2017, ജൂലൈ 30, ഞായറാഴ്‌ച

പരീക്ഷണം 70 വെള്ളത്തെ വൈദ്യുത വിശ്ലേഷണം ചെയ്യാം

പരീക്ഷണം 70

വെള്ളത്തെ വൈദ്യുത വിശ്ലേഷണം ചെയ്യാം

ആവശ്യമുള്ള സാധനങ്ങള്‍
ഒരു പ്ലാസ്റിക് ടംബ്ലര്‍,,ഡ്രൈ സെല്ലിന്റെ ഉള്ളിലെ കാര്‍ബണ്‍ ദണ്ഡ് രണ്ടെണ്ണം ,ചെമ്പുകമ്പി , രണ്ടു ടെസ്റ്റ്‌ ട്യൂബുകള്‍ ,തീപ്പെട്ടി ,അല്പം നാരങ്ങ നീര് ,ഡ്രൈ സെല്‍


ചെയ്യുന്ന വിധം

പ്ലാസ്റിക് ടംബ്ലറിന്റെ  അടിഭാഗത്ത് രണ്ടു തുളകള്‍ ഇടുക .ഇതിലൂടെ കാര്‍ബണ്‍ ദണ്ഡ് ടംബ്ലറിന്റെ ഉള്‍ഭാഗത്ത്‌ കുത്തനെ വരത്തക്ക വിധം കയറ്റി വച്ചു ചോര്‍ച്ച ഇല്ലാത്ത വിധം ദ്വാരങ്ങളുടെ വശത്ത് പശയിട്ടു ഉറപ്പിക്കുക .ഇനി പാത്രത്തില്‍ വെള്ളം നിറക്കുക .വെള്ളത്തിലേക്ക് അല്പം നാരങ്ങ നീര് ചേര്‍ക്കുക  രണ്ട് ടെസ്റ്റ് ട്യൂബുകളിലും നിറയേ വെള്ളം നിറച്ച് തള്ളവിരല്‍ കൊണ്ടമര്‍ത്തി തലകീഴായി പാത്രത്തിലെ  വെള്ളത്തില്‍ കാര്‍ബ്ബണ്‍ ദണ്ഡുകള്‍ക്ക് മുകളില്‍ ക്രമീകരിക്കുക . കാര്‍ബ്ബണ്‍ ദണ്ഡില്‍ ചെമ്പു കമ്പികള്‍ ഘടിപ്പിക്കുക .വൈദ്യുതവിശ്ലേഷണത്തിനുള്ള ഉപകരണം  തയ്യാറായി. ഇനി കാര്‍ബ്ബണ്‍ ദണ്ഡില്‍ ഘടിപ്പിച്ച  കമ്പികളുടെ   അഗ്രങ്ങള്‍ ഡ്രൈ സെല്ലുമായി  ഘടിപ്പിക്കുക.   കുമിളകള്‍ ഓരോ ടെസ്റ്റ് ട്യൂബുകളിലും നിറയാന്‍ തുടങ്ങുന്നതായി കാണാം . ഇനി ശ്രദ്ധിച്ചു ടെസ്റ്റ്‌ ട്യൂബുകള്‍ പുറത്തെടുത്ത് വായ്‌ ഭാഗത്ത് ഒരു കത്തിച്ച തീപ്പെട്ടി കൊള്ളി കാണിച്ചു നോക്കൂ .ഒരു ടെസ്റ്റ്‌ ട്യൂബില്‍ ഒരു പൊട്ടല്‍ ശബ്ദത്തോടെ കത്തുന്നതായും രണ്ടാമത്തേതില്‍ കൊള്ളി ശോഭയോടെ കത്തുന്നതായും കാണുന്നില്ലേ ?
ശാസ്ത്ര തത്വം
വൈദ്യുതവിശ്ലേഷണം നടക്കുമ്പോള്‍ വെള്ളം  ഹൈഡ്രജന്‍ ഓക്സിജന്‍ എന്നിവയായി പിരിയുന്നു . സെല്ലിന്റെ നെഗറ്റീവ് ധ്രുവത്തില്‍  ഘടിപ്പിച്ച ദണ്ഡില്‍ (കാഥോഡ്) നിന്നും ഹൈഡ്രജനും പോസിറ്റീവ് ധ്രുവത്തില്‍ ഘടിപ്പിച്ച ദണ്ഡില്‍ (ആനോഡ്) നിന്നും ഓക്സിജനുമാണ് ഉണ്ടാകുന്നതു്.വെള്ളത്തിന്റെ  ഒരു തന്മാത്രയില്‍  രണ്ടു ഹൈഡ്രജന്‍ ആറ്റങ്ങളും ഒരു ഓക്സിജന്‍ ആറ്റവും ആയതു കൊണ്ട്  ടെസ്റ്റ് ട്യൂബില്‍ നിറയുന്ന ഹൈഡ്രജന്റെ അളവ് ഓക്സിജനെക്കാള്‍ ഇരട്ടിയായിരിക്കും.ഹൈഡ്രജന്‍ സ്വയം കത്തുന്ന വാതകം ആയതു കൊണ്ടാണ് പൊട്ടല്‍ ശബ്ദം കേട്ടത് .ഓക്സിജന്‍ കത്താന്‍ സഹായിക്കുന്ന വാതകമായത് കൊണ്ടാണ് കൊള്ളി ശോഭയോടെ കത്തുന്നത്.വെള്ളം ഒരു നല്ല വൈദ്യുത ചാലകമല്ലാത്തതിനാലാണ് നാരങ്ങ നീര്ചേര്‍ക്കുന്നത് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ