2017, ജൂലൈ 25, ചൊവ്വാഴ്ച

പരീക്ഷണം 63 ഗ്ലാസ് ബലൂണ്‍ ഉപയോഗിച്ചു ഉയര്‍ത്താന്‍ കഴിയുന്നത് എന്ത് കൊണ്ട് ?

പരീക്ഷണം 63

ഗ്ലാസ്  ബലൂണ്‍ ഉപയോഗിച്ചു ഉയര്‍ത്താന്‍ കഴിയുന്നത് എന്ത് കൊണ്ട് ?

ആവശ്യമുള്ള സാധനങ്ങള്‍


ബലൂണ്‍, നൂല്‍, തീപ്പെട്ടി ,ഗ്ലാസ്


ചെയ്യുന്ന വിധം

ബലൂണ്‍ വീര്‍പ്പിച്ച് നൂല് കൊണ്ട് കെട്ടുക .ഗ്ലാസ് മേശപ്പുറത്ത് വയ്ക്കുക .ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ച് ഗ്ലാസിനുള്ളിലേക്ക് ഇടുക .കൊള്ളി കത്തി കെടുമ്പോള്‍ ബലൂണിന്റെ ഉരുണ്ട ഭാഗം ഗ്ലാസ്സിന്റെ വായ്‌ ഭാഗത്തേക്ക് വയ്ക്കുക .എന്ത് സംഭവിക്കുന്നു ?ബലൂണ്‍ ഗ്ലാസിന്റെ ഉള്ളിലേക്ക് അല്പം കയറി പോയില്ലേ ?ഇനി ബലൂണില്‍ പിടിച്ചു ഉയര്‍ത്തി നോക്കൂ ..ഗ്ലാസും ഒപ്പം ഉയരുന്നതായി കാണാം


ശാസ്ത്ര തത്വം

കത്തുവാന്‍ വായു ആവശ്യമാണ് .തീപ്പെട്ടികൊള്ളി കത്തുവാന്‍ വായു ആവശ്യമാണ്‌ .ഗ്ലാസിനുള്ളിലെ വായു കത്താന്‍ ഉപയോഗിക്കപ്പെടുന്നു .കത്തുമ്പോള്‍ വായു ചൂടായി മുകളിലേക്ക് ഉയരുകയും ചെയ്യുന്നു .അപ്പോള്‍ ഗ്ലാസ്സിനു ഉള്ളിലെ മര്‍ദ്ദം കുറയുന്നു .ബലൂണ്‍ വയ്ക്കുമ്പോള്‍ അന്തരീക്ഷ മര്‍ദ്ദത്തിന്റെ പ്രവര്‍ത്തനം കാരണം ബലൂണ്‍ ഉള്ളിലേക്ക് കയറുന്നു .ഇതാണ് ബലൂണ്‍ ഗ്ലാസ്സില്‍ ഉറച്ചു നില്‍കാന്‍ കാരണം

പരീക്ഷണം 64

ബലൂണ്‍ വീര്‍ക്കുന്നത് എന്തുകൊണ്ട്?

ആവശ്യമുള്ള സാധനങ്ങള്‍


ബലൂണ്‍, ചില്ലുകുപ്പി ,തിളച്ച വെള്ളം


ചെയ്യുന്ന വിധം


ചില്ലുകുപ്പിയുടെ വായ്‌ ഭാഗത്ത് ബലൂണിന്റെ വായ്ഭാഗം കയറ്റി നൂല്‍ കൊണ്ട് കെട്ടി ഉറപ്പിക്കുക .തിളച്ച വെള്ളം ഒരു പാത്രത്തില്‍ എടുക്കുക .കുപ്പിയെ തിളച്ച വെള്ളത്തിലേക്ക് പകുതി വരെ ഇറക്കി വച്ചു നോക്കൂ .ബലൂണ്‍ തനിയെ വീര്‍ക്കുന്നതായി കാണാം.ഇനി കുപ്പിയെ പുറത്തെടുത്തു മേശപ്പുറത്ത് വക്കൂ .ബലൂണ്‍ അല്‍പ സമയത്തിനുള്ളില്‍ ചുരുങ്ങുന്നതായി കാണാം .

ശാസ്ത്ര തത്വം

ചൂടുള്ള വെള്ളത്തില്‍ മുക്കുമ്പോള്‍ കുപ്പിക് ഉള്ളിലെ വായുവും ചൂടുപിടിക്കുന്നു .ചൂടായ വായു സംവഹനം കാരണം സാന്ദ്രത കുറഞ്ഞു  വികസിച്ചു മുകളിലേക്ക് ഉയരുന്നു .ഈ വായുവാണ് ബലൂണില്‍ നിറയുന്നത് .കുപ്പി തണുക്കുമ്പോള്‍ വായുവും തണുക്കുന്നു .അതാണ്‌ പിന്നീട് ബലൂണ്‍ ചുരുങ്ങാന്‍ കാരണം എന്ന് മനസ്സിലായില്ലേ ?


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ