2017, ജൂലൈ 24, തിങ്കളാഴ്‌ച

പരീക്ഷണം 56 ഉറപ്പിച്ച കപ്പി യാന്ത്രിക ലാഭം ഉണ്ടാക്കുന്നുണ്ടോ




പരീക്ഷണം 56

ഉറപ്പിച്ച കപ്പി യാന്ത്രിക ലാഭം ഉണ്ടാക്കുന്നുണ്ടോ

ആവശ്യമുള്ള സാധനങ്ങള്‍

ഒരു കപ്പി ,അത് തൂക്കിയിടാന്‍ ഉള്ള സ്ടാന്റ്റ് ,സ്പ്രിംഗ് ത്രാസ് ,തൂക്കക്കട്ടികള്‍,ചരട് 

ചെയ്യുന്ന വിധം

കാപ്പിയെ സ്ടാന്റില്‍ തൂക്കിയിടുക .കപ്പിയിലൂടെ ചരട് കയറ്റുക .ചരടിന്റെ ഒരു അറ്റത്ത് തൂക്കക്കട്ടി പിടിപ്പിക്കുക .മറ്റേ അറ്റത്ത് കൈകൊണ്ട് വലിച്ചു നോക്കൂ .ഉയര്‍ത്താന്‍ പറ്റുന്നില്ലേ ?ഇനി കൈ കൊണ്ട് പിടിച്ച ചരടിന്റെ അറ്റത്ത് സ്പ്രിംഗ് ത്രാസ് കൊളുത്തിയിടൂ ..ഇനി സ്പ്രിംഗ് ത്രാസ്സിന്റെ ലിവര്‍ വലിച്ചു നോക്കൂ .സ്പ്രിംഗ് ത്രാസ്സിന്റെ സൂചി എവിടെയാണ് കാണിക്കുന്നത് നോക്കൂ .അപ്പുറത്ത് വെച്ച തൂക്കക്കട്ടിയുടെ അതേ തൂക്കമല്ലേ ?കട്ടികള്‍ മാറി മാറി പരീക്ഷണം ആവര്‍ത്തിക്കൂ

ശാസ്ത്ര തത്വം

കപ്പി ഒരു ലഘുയന്ത്രമാണ് .യാന്ത്രികലാഭം
 1  ആണ് .അതായത് രോധത്തിനു തുല്യമായ ബലം പ്രയോഗിക്കേണ്ടി വരുന്നു കപ്പി പ്രവൃത്തി ലാഭിക്കുന്നില്ല .പക്ഷെ പ്രവൃത്തി സൌകര്യപ്രദമായ രീതിയില്‍ ആകുന്നു എന്ന് മാത്രം

പരീക്ഷണം 57

ചരിവുതലം യാന്ത്രികലാഭം തരുന്നുണ്ടോ ?

ആവശ്യമുള്ള സാധനങ്ങള്‍
ഒരു സ്പ്രിഗ് ത്രാസ് ,തൂക്കക്കട്ടികള്‍ ,ഒരു പലക

ചെയ്യുന്ന വിധം

പലകയെ മേശയില്‍ ചരിച്ചു വക്കൂ .ഇനി തൂക്കകട്ടിയെ സ്പ്രിംഗ് ത്രാസ്സിന്റെ കൊളുത്തില്‍ പിടിപ്പിക്കൂ .പലകയുടെ മുകള്‍ ഭാഗത്ത് നിന്നും സ്പ്രിംഗ് ത്രാസ് പിടിച്ചു തൂക്കക്കട്ടിയെ പലകയിലൂടെ മുകളിലേക്ക് വലിച്ചു കയറ്റാന്‍ ശ്രമിക്കൂ .സ്പ്രിംഗ് ത്രാസ്സിന്റെ സൂചി കാണിക്കുന്ന അളവ് ശ്രദ്ധിക്കൂ .കട്ടിയുടെ ഭാരത്തെക്കാള്‍ കുറവ് അല്ലെ ?ഭാരം മാറ്റി പരിശോധിക്കൂ

ശാസ്ത്ര തത്വം
ചരിവ് തലം ഒരു ലഘു യന്ത്രമാണ് .ചരിവ് കൂടുംതോറും പ്രവൃത്തി കൂടുതല്‍ എളുപ്പമാകും.അതായത് യത്നഭുജത്തിന്റെ നീളം കൂടുമ്പോള്‍ യാന്ത്രിക ലാഭവും കൂടുന്നു

പരീക്ഷണം
57
 
മെഴുകു തിരി സീസോ നിര്‍മിക്കാം

ആവശ്യമുള്ള സാധനങ്ങള്‍

രണ്ടു പേപ്പര്‍ കപ്പുകള്‍ ,സേഫ്റ്റി പിന്‍ ,സൂചി ,മെഴുകുതിരി ,തീപ്പെട്ടി

ചെയ്യുന്ന വിധം

പേപ്പര്‍ കപ്പുകളുടെ വശത്ത് സേഫ്റ്റി പിന്‍ ദ്വാരം വരുന്ന ഭാഗം ഉയര്‍ന്നുനില്‍ക്കുന്ന വിധത്തില്‍ ടാപ്പ് ഉപയോഗിച്ചു ഒട്ടിക്കൂ .ഇനി മെഴുകുതിരിയുടെ രണ്ടു അഗ്രങ്ങളിലും നൂല്‍ കത്താന്‍ പാകത്തില്‍ ആക്കൂ.തിരിയുടെ നീളം നോക്കി അതിന്റെ മധ്യഭാഗം വരുന്ന വിധം സൂചി ഇരു വശത്തേക്കും തള്ളി നില്‍ക്കുന്ന വിധത്തില്‍ തുളച്ചു എടുക്കാം .പേപ്പര്‍ കപ്പുകളെ അല്പം അകലത്തില്‍ വച്ച ശേഷം സൂചിയുടെ അറ്റങ്ങളെ സേഫ്റ്റി പിന്നിന്റെ ദ്വാരങ്ങളില്‍ കയറ്റി വക്കൂ.സീസോ റെഡി .ഇനി തിരിയുടെ രണ്ടു ആഗ്രവും തീപ്പെട്ടി ഉപയോഗിച്ചു കത്തിക്കൂ .മെഴുകു തിരി ഒരു സീസോ പോലെ അങ്ങോട്ടും ഇങ്ങോട്ടും ആടാന്‍ തുടങ്ങിയില്ലേ ?

ശാസ്ത്ര തത്വം

സീസൊ ഒരു ഒന്നാം വര്‍ഗ ഉത്തോലകം ആണ് .സൂചി കയറ്റിയ ഭാഗം ധാരം ആയും ഒരു അറ്റത്തെ മെഴുകു ഉരുകി വീഴുന്നത് യത്നം ആയും മാറുന്നു .അപ്പുറത്തെ അറ്റം രോധമായി എടുക്കാം .ഈ ഭാഗം ഉയരുന്നു .അപ്പോളേക്കും ആ ഭാഗത്തെ മെഴുകു ഉരുകി താഴെ വീഴുന്നു .അപ്പോള്‍ ഇപ്പുറം പൊന്തുന്നു .ഈ പ്രവര്‍ത്തനം തുടരുന്നു

പരീക്ഷണം
58

സ്ട്രോ കൊണ്ട് ഒരു പീപ്പിയുണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍

സ്ട്രോ ,കത്രിക

ചെയ്യുന്ന വിധം
സ്ട്രോ പകുതിയായി മുറിക്കുക .ഒരു അറ്റം കത്രിക ഉപയോഗിച്ചു  കോണ്‍ ആകൃതിയില്‍ വെട്ടുക .ഈ ഭാഗത്തെ കൈ കൊണ്ട് ഒന്ന് അമര്‍ത്തുക .ഇനി വായില്‍ വച്ചു ഊതി നോക്കൂ ..പീപ്പിയുടെ ശബ്ദം വരുന്നില്ലേ?..ഇനി പല നീളത്തില്‍ ഉള്ള സ്ട്രോ കഷണങ്ങള്‍ എടുത്തു പീപ്പിയാക്കൂ.ശബ്ദത്തിനു വ്യത്യാസം വരുന്നില്ലേ ?

ശാസ്ത്ര തത്വം
സ്ട്രോയുടെ സുഷിരത്തിലൂടെ  കടന്നു പോകുന്ന വായു കമ്പനം ചെയ്യുമ്പോള്‍ ആണ് ഇവിടെ ശബ്ദം ഉണ്ടാകുന്നത് .വലിപ്പം വ്യത്യാസം വരുമ്പോള്‍ വായുയൂപത്തിന്റെ അളവിലും വ്യത്യാസം വരുന്നത് കൊണ്ടാണ് ശബ്ദ വ്യതിയാനം വരുന്നത്
 

പരീക്ഷണം
59

ചൂടായാല്‍ വായിനു എന്ത് സംഭവിക്കും ?

ആവശ്യമുള്ള സാധനങ്ങള്‍

തകരം കൊണ്ടുള്ള ഒരു പൌഡര്‍ ടിന്‍ മെഴുകുതിരി ,ചന്ദനത്തിരി
പൌഡര്‍ ടിന്നിനെ വായ്‌ ഭാഗം മുറിച്ചു കളയുക . അടിഭാഗത്തും വശത്ത് ഏതാണ്ട് മധ്യഭാഗത്തായും ഓരോ ദ്വാരങ്ങള്‍ ഇടുക .മെഴുകുതിരി മേശപ്പുറത്ത് കത്തിച്ചു വക്കുക .പൌഡര്‍ ടിന്‍ വായ്‌ ഭാഗം അടിയില്‍ വരത്തക്ക വിധം മെഴുകു തിരിയുടെ മുകളിലേക്ക് ഇറക്കി വക്കുക .ഇപ്പോള്‍ തിരി ടിന്നിന്റെ ഉള്ളില്‍ ഇരുന്നു കത്തുന്നില്ലേ ?ഇനി ചന്ദനത്തിരി കത്തിച്ചു വശത്തുള്ള ദ്വാരത്തിനു സമീപം കൊണ്ട് വരൂ .എന്ത് സംഭവിക്കുന്നു .ചന്ദനത്തിരിയുടെ പുക ടിന്നിന് അകത്തേക്ക് കടന്നു  മുകളില്‍ ഉള്ള ദ്വാരത്തിലൂടെ പുറത്ത് വരുന്നതായി കാണാം

ശാസ്ത്ര തത്വം
ചൂടാകുമ്പോള്‍ ടിന്നിന് ഉള്ളിലെ വായു വികസിക്കുന്നു .സാന്ദ്രത കുറഞ്ഞു മുകളിലേക്ക് ഉയരുന്നു .ടിന്നിന് ഉള്ളിലെ വായു മര്‍ദ്ദം കുറയുന്നു .ഈ ഭാഗത്തേക്ക് പുറത്ത് നിന്നുള്ള മര്‍ദ്ദം കൂടിയ വായു പ്രവേശിക്കുന്നു .ഇതിനൊപ്പം ചന്ദനത്തിരിയുടെ പുകയും ഉള്ളിലേക്ക് കടക്കുന്നു .വാതകങ്ങളില്‍ താപം സഞ്ചരിക്കുന്ന രീതിയാണ് സംവഹനം


പരീക്ഷണം
60

സ്റ്റീല്‍ ആണിയില്‍ ചെമ്പു പൂശി എടുക്കാം

ആവശ്യമുള്ള സാധനങ്ങള്‍ .
പുതിയ സ്റ്റീല്‍ ആണി,ചെമ്പു തകിട് ,തുരിശു ലായനി ,ടോര്‍ച്ച് സെല്‍ ,ചെമ്പു കമ്പികള്‍ ,ഗ്ലാസ് ബീക്കര്‍

ചെയ്യുന്ന വിധം  ഗ്ലാസ് ബീക്കറില്‍ തുരിശു ലായനി എടുക്കുക. ചെമ്പ് തകിടിലും ,സ്റ്റീല്‍ ആണിയിലും ചെമ്പു കമ്പികള്‍ പിടിപ്പിക്കുക .ടോര്‍ച്ച് സെല്ലുമായി ചെമ്പു കമ്പികളുടെ അഗ്രങ്ങള്‍ ബന്ധിപ്പിക്കുക .ചെമ്പു തകിട് സെല്ലിന്റെ പോസിറ്റിവ് ഭാഗവുമായും സ്റ്റീല്‍ ആണി നെഗറ്റിവ് ഭാഗവുമായും ഘടിപ്പിക്കണം .



  കുറച്ചു നേരം വച്ചിരുന്നാല്‍ സ്റ്റീല്‍ ആണിയുടെ പുറം ഭാഗം മുഴുവന്‍ ചെമ്പു വന്നടിഞ്ഞു നിറം മാറിയതായി കാണാന്‍ കഴിയും

ശാസ്ത്ര  തത്വം

ഇവിടെ ചെമ്പ് തകിട് ആനോഡ് ആയി പ്രവര്‍ത്തിക്കുന്നു .സ്റ്റീല്‍ ആണി
കാഥോട് ആയി പ്രവര്‍ത്തിക്കുന്നു .വൈദ്യുതി കടന്നു പോകുമ്പോള്‍ ആനോഡില്‍ നിന്നുള്ള കോപ്പര്‍ രണ്ടു ഇലട്രോണുകളെ നഷ്ടപ്പെടുത്തി കോപ്പര്‍ അയോണുകള്‍ ആയി മാറുന്നു .ഇവ കാഥോടില്‍ നിന്നും ഇലക്ട്രോണുകളെ സ്വീകരിച്ചു കോപ്പര്‍ ആയി ആയി മാറി സ്റ്റീല്‍ ആണിയില്‍ അടിയുന്നു .ഇവിടെ കോപ്പര്‍ സള്‍ഫേറ്റ്(തുരിശ്)ലായനി ഇലക്ട്രോലൈറ്റ് ആയി പ്രവര്‍ത്തിക്കുന്നു

പരീക്ഷണം
61

കറങ്ങുന്ന ബലൂണ്‍

ആവശ്യമുള്ള സാധനങ്ങള്‍

ബലൂണ്‍ ,വളക്കാവുന്ന സ്ട്രോ ,നൂല്‍

ചെയ്യുന്ന വിധം
സ്ട്രോയുടെ വളഞ്ഞ ഭാഗം  വരത്തക്കവിധം ചെറിയ കഷണം സ്ട്രോ വെട്ടി എടുക്കുക
ബലൂണിന്റെ വായ്‌ ഭാഗത്ത് സ്ട്രോ  വളഞ്ഞ ഭാഗം പുറത്തേക്ക് വരുന്ന വിധം  കയറ്റി നൂല്‍ ഉപയോഗിച്ചു കെട്ടുക .ഇനി സ്ട്രോയിലൂടെ ഊതി ബലൂണിനെ വീര്‍പ്പിക്കുക .സ്ട്രോയുടെ വായ്‌ ഭാഗം അടച്ചു പിടിച്ചു ബലൂണിനെ നിലത്തു വച്ചു നോക്കൂ .കറ്റൊഴിയുന്നതിന് അനുസരിച്ചു ബലൂണ്‍  കിടന്നു കറങ്ങുന്നത് കാണാം
ശാസ്ത്ര തത്വം
ബലൂണില്‍ നിന്നും വളഞ്ഞ സ്ട്രോ വഴിക്കാണ് കാറ്റ് പുറത്തേക്ക് പോകുന്നത് .ഇതിനു വിപരീത ദിശയില്‍ നടക്കുന്ന പ്രതി പ്രവര്‍ത്തനം കൊണ്ടാണ് ബലൂണ്‍ കറങ്ങുന്നത് .


1 അഭിപ്രായം:

  1. കപ്പികൾ ഉപയോഗിച്ച് നേടുന്ന യാന്ത്രി ലാഭം കണ്ടു പിടിക്കുന്നതിനുള്ള സൂത്രവാക്യം എന്താണ്?

    മറുപടിഇല്ലാതാക്കൂ