത്തി നോക്കൂ ..ഗ്ലാസും ഒപ്പം ഉയരുന്നതായി കാണാം


ശാസ്ത്ര തത്വം

കത്തുവാന്‍ വായു ആവശ്യമാണ് .തീപ്പെട്ടികൊള്ളി കത്തുവാന്‍ വായു ആവശ്യമാണ്‌ .ഗ്ലാസിനുള്ളിലെ വായു കത്താന്‍ ഉപയോഗിക്കപ്പെടുന്നു .കത്തുമ്പോള്‍ വായു ചൂടായി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു .അപ്പോള്‍ ഗ്ലാസ്സിനു ഉള്ളിലെ മര്‍ദ്ദം കുറയുന്നു .ബലൂണ്‍ വയ്ക്കുമ്പോള്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം ബലൂണ്‍ ഉള്ളിലേക്ക് കയറുന്നു .ഇതാണ് ബലൂണ്‍ ഗ്ലാസ്സില്‍ ഉറച്ചു നില്‍കാന്‍ കാരണം

പരീക്ഷണം 64

ബലൂണ്‍ വീര്‍ക്കുന്നത് എന്തുകൊണ്ട്?

ആവശ്യമുള്ള സാധനങ്ങള്‍


ബലൂണ്‍, ചില്ലുകുപ്പി ,തിളച്ച വെള്ളം


ചെയ്യുന്ന വിധം


ചില്ലുകുപ്പിയുടെ വായ്‌ ഭാഗത്ത് ബലൂണിന്റെ വായ്ഭാഗം കയറ്റി നൂല്‍ കൊണ്ട് കെട്ടി ഉറപ്പിക്കുക .തിളച്ച വെള്ളം ഒരു പാത്രത്തില്‍ എടുക്കുക .കുപ്പിയെ തിളച്ച വെള്ളത്തിലേക്ക് പകുതി വരെ ഇറക്കി വച്ചു നോക്കൂ .ബലൂണ്‍ തനിയെ വീര്‍ക്കുന്നതായി കാണാം.ഇനി കുപ്പിയെ പുറത്തെടുത്തു മേശപ്പുറത്ത് വക്കൂ .ബലൂണ്‍ അല്‍പ സമയത്തിനുള്ളില്‍ ചുരുങ്ങുന്നതായി കാണാം .

ശാസ്ത്ര തത്വം

ചൂടുള്ള വെള്ളത്തില്‍ മുക്കുമ്പോള്‍ കുപ്പിക് ഉള്ളിലെ വായുവും ചൂടുപിടിക്കുന്നു .ചൂടായ വായു സംവഹനം കാരണം സാന്ദ്രത കുറഞ്ഞു  വികസിച്ചു മുകളിലേക്ക് ഉയരുന്നു .ഈ വായുവാണ് ബലൂണില്‍ നിറയുന്നത് .കുപ്പി തണുക്കുമ്പോള്‍ വായുവും തണുക്കുന്നു .അതാണ്‌ പിന്നീട് ബലൂണ്‍ ചുരുങ്ങാന്‍ കാരണം എന്ന് മനസ്സിലായില്ലേ ?


2017, ജൂലൈ 24, തിങ്കളാഴ്‌ച

പരീക്ഷണം 62 ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യത്യാസം


പരീക്ഷണം 62

ദ്രാവകങ്ങള്‍ തമ്മില്‍ സാന്ദ്രതയില്‍ ഉള്ള വ്യത്യാസം
ആവശ്യമുള്ള സാധനങ്ങള്‍
ഒരു സുതാര്യമായ പ്ലാസ്റിക് കുപ്പി ,വെള്ളം ,മണ്ണെണ്ണ ,വെളിച്ചെണ്ണ

ചെയ്യുന്ന വിധം
ആദ്യം കുപ്പിയില്‍ വെള്ളം എടുക്കുക.ഇതിലേക്ക് അല്പം വെളിച്ചെണ്ണ ചേര്‍ക്കുക .വെളിച്ചെണ്ണ വെള്ളത്തിനു മുകളില്‍ പൊന്തി കിടക്കുന്നില്ലേ ?ഇനി അല്പം മണ്ണെണ്ണ ചേര്‍ക്കുക .മണ്ണെണ്ണ ,വെളിച്ചെണ്ണയുടെ മുകളിലായി പൊന്തിക്കിടക്കുന്നില്ലേ ?ഇനി കുപ്പിയെ അടപ്പുകൊണ്ട് അടച്ചു തലകീഴായി പിടിച്ചു കുലുക്കിയതിനു ശേഷം മേശപ്പുറത്ത് വക്കുക .അല്പസമയം കഴിഞ്ഞു നോക്കൂ .ദ്രാവകങ്ങള്‍ മൂന്നു തട്ടായി നില്‍ക്കുന്നില്ലേ?
ശാസ്ത്ര തത്വം

വെള്ളത്തിനേക്കാള്‍ സാന്ദ്രത കുറഞ്ഞവ വെളത്തില്‍ പൊങ്ങിക്കിടക്കും .ഇവിടെ മണ്ണെണ്ണക്കാണ് കുറഞ്ഞ സാന്ദ്രത .അത് കൊണ്ടാണ് അത് ഏറ്റവും മുകളില്‍ .വെളിച്ചെണ്ണക്ക് മണ്ണെണ്ണയേക്കാള്‍ സാന്ദ്രത കൂടുതലും വെള്ളത്തേക്കാള്‍ കുറവും ആണ് .യൂനിറ്റ് സ്ഥലത്ത് സ്ഥിതിചെയ്യുന്ന ദ്രവ്യത്തിന്റെ അളവാണ് സാന്ദ്രത